രചന : S. വത്സലാജിനിൽ✍
ആ കുഞ്ഞിപ്രായത്തിൽ,
അമ്മയേം കൊണ്ട്
ഒറ്റയ്ക്ക്
ആസ്പത്രിയിലേയ്ക്ക് പോകുമ്പോൾ,ഇത്രേം വലിയൊരു ഉത്തരവാദിത്തം
അച്ഛൻമറ്റാർക്കും നൽകാതെതനിക്ക് മാത്രമായി നൽകിയതിൽ ഗമയുടെ ഒരല്പം ലേപനം പുരട്ടി ആശ്വസിച്ചു കൊണ്ടവൾപരിഭ്രമം ഒതുക്കിപിടിച്ചു, ആത്മവിശ്വാസത്തോടെയാണ്നടന്നത്.
അത് പിന്നേം വരും കാലത്തേയ്ക്കുള്ളൊരു തുടർയാത്രയുടെ
മുന്നോടി ആയിരുന്നു എന്ന് മാത്രം!
അച്ഛനന്ന്,ജോലിസംബന്ധമായിഒരിടംവരെഅത്യാവശ്യമായിപോകേണ്ടതുണ്ടായിരുന്നു.അതിനാലാണ്, കുട്ടിയായ അവളേംകൂട്ടി അയച്ചത് എന്നതാണ് നേര്.
അമ്മയ്ക്ക് അതിസാരം ആയിരുന്നു.!ആശുപത്രി വരെ
എങ്ങിനെ അവർ എത്തിപ്പെട്ടൂ -എന്നൊന്നും ഇപ്പോൾഓർത്തെടുക്കാൻ ആകുന്നില്ല!
അത്രത്തോളം അവശനിലയിലായ അമ്മയെ, അപ്പോൾ തന്നെഡോക്ടർ
ഇൻജെക്ഷനും, ട്രിപ്പും നൽകിഅഡ്മിറ്റ് ആക്കി.
ആകേ ഒറ്റപെട്ട്,കരകര ശബ്‌ദത്തിൽ കറങ്ങുന്ന ഫാനിന്റെ മുരൾച്ചയും കാതോർത്തു….
ബോധമില്ലാതെ, മയങ്ങുന്ന അമ്മേം നോക്കി…ഒരു നിശബ്ദചലച്ചിത്രത്തിലെന്ന പോലെ
ആ ഇരുമ്പ് കട്ടിലിന്റെ അങ്ങേയറ്റത്തെ കമ്പിയിൽ ചാരിവിശന്ന് കുഴഞ്ഞവൾ ഇരുന്നു.
ഇടയ്ക്ക് വാതിൽക്കലേക്ക് നീളുന്നതളർന്ന നോട്ടം :അച്ഛന്റെ വരവിനെ മാത്രം
സ്വാഗതം ചെയ്യാൻആർത്തിയോടെ കൊതിച്ചു.നിരാശപ്പെട്ടു.ഒടുവിൽ,
അങ്ങിനെയിരുന്നങ്ങുറങ്ങിപ്പോയി.
തൊട്ടടുത്തു ആരുടെയോ സാമിപ്യം തിരിച്ചറിഞ്ഞു കണ്ണ് മിഴിച്ചു നോക്കുമ്പോൾ
മുന്നിൽ, അമ്മൂമ്മ!ആരോ പറഞ്ഞറിഞ്ഞു വരേണ്ടി വന്നതിന്റെ മുഴുവൻ ഈർഷ്യയും
ആ മുഖത്തുണ്ട്.എങ്കിലും, ആശ്വാസത്തോടവൾഅമ്മയുടെ രോഗവിവരങ്ങൾ,
സങ്കടം ഒതുക്കി വേവലാതിയോടെ പറഞ്ഞുകൊണ്ടിരുന്നു.
ആ സമയം
അങ്ങോട്ട് വന്ന നേഴ്സ്അമ്മയ്ക്ക് കപ്പപ്പഴം വാങ്ങി കൊടുക്കാൻഅമ്മൂമ്മയോട് നിർദ്ദേശിച്ചു.വിശന്ന് കറങ്ങി ഇരുന്നവൾക്ക്,അത് കേട്ട് വല്ലാത്ത ഉന്മേഷം തോന്നി.
തീരേ ദുർബലമായവൾ മുഖത്തേയ്ക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വച്ച്
എ നിലവറയിലേയ്ക്ക് എന്ന വണ്ണംഅമ്മുമ്മേ നോക്കി.
അവരപ്പോൾനേര്യതിന്റെ കോന്തലയിൽ മുറുക്കിക്കെട്ടി ഇട്ടിരുന്ന പൈസ എടുക്കാൻ
ഒരു മുളേൽക്കയറ്റ മത്സരർഥിയെപ്പോലെ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു .
ആ ബദ്ധപ്പാട് കണ്ടപ്പോൾ ദുശാസനനെപ്പോലെ ഓടിച്ചെന്ന് നിഷ്പ്രയാസം അതഴിച്ചു കൊടുക്കാൻ അവൾക്ക് തോന്നിയതാണ്.
പക്ഷേ……….
ഒടുവിൽ ഒരുവിധം ആകേ അത്യാസന്നനിലയിൽ ആയൊരു നോട്ട് പിശുക്കി പിശുക്കി പുറത്തെടുത്തു കൊണ്ടവർ പറഞ്ഞു”റോഡിന് അപ്പുറത്തുള്ള മുറുക്കാൻ കടയിൽ പോയി രണ്ട് കപ്പപ്പഴം വാങ്ങി വാ.”
അതിലൊന്ന് തനിക്കാകും എന്ന് ഊഹിച്ചവൾ സന്തോഷപെട്ടു കൊണ്ടോടി.
പക്ഷേആ കടയിൽ കപ്പപ്പഴം ഇല്ലായിരുന്നു.!
പകരം വെള്ളകപ്പയാണ് അതിസാരത്തിന് നല്ലതെന്നുള്ളൊരു ആരോഗ്യക്ലാസ് എടുത്തു കൊണ്ട്കടക്കാരൻ രണ്ടെണ്ണം പൊതിഞ്ഞവളെ ഏല്പിച്ചു.
എന്നാൽ ആ പൊതി അഴിച്ചതും,
ഇതാണോ വാങ്ങാൻ പറഞ്ഞത്…?
എന്ന് ദേക്ഷ്യപെട്ട് മുറുമുറുത്തവർ അവളുടെ കവിളിനിട്ടൊരു കുത്തു കൊടുത്തു.
നന്നായി വേദനിച്ചെങ്കിലും,തന്റെ നോട്ടം മുഴുവനും ആ” പൊതിയിൽ” സഹിച്ചു വച്ചു ക്ഷമയോടെ നിന്നു.ഇടയ്ക്ക് അങ്ങോട്ട് വന്ന ഡോക്ടറോട്,
വെള്ളക്കപ്പ കൊടുക്കാമോ ന്ന് തിരക്കിയെങ്കിലും”കൊടുക്കണ്ട!”എന്ന ഉത്തരം അവളെ കുറച്ചൂടി ഒന്ന് സംതൃപ്തയാക്കി.എന്നിട്ടുംഅമ്മൂമ്മ പൊതി തുറക്കുകയോ..,
അതിൽ നിന്നുംസ്നേഹത്തോടെ ഒരെണ്ണം വച്ചു നീട്ടുകയോ ചെയ്തില്ല.
പകരം അതെടുത്തു മുണ്ടിൽ ബെൽറ്റ് ബോംബ് പോലെ ഭദ്രമായി കെട്ടിവച്ചു.
പിന്നെ അവളോടായി
മെഡിക്കൽ എക്സാമിനേഷൻ ജയിച്ച മികവോടെ പറഞ്ഞു.”ഇനി കുഴപ്പം ഒന്നുമില്ല!
കുറച്ച് കഴിഞ്ഞ് ഉണർന്നോളും!ഞാൻ പോട്ടേ!!”മറുപടിക്ക് കാത്തു നിൽക്കാതെ
ആ പൊതിയുമായവർ നടന്നു പോയി.കുത്ത് കൊണ്ട കവിൾ,
അപ്പോൾഉള്ളിലെ വിശപ്പിനെക്കാളേറെ പുകഞ്ഞു നീറ്റലെടുക്കാൻ തുടങ്ങി
വീണ്ടുംപഴേപടിഅമ്മയുടെ കാൽചുവട്ടിൽ പോയി തളർന്നിരുന്നു, തേങ്ങിപ്പോയി.
ആ ക്ഷണം, അതാ,വാതിൽ കടന്ന് തങ്ങളേം തിരഞ്ഞു, ധൃതിയോടെ അച്ഛൻ നടന്നു വരുന്നു.
എന്റെ അച്ഛൻ!
എന്നെ വഴക്ക് പറഞ്ഞോട്ടെ,അടിച്ചോട്ടെ, ശകാരിച്ചോട്ടെ..ആ,ഒരു അഭയത്തിലേക്കവൾ പിടഞ്ഞോടുകയായിരുന്നു.ആ കൈയേൽ പിടിച്ചു എങ്ങലടിച്ചു കരഞ്ഞു.
കാര്യം അറിയാതെ അച്ഛൻ അന്ധാളിച്ചു പോയി”മോള് കരയണ്ട!
അമ്മയ്ക്ക് കുഴപ്പം ഒന്നുമില്ല!
അച്ഛൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
അല്ല…അതല്ല!
തൊണ്ടയിൽ കുടുങ്ങിപ്പോയ വാക്കുകൾ വളരെ പ്രയാസപ്പെട്ടവൾ പുറത്തെടുത്തു
നടന്നത്, മുഴുവനും അച്ഛനോട് വിവരിച്ചു.ഒക്കെ കേട്ടതും കോപക്കാരനായ അച്ഛൻ
അമ്മൂമ്മയെ ഒരു മുട്ടൻ തെറി വിളിച്ചു.പിന്നെ അവളേം വിളിച്ചു അതേ കടയിലേക്ക് കൊണ്ടു പോയി.
ആവശ്യമുള്ളത്രേം പഴം വാങ്ങിക്കൊടുത്തു.
പക്ഷേ….. മനസ്സ് മാത്രംഎന്നിട്ടും നിറഞ്ഞില്ല!!അത്,അമ്മൂമ്മയുടെ കൈയിലെ പൊതിക്കകത്തു അസ്വസ്ഥതയോടെ നിശബ്‌ദം തേങ്ങിക്കൊണ്ടിരുന്നു!
“ഇന്നിനി ഡിസ്ചാർജ് ചെയ്യില്ല!
മോള് ഒരു അറ്റത്തൂടെഅമ്മയുടെ വീട്ടിലേക്കു പൊയ്ക്കോളൂ “
അച്ഛന്റെ വാക്ക് കേട്ട്മനസ്സില്ലാമനസ്സോടെയാണ് അതിനടുത്തുള്ള അമ്മ വീട്ടിലേയ്ക്ക് നടന്നത് .സന്ധ്യക്ക്,എല്ലാരും പാഠം വായിച്ചു ഉമ്മറത്തിരുന്നു.
എങ്കിലും ആ പഴം അമ്മൂമ്മ എന്തു ചെയ്തു എന്നോർത്തവൾ ആശങ്കപ്പെട്ടു.
പെട്ടെന്ന് കറന്റ് പോയി.
ആകേ ഇരുട്ടായി.മങ്ങിയ ചിമ്മിനി വെട്ടത്തിൽആ രണ്ട് പഴങ്ങൾ എടുത്ത് ഏറെ വാത്സല്യത്തോടെ കുഞ്ഞമ്മയുടെ മക്കൾക്കായി അമ്മൂമ്മ വീതിച്ചു നൽകി!!!
ഹോ “
ഒരു ഉൾക്കിടിലെത്തോടെഅവൾ അത് കണ്ടു!!!
അപ്രതീക്ഷിതമായിആ പിഞ്ചുമനസ്സപ്പോൾ വേർതിരിവിന്റെ ഈർച്ച വാളിനാൽ രണ്ടായി മുറിഞ്ഞു.ഒരു പക്ഷേസ്വാർത്ഥതയുടെ ഏറ്റവും നികൃഷ്ടമായൊരു പാഠം
ആ കുട്ടി പഠിച്ചത് :
അന്നാകും!!അത്താഴം പോലും കഴിക്കാതവൾപോയി കിടന്നു.
പക്ഷേ
എത്ര വേഗതയിൽ നാം വളർന്നാലും ഒരിക്കലും വിസ്മരിക്കാൻ ആകാത്ത
ചില മുറിവേല്ക്കലുകൾമനസ്സിന്റെ ഉള്ളറയിൽ കട്ട പിടിച്ചങ്ങിനെ
തിണർത്ത് കിടന്നേക്കും.അതിനുമപ്പുറം
നോവുന്ന നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായിചിലപ്പോ
അതിങ്ങിനെ മുനിഞ്ഞു കത്തിപ്രതിഫലിച്ചു കൊണ്ടിരിക്കും…..