രചന : വാസുദേവൻ. കെ. വി✍
ഞായർ പുലരിയിൽ മൂത്തവളെ പാട്ടു ക്‌ളാസിൽ കൊണ്ടാക്കി മടങ്ങുമ്പോൾ ഇത്തിരി മോഹം. ഞായർ ശപ്പിടൽ ഫാസിസ്റ്റു വിരുദ്ധമാക്കാൻ. റീൽസ് ഉലകം പോലെ കൊഴുത്ത തുട കാഴ്ചകൾ ഇറച്ചിക്കടയിൽ തൂക്കിയിട്ടിരിക്കുന്നു. കുട്ടൻബീഫ് വെട്ടിനുറുക്കി വെച്ചിരിക്കുന്നു പോക്സോമനമുണർന്നു. കൊച്ചിനേയൊന്നു ചവച്ചരയ്ക്കാൻ.
രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പരത്തി സ്കാനിങ് സെന്ററുകൾ നൽകുന്ന ഗർഭസ്ഥ ലിംഗനിർണയം വരുത്തുന്ന പെൺകുഞ്ഞ് ഹത്യകൾ നമ്മൾ ഇരുകാലികൾക്കെങ്കിൽ ആൺഹത്യ നാൽക്കാലികൾക്ക്. യന്ത്രവൽക്കരണതോടെ കളകൾ ബാധ്യതയാവുന്നു നമുക്ക്. മുലകുടി മാറും മുമ്പേ പിടിച്ചു വിൽക്കപ്പെടുന്ന മൂരികുട്ടന്മാർ. പാൽ ചുരത്തിക്കാൻ തുണി കുത്തി നിറച്ച പശുക്കുട്ടിപ്പാവാ. അത് കൊണ്ട് അകിടിൽ ഇടിച്ച് മാതൃസ്നേഹം ഉണർത്തി തള്ളയെ കബലിപ്പിക്കുന്ന ക്രൂര ക്ഷീരകർഷകർ. കുട്ടിയിൽ ഇറച്ചി മുഴുത്തു വരുന്നതോടെ കഴുത്തറുക്കപ്പെടുന്ന ജന്മങ്ങൾ.
നടക്കാൻ തുനിയാതെ വാഹനങ്ങളെയും, കയറാൻ തുനിയാതെ ലിഫ്റ്റുകളെയും ആശ്രയിക്കുന്ന നാളുകളിൽ കടുത്തത് വിഴുങ്ങിയാൽ ടോയ്ലറ്റ് യുദ്ധഭൂമി. കൂട്ടനെയെങ്കിൽ നാളെ പ്രഭാതയുദ്ധം ഒഴിവാക്കാം.
കുട്ടനിറച്ചി വാങ്ങി മടങ്ങിയെത്തിയപ്പോൾ ചിന്നവൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കേൾക്കുന്നപോലെ കവിതാലാപനരതി കിടക്കയിൽ കിടന്ന്കൊണ്ട്. അച്ചൻ നൽകിയ കവിതാ ക്ലിപ്പ് വെറുതെയായില്ലെന്ന് സാരം .
“….കരിക്കും വെള്ളക്കയും പെയ്തൊഴിഞ്ഞ തെങ്ങിൽ
കരിംചെല്ലി കാവലേൽക്കും
പാതിരാവത്ത്…. “
മുടിയെട്ടും ചേർത്തുകെട്ടി, വിരൽ നൂറാൽ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ
തിരിഞ്ഞങ്ങനെ കിടക്കുന്നോളെ കവി കുരീപ്പുഴ വർണ്ണിച്ചത് കടവൂരും, പ്രാക്കുളവും, പെരുമണുമൊക്കെ മൂത്തവൾക്ക് വിശദീകരിക്കുമ്പോൾ ചെവി കൂർപ്പിച്ചു കേട്ട ചിന്നവൾ. ഫോണിൽ ഇടയ്ക്കിടക്ക് കേട്ടിരിക്കാൻ സാധ്യത.
വീണ്ടുമൊന്നു കിടന്നപ്പോൾ മനസ്സിൽ പണ്ട് കണ്ട അഷ്ടമുടിക്കായൽ തിരതല്ലി. ഒപ്പം “പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നൊളേ..” കുറിച്ച കവി ഓ എൻ വി യുടെ സാക്ഷ്യവും.
.. “അഷ്ടമുടിക്കായലിന്റെ തീരത്തെ ഒരു കുഗ്രാമത്തിലാണ് എന്റെ വീട്. ശ്രീനാരായണ കോളേജിൽ പഠിക്കുമ്പോൾ ബോട്ടിലാണ് കൊല്ലത്തിലേക്കുള്ള യാത്ര. നാലണയാണ് ബോട്ട് കൂലി. വിദ്യാർത്ഥികൾക്ക് പകുതി മതി. വിദ്യാർത്ഥികളിൽ ചിലർ ബോട്ടിലിരുന്ന് ചീട്ടു കളിക്കുന്നുണ്ടാവും. ചിലർ പെൺകുട്ടികളുടെ സൗന്ദര്യത്തെയും, പ്രേമബന്ധങ്ങളെയും പറയുന്നുണ്ടാകും. അവരിൽ നിന്നൊക്കെ തെല്ലോന്നകന്നിരുന്ന് പലകുറി കണ്ടു പരിചിതമെങ്കിലും പിന്നെയും കാണാൻ തോന്നുന്ന തീരത്തെ തെങ്ങും കമുകും പൂവരസും പൂവാകയുമൊക്കെ കാറ്റിലുലഞ്ഞു നിൽക്കുന്ന കാഴ്ചകൾ. കയർപിരി റേറ്റിന്റെ പരുഷനാദവും, തൊണ്ടു ചീയുന്ന ദുർഗന്ധവും, തോണികളിലെ മത്സ്യ ഗന്ധവുമെല്ലാം സമഭാവനയോടെ സഹിച്ചുകൊള്ളാൻ കാറ്റ് നന്നായി പരിശീലിപ്പിച്ചുകൊണ്ടിരുന്നു. ആരോ ഉയർത്തി പ്പിടിച്ച അമ്പിളിക്കല പോലെ ആകാശ ചെരുവിൽ അമ്പിളിക്കല.കാലത്താണെങ്കിൽ നീളത്താളിൽ പതിച്ച ഒട്ടുപടം പോലെ വിളറിയിരിക്കും. സന്ധ്യക്ക് തിളക്കത്തോടെ. അമ്പിളിക്കല ഒരു പൗർണ്ണമിയുടെ വാഗ്ദാനമാണ്. അതൊരു കറുത്ത പക്ഷത്തിന്റെ വരവറിയിക്കലും. “
ഏതാണ്ട് ഇങ്ങനെ തുടങ്ങുന്നു “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന പുസ്തകത്തിലെ ഓ എൻ വി യുടെ മുഖവുര.
കായലിനും കടലിനുമൊക്കെ കവികളെ സൃഷ്ടിച്ചേട്ടുക്കാനാവുമെന്നതിന്റെ മകുടോദാഹരണം കവികളുടെ അനുഭവസാക്ഷ്യങ്ങൾ. തിരുന്നെല്ലൂർ കരുണക്കാരന്റെ കവിതകളിലും അഷ്ടമുടിച്ചാരുത കാണാം.
ഇനിയൊന്നു കേട്ടാസ്വദിക്കട്ടെ എന്റെ ഇഷ്ട മുടിക്കായലിനെ. എന്റെ തുഴത്തണ്ടിൽ താളമിട്ടു തുടിക്കുന്നോളേ.