രചന : ഷൈലകുമാരി✍
കേരളംദൈവത്തിൻ സ്വന്തംനാട്
പണ്ടിതുകേട്ട് വളർന്നുനമ്മൾ
കേരളം ഭ്രാന്താലയമെന്നുകേട്ടു
ജീവിതയാത്രയിൽ പിന്നീടെന്നോ?
ഇന്നോ? നായകൾതന്നുടെ ജന്മനാടായ്
മാറിപ്പോയ് സുന്ദരമെന്റെ നാട്!
കവലകൾതോറും വിലസിടുന്നു
രക്തംനുണഞ്ഞു രസിച്ചിടുന്നു
ജീവനെടുത്തു കളിച്ചിടുന്നു;
ആബാലവൃദ്ധം ജനങ്ങളുമീ
ദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്
ചോരയൊലിച്ച് നടന്നിടുന്നു;
കൊല്ലുവാനാവില്ല തല്ലുവാനും
മൃഗസ്നേഹികൾ മുറവിളികൂട്ടിടും
കേസുകൊടുക്കുമുപദ്രവിക്കും
ജീവിതം ജയിലഴിക്കുള്ളിലാകും;
ആന, കടുവയും, കാട്ടുപോത്തും
സ്വര്യവിഹാരം നടത്തിടുന്നു
മനുഷ്യനുമാത്രം വിലയിടിഞ്ഞു
മർത്ത്യജീവിതം കാക്കുവാനാരുമില്ല
അവന്റെ വേദനകാണുവാനാളുമില്ല;
പേവിഷവാക്സിനോ ഫലിക്കുന്നില്ല
പേപിടിച്ചിന്നൂ മരിപ്പൂമർത്ത്യൻ
ഭ്രാന്താലയമെന്ന പേരിനിപ്പോൾ
യോഗ്യയായ്ത്തീർന്നല്ലോകേരളമേ
ഹാ കഷ്ടം! അല്ലാതെയെന്തുചൊല്ലാൻ.