രചന : സഫി അലി താഹ✍

ചിലർ ജീവിതകഥയുടെ താളുകൾ ചേർക്കുമ്പോൾ നമ്മെ
എത്ര ഭംഗിയായാണ് അതിൽ എഴുതിച്ചേർക്കുന്നത്!!
ഒപ്പമുള്ള ഓരോ നിമിഷവും
ജീവൻതുടിക്കുന്ന
ചിത്രങ്ങളിലെന്നപോലെ
അക്ഷരങ്ങൾ കൊണ്ട് നിറംപകരും !
ഹൃദയത്തിനകത്ത്
ഒളിപ്പിക്കാനെന്ന
പോലെ നെഞ്ചോരം
ചേർത്തുപിടിക്കും,
സങ്കടങ്ങളും വേദനകളും
തൊട്ടെടുക്കാനെന്ന
പോലെ ചുംബനങ്ങൾകൊണ്ട്
അടയാളം തീർക്കും,
ആ അക്ഷരത്തുടിപ്പുകൾ
കേട്ടാലിമ്പമുള്ള
സ്വരത്തിൽ മൂളിനടക്കും,
കാലം കരയിലകൾ പൊഴിക്കുമ്പോൾ
മനസ്സൊന്നു മുറിയുകപോലുമില്ലാതെ
കണ്ണൊന്നു നിറയുകപോലുമില്ലാതെ
അവർ തന്നെ
ചീന്തിയെടുത്ത് അഗ്നിക്കോ
ചിതലിനോ ഭക്ഷണമാക്കുന്നത്
കാണുമ്പോൾ ഓർമ്മകളടുക്കിയ
നെഞ്ച് നേരിപ്പോടാകുന്നുണ്ട്!!
അതെ, ഓർമ്മകൾക്ക്
എന്ത് ഭാരമാണ്…..!!
തെല്ലുദൂരെനിന്നും ചിതലുകൾ
തേടിയെത്തുന്നു,
അവർക്കറിയുമോ?
പടരുന്ന നനവെന്റെ കണ്ണുനീരാണെന്ന്,
അവരിലേക്കെത്താനെനിക്കിപ്പോൾ
ഭയമില്ലെന്ന്!!

സഫി അലി താഹ

By ivayana