രചന : അശോകൻ പുത്തൂർ ✍

പണ്ടൊക്കെ
പുഴക്കടവിൽ
ആരാ കുളിപ്പതെന്നും
തിരുമ്പതെന്നും
നാലഞ്ചു ഫർലോഗ് ദൂരന്നേ
മണംകൊണ്ടും
തല്ലലിന്റെ താളംകേട്ടും
തിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾ
കാലത്തേ
നാലഞ്ചുകുളത്തിലെ
കുളിയും അതോ (കുളികണ്ടോ )
പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾ
രാത്രി സദിരുകളിൽ
പെൺപിറപ്പുകളുടെ
അളവും മണവും
ഇരുപ്പും നടപ്പും വശികരണവും
കുതിരമുഖിയും ചന്ദ്രമുഖിയും
നീണ്ട മൂക്കും വിരിഞ്ഞ നെറ്റിയും
മുടി നീണ്ടവൾ മുടി ചുരുണ്ടവളും
പ്രബന്ധങ്ങളായി
കവിഗുരു അവതരിപ്പിക്കും.
ഞങ്ങടെ നിശ്വാസങ്ങളിൽ
ഗുരു ഉന്മത്തനാകും…… പൊടുന്നനെ
പണിക്കരുടെ കാടെവിടെ മക്കളും
കടമ്മന്റെ ചാക്കാലയും
ചുള്ളിക്കാടിന്റെ മാപ്പുസാക്ഷിയും ചൊല്ലി
നാട്യധർമ്മിയിൽ
കാവാലം ചുവടുവച്ച്
കവിഗുരു മൊഴിയും
പനങ്കള്ളും ചാർമിനറും പമ്മന്റെ കഥകളും
ചെറ്റയാം ഈ മാനിക്കു പ്രിയകരം
മണ്ണും പെണ്ണുമേ
ലോകത്തിൻ നാഥനും നാഥയും
ദക്ഷിണയായി
ഞങ്ങടെ കോപ്പയിൽനിന്ന്
ഓരോ തുടം മോന്തി
പിന്നെയും ചിലമ്പുന്നു.
എന്നെത്തീണ്ടിയില്ലിന്നേവരെ
കന്യയാം പെൺചൂരൊന്നുമേ….
ഞാനിങ്ങനെ പോങ്ങനായ്പ്പോയതിൽ
ഉണ്ണിപ്പരിഷകളെ
നിങ്ങളെനിക്ക് ശിഷ്യപ്പെടായ്കൊല…..
മഴപ്പെയ്ത്തിലേക്ക്
നോക്കിയിരിക്കുംന്നേരം
കാലത്തിൻ കടലിൽനിന്നും
ചില ഓർമ്മകൾ
നനഞ്ഞു കേറിയെത്തി
കാൽക്കൽ ചടഞ്ഞിരിക്കുന്നു
ഞാൻ ഓരോന്നുമെടുത്ത് തോണിയുണ്ടാക്കി
ഇറവെള്ളപ്പെയ്ത്തിലേക്കിങ്ങനെ…….

അശോകൻ പുത്തൂർ

By ivayana