രചന : ഒ.കെ.ശൈലജ ടീച്ചർ✍
പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.
“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത് വന്നു നിന്നു .
ആരായിരിക്കും? കുറച്ചു കാലമായല്ലോ ഇവിടെ ആരും വരാത്തത് . അയാൾ വണ്ടിയിലേക്ക് സൂക്ഷിച്ചുനോക്കിയെങ്കിലും ആരാണെന്ന് മനസ്സിലായില്ല. കാഴ്ചക്കുറവ് നന്നായിട്ടുണ്ടേ. രണ്ടു കണ്ണിനും തിമിരശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അതൊന്നും നടന്നിട്ടില്ലല്ലോ. ഉം ഇതൊക്കെ ഇനി ചെയ്തിട്ടും വല്യ കാര്യമില്ലല്ലോ.
കാറിൽ നിന്നും ഒരാൾ ഇറങ്ങി . സുന്ദരനും ആരോഗ്യവാനുമായൊരു ചെറുപ്പക്കാരൻ . വേഷം കണ്ടിട്ട് ഏതോ ഉദ്യോഗസ്ഥനാണെന്നു തോന്നും. അയാൾ ശേഖരനുനേരെ മുന്നോട്ടു വന്നു. കൈയിൽ ഒരു ബാഗു ണ്ട്.
” എന്നെ മനസ്സിലായിട്ടില്ലേ അച്ഛന് . അച്ഛൻ രാവിലത്തെ നടത്തത്തിനിറങ്ങുകയായിരിക്കുമല്ലേ”
” അച്ഛനോ ?”ങാ… നിന്റെ ശബ്ദം കേട്ടിട്ട് എന്റെ സേതുവിന്റേത് പോലെയുണ്ടല്ലോ. നീ എന്റെ സേതുവാണോ മോനെ ?”
“അച്ഛാ …ഞാനച്ഛന്റെ സേതുതന്നെയാ . അച്ഛനെന്നെ മനസ്സിലാകാതായോ?”
“അതുശരി. നിന്നെ കണ്ടിട്ട് കാലമെത്രയായി . നീയാകെ ക്ഷീണിച്ചുപോയല്ലോ. മുടിയൊക്കെ കൊഴിഞ്ഞു കഷണ്ടി വന്നു തുടങ്ങിയോ . നീ തനിച്ചേയുള്ളോ ? ഭാമയും കുട്ട്യോളും വന്നില്ലേ ?”
“ഇല്ല . കുട്ടികൾക്ക് എക്സാമാണ്. ഭാമക്കാണെങ്കിൽ ലീവെടുക്കാനും പറ്റില്ല.”
“ഉം പോട്ടെ. നീ വന്ന കാലിൽത്തന്നെ നില്ക്കാതെ ഉമ്മറത്ത് കയറിയിരിക്ക്. വല്ലതും കഴിച്ചോ നീ .”
” കഴിക്കാം. ഞാനൊന്നു കുളിക്കട്ടെ . നമ്മുടെ പുഴയിൽ പോയിട്ടൊന്നു വിസ്തരിച്ചു നീന്തിക്കുളിക്കണമെനിക്ക് . നമ്മുടെ കുടുംബ ക്ഷേത്രത്തിലുമൊന്നു പോയി ദേവിയെ തൊഴണം. നഗരത്തിലെ യാന്ത്രികമായ ജീവിതത്തിനിടയിൽ ശുദ്ധവായു ശ്വസിക്കാനോ കുളിർ കാറേറൽക്കാനോ നേരമുണ്ടോ . നമ്മുടെ ശങ്കരേട്ടനെവിടെ. അടുക്കളയിലാണോ ?”
“ങാ ശങ്കരന് രണ്ടുദിവസമായി പനിയാണ്. എന്നിട്ടും വയ്യാതെയെണീറ്റ് അടുക്കളയിലോട്ട് പോയിട്ടുണ്ട്. നീ എന്താ ഇപ്പോൾ ഒരു മുന്നറിയിപ്പില്ലാതെ വന്നത് ? ഫോൺ ചെയ്തപ്പോഴൊന്നും വരുന്ന കാര്യം പറഞ്ഞില്ലല്ലോ. എനിക്കെന്റെ കൊച്ചുമക്കളെ കാണണമെന്ന് നിന്നോട് പറയാൻ തുടങ്ങിയിട്ട് എത്രയായി . അവർ വലുതായിട്ടുണ്ടാവുമല്ലേ
” അതെ അച്ഛാ മാധവ് പ്ലസ് വൺ ആയി .രേവു ഒമ്പതാം ക്ലാസ്സിലും . രണ്ടുപേരും നന്നായി പഠിക്കും. രേവു നൃത്തം പഠിക്കുന്നുണ്ട്. അവർക്കൊന്നും തീരെ സമയമില്ല. പിന്നെ കുട്ടികൾക്ക് ഇങ്ങോട്ടു വരാനും താല്പര്യമില്ല. അവരവിടെയല്ലേ ജനിച്ചതും വളർന്നതും. നമ്മുടെ ഗ്രാമത്തിന്റെ സൗന്ദര്യവും ശീതളിമയും പരിശുദ്ധിയുമൊന്നുമവർക്കറിയില്ല.”
“അതിന് നിങ്ങൾ നാട്ടിൽ വന്നിട്ടു വേണ്ടേ മക്കൾക്കതറിയാനും ആസ്വദിക്കാനും .”
“അതാരാ ശേഖരേട്ടാ” അടുക്കളയിൽ നിന്നും ശങ്കരന്റെ ശബ്ദം കേട്ടപ്പോൾ സേതു അങ്ങോട്ട് പോയി..” ശങ്കരേട്ടാ ഞാൻ സേതുവാണ്. എന്നെ മറന്നു പോയോ ?”
“ങേ… സേതുവോ ? ഓ… ശേഖരേട്ടൻ എന്നും പറയും നിങ്ങളെപ്പറ്റി. മക്കളേയും കൊച്ചുമക്കളേയും കാണാതെ എന്റെ വിലാസിനിയെപ്പോലെ ഞാനും കണ്ണടയ്ക്കുമെന്ന്”
“ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. അമ്മയുടെ മരണസമയത്തെത്താൻ കഴിയാഞ്ഞത് കൊറോണ കാരണമായിരുന്നല്ലോ.”
” ഞാനെന്നാലൊന്നു കുളിക്കട്ടെ .ശങ്കരേട്ടൻ എനിക്കും കൂടി ചായ ഉണ്ടാക്കണേ”
” അത് മോൻ പ്രത്യേകം പറയണോ. വേഗം കുളിച്ചുവന്നോ അപ്പോഴേക്കും ചായ റെഡി .”
അച്ഛനും മകനും ചായയും പലഹാരവും വിളമ്പിക്കൊടുക്കുമ്പോൾ ശങ്കരൻ പറഞ്ഞു.” സേതുമോനെ … മോൻ വന്നതേതായാലും നന്നായി. നീ വിഷമിക്കുമല്ലോയെന്ന് കരുതി ശേഖരേട്ടൻ ഒരു കാര്യവും നിന്നെ അറിയിക്കാഞ്ഞിട്ടാണ്. ഈയ്യിടെയായി ശേഖരേട്ടന് തീരെ വയ്യ. രണ്ടു പ്രാവശ്യം നെഞ്ച് വേദന വന്നു. ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ പറഞ്ഞത് ബ്ലോക്ക് ഉണ്ടെന്നാണ്.”
“അതൊന്നുമില്ല മോനേ നീ ആ ഇഢലിയെടുത്ത് കഴിക്ക് “
” ആണോ അച്ഛന് വയ്യാത്ത കാര്യം എന്തേ എന്നോട് പറയാതിരുന്നേ?”
സേതുവിന്റെ മനസ്സിലൂടെ അവന്റെ അച്ഛനുമമ്മയും നല്കിയ സ്നേഹവാത്സല്യവും സംരക്ഷണവും നിറഞ്ഞ നല്ല നാളുകൾ കടന്നുപോയി. അമ്മയെ അവസാനമായൊരു നോക്ക് കാണാൻ പറ്റിയിട്ടില്ല. മിക്കദിവസവും അമ്മ സ്വപ്നത്തിൽ വന്നു പറയുന്നത് പോലെ തോന്നും. മോനെ സേതു നിന്റെയച്ഛനവിടെ തനിച്ചല്ലേ . എന്നെപ്പോലെ മോനെ കാണാതെ കണ്ണടക്കേണ്ടിവരുമോ നിന്റെ അച്ഛന് . ഇതുവല്ലതും ഭാമക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ അവർ നഗരത്തിലെ പരിഷ്ക്കാരത്തിൽ ലയിച്ചുപോയല്ലോ. എന്തെങ്കിലുമാകട്ടെ . കുറച്ചു ദിവസം അച്ഛനോടൊപ്പം നിന്നിട്ട് ഡോക്ടറെ കാണിച്ച് അച്ഛന്റെ ആരോഗ്യം മെച്ചപ്പെടട്ടെ .എന്നിട്ട് ബാക്കി കാര്യം ആലോചിക്കാം.
“നീയെന്താ മോനെ ആലോചിക്കുന്നേ”
ഒന്നുമില്ല ച്ഛാ നമുക്ക് ഡോക്ടറെ ഇന്ന് തന്നെ കാണണം.
സേതു ശേഖരനെ ഡോക്ടറെ കാണിച്ചു. വിദഗ്ദ്ധമായി പരിശോധിച്ച ശേഷം ഡോക്ടർ കുറേ ടെസ്റ്റുകൾക്ക് നിർദ്ദേശിച്ചു. അതൊക്കെ ചെയ്തു. വീണ്ടും ഡോക്ടറെ കാണിച്ചു.
ഹാർട്ടിന് ചെറിയൊരു പ്രോബ്ലം ഉണ്ട് . ഇനി ഈ പ്രായത്തിൽ ഓപ്പറേഷനൊന്നും പറ്റില്ല. കൃത്യമായി മരുന്ന് കഴിക്കട്ടെ . ഭക്ഷണവും ശ്രദ്ധിക്കട്ടെ . ഒറ്റയ്ക്ക് നടക്കാനൊന്നും വിടണ്ട . മനസ്സിനെപ്പോഴും സന്തോഷമുണ്ടാവണം.
ഡോക്ടർ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുമ്പോഴും ഓഫീസ് ലീവ്, ഭാമ, കുട്ടികൾ ഇതൊക്കെ മനസ്സിലൂടെ കടന്നുപോയി.
അച്ഛനേയും കൂട്ടി വീട്ടിലെത്തി. അപ്പോഴേക്കും കാൾ വന്നു.
സേതുവേട്ടാ ….എന്താ വരാറായില്ലേ. നിങ്ങളുടെ ലീവ് കഴിഞ്ഞു. ഇവിടെ കുട്ടികളുടെ എക്സാമിനിടയിൽ എനിക്ക് ജോലിക്കുപോകാനും വീട്ടുകാര്യങ്ങൾ നോക്കാനും പറ്റുന്നില്ല. വേലക്കാരിയെ പറഞ്ഞുവിട്ടത് മറന്നു പോയോ . ഇവിടെ നിന്നു മെടുത്ത തീരുമാനങ്ങളൊക്കെ അവിടെ അച്ഛനെക്കണ്ടപ്പോൾ മറന്നു പോയോ ? . എന്താ ഒന്നും പറയാത്തത് . അച്ഛനെ അവിടെ കൊണ്ടുവിട്ടിട്ട് ശങ്കരനേയും കൂട്ടി വരാമെന്ന് പറഞ്ഞിട്ട് എന്ത് പറ്റി ?”
ഭാമയുടെ ചോദ്യത്തിനുത്തരം പറയാനാവാതെ സേതു ഫോൺ കട്ട് ചെയ്തു. സുഖമില്ലാത്ത അച്ഛനെ വ്യദ്ധസദനത്തിലാക്കുന്നതെങ്ങനെ . എനിക്ക് പറ്റില്ല. തല്ക്കാലം ശങ്കരേട്ടൻ അച്ഛന്റെയടുത്ത് ഇവിടെത്തന്നെ നിൽക്കട്ടെ. പോയിട്ട് ഇടയ്ക്ക് വരാം. തല്ക്കാലം ഭാമയോടൊന്നും പറയണ്ട . അവിടെയെത്തിയിട്ട് എന്തെങ്കിലും കാരണം പറയാം.
സേതു രണ്ടുദിവസം കൂടി അച്ഛനോടൊപ്പം അവിടെ താമസിച്ചു. പകൽസമയത്ത് രണ്ടു പേരും മുററത്തും പറമ്പിലുമൊക്കെ വിശേഷങ്ങൾ പറഞ്ഞു നടന്നു. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോയി തൊഴുതു. ഒന്നിച്ചിരുന്നു ആഹാരം കഴിക്കുകയും ഉറങ്ങുകയും ചെയ്തു.
“സേതു മോൻ വന്നതിൽ പിന്നെ അച്ഛന്റെ ക്ഷീണമൊക്കെ പമ്പ കടന്നു. മോന് പോകാറായോ . ലീവ് കുറേയുണ്ടോ ?”
“ഇല്ല ശങ്കരേട്ടാ ഞാൻ രണ്ടുദിവസത്തെ ലീവിനാണ് വന്നത്. ഇപ്പോൾ ഒരാഴ്ചയായില്ലേ. പോകാതെ പറ്റില്ല. ശങ്കരേട്ടൻ അച്ഛനെ നന്നായി ശ്രദ്ധിക്കണം. ശങ്കരേട്ടന് വേണ്ടത് ഞാൻ തരാം. ഇടയ്ക്ക് ഞാൻ വരാം.”
“മോൻ പോയ്ക്കാള്ളൂ. ഭാമയും മക്കളും അവിടെ വിഷമിക്കുന്നുണ്ടാകും. എനിക്ക് ശങ്കരനുണ്ടല്ലോ. മക്കളുടെ പരീക്ഷ കഴിഞ്ഞാലുടനെ നിങ്ങളെല്ലാവരും വന്നാൽ മതി.”
ഗ്രാമീണനായ തന്റെ അച്ഛന്റെ മനസ്സിന്റെ നിഷ്കളങ്കമായ സ്നേഹം തന്റെ ഭാര്യയോ മക്കളോ മനസ്സിലാക്കിയെങ്കിൽ എന്ന് ഓർത്തപ്പോൾ സേതുവിന് സങ്കടം അടക്കിവെക്കാൻ കഴിഞ്ഞില്ല. മനസ്സുകൊണ്ട് അച്ഛനോട് മാപ്പ് പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഭാമയ്ക്കും മക്കൾക്കും കൊടുക്കാനായി പറമ്പിലെ മാങ്ങയും ചാമ്പക്കയും അവർക്കിഷ്ടമുള്ള പലഹാരങ്ങളുമെല്ലാം ഭദ്രമായി പൊതിഞ്ഞ് ശങ്കരേട്ടനെക്കൊണ്ട് ബാഗിൽവെപ്പിക്കാൻ അച്ഛൻ മറന്നില്ല. നിറകണ്ണുകളോടെ അച്ഛനോട് യാത്ര പറയുമ്പോൾ ദേവിയെ മനസ്സിൽ തൊഴുതു പ്രാർത്ഥിച്ചു. അച്ഛനെ കാത്തോളണേ ദേവീ .