രചന : ജോയ് നെടിയാലിമോളേൽ✍

എവിടെയെൻ ചങ്ങാതി നീ-
മടക്കയാത്രയ്ക്കു നേരമായ്.
എത്രനാളായ്കാത്തിരിന്നു-
പുറപ്പെടാനേറെ മോഹമായ് !
നിൻകൂടെ യാത്ര പോരുമെപ്പോഴും-
ത്രസിച്ചിടുന്നെൻ ദേഹമാദ്യ-
സ്പർശന മേറ്റിടുന്നപോൽ !
തിരക്കു മുറ്റിയ ബസ്സിനുള്ളിൽ-
പിടക്കോഴിപോൽ പ്പരിരക്ഷനൽകി.
കൈപിടിച്ചു കൂട്ടി കൂടെ–
താണ്ടിടാറുണ്ട്ഫ്ലാറ്റ്ഫോമിലും,
എയർ പോർട്ടിലും !
നിന്നെ ഗമിക്കുമഭിമാനമായ്-
പത്രാസ്സിലെന്നുമാ നാളുകൾ.
ബെർത്തിനടിയിൽവിരിച്ചപേപ്പറിൽ,
എയർ ക്യാബിനുള്ളിലെ ക്യാരീയറിൽ-
ഭദ്രമായ്നീയൊതുക്കുമെന്ന-
പെട്ടിടാതന്യ കരങ്ങളിൽ.
ഇടയ്ക്കിടെ നിൻ ദൃഷ്ടികൾ-
അയക്കുമെന്നുടെ മേനിയിൽ.
നിർധൂളിയാക്കിനീയെന്നെ,നി-
ന്നരികിലേക്കണച്ചിടുമ്പോൾ-
അകക്കാമ്പിലേറുമാ കോൾമയിർ-
പരിപൂരിതത്തോടെന്മനം-
ചാഞ്ചാടുമൊരു മാൻപേടപോൽ !
പുത്രകളത്രാദികൾക്കത്രവേണ്ടി-
ഏകനായ്നീയേറുമേറെ വ്യഥകൾ-
കണ്ടുമനമുരുകാറുണ്ടു ഞാൻ !
വിഘ്നമേറുമാ വീഥിയിൽ –
തോളിലേറ്റിടാറുണ്ടെന്നെനി-
ന്നരുമയാംപ്പൈതലെന്നപോൽ !
മടങ്ങിടാൻ ഒരുങ്ങിടുന്ന നേരം-
നിനച്ചിടാത്തൊരു മാത്രയിൽ-
വന്നു കോവിഡ്ധരിത്രിയിൽ.
ഇടയ്ക്കിടെ വന്നെത്തി നോക്കുകിൽ-
നിനച്ചിടും നേരമായ്മടങ്ങിടാൻ!
സുമുഖനായ്സ്വര സാന്ദ്രമായ്-
ചൊന്നുവെന്നുടെ ചാരെ നീ,
മടങ്ങിടാം നമുക്കുടനടി–
കോവിഡൊന്നു ശമിക്കുകിൽ.
മടങ്ങുമാ വഴി യാത്രയിൽ-
തേടിയെന്നുടയോനെ ഞാൻ !
മുദ്രവെച്ചൊരു പെട്ടിയെന്നെ-
യേറ്റുവാങ്ങി കളത്രമോടതി–
വ്യസനമോടെ,
ഭഗ്ന മാനസയായവർ-
വിലപിച്ചു കേണാരാഞ്ഞു വെന്നൊടു-
കൂട്ടിയില്ലേയെൻ നാഥനെ,നീ
‘മടക്കയാത്രയിൽ’
****

By ivayana