രചന : ഷബ്‌ന ഷംസു ✍
ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് ഒരു ചെയിഞ്ചിംഗ് റൂം ഉണ്ടാവും. നമ്മുടെ വസ്ത്രങ്ങൾ അഴിച്ചു വെച്ച് അവിടെ നിന്നും കിട്ടുന്ന ഹാഫ് സ്ലീവ് ഷർട്ടും പാന്റും ധരിക്കുന്നു. മെഡിക്കൽ കോളേജിൽ സ്റ്റുഡന്റ്‌സ് ഈ വസ്ത്രം ഒരു കവറിൽ ആക്കി കൊണ്ട് വരികയാണ് സാധാരണ ചെയ്യുക.
വാച്ച്, വള, മോതിരം എന്നിവയും ഊരി വെക്കേണ്ടതുണ്ട്.
തല മറക്കുന്ന ക്യാപ്പും, മൂക്കും വായയും മറക്കുന്ന മാസ്കും ധരിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില വിദ്യാർത്ഥിനികൾ ആവശ്യപ്പെടുന്നത് ഈ വസ്ത്രം ഫുൾ സ്ലീവ് വേണം എന്നാണ്,
അത് എന്ത് കൊണ്ട് പറ്റില്ല എന്ന് വഴിയെ പറയാം.
എം.ബി.ബി.എസ് പഠനത്തിന്റെ രണ്ടും മൂന്നും നാലും വർഷത്തെ പഠനത്തിന് ഇടക്കാണ് വിദ്യാർത്ഥികൾക്ക് ഓപ്പറേഷൻ തീയേറ്ററിൽ കയറാനുള്ള അവസരം ഉണ്ടാവുന്നത്. മിക്കപ്പോഴും ഒരു കാഴ്ചക്കാരൻ അഥവാ ഒബ്സർവർ എന്ന റോൾ മാത്രമാണ് അവർക്ക് ഉണ്ടാവുക. അനസ്‌തേഷ്യ എങ്ങനെ നൽകുന്നു, സർജറി എങ്ങനെ ചെയ്യുന്നു തുടങ്ങി അണിവിമുക്തമായ ഓപ്പറേഷൻ തീയേറ്റർ എങ്ങനെ പരിപാലിക്കുന്നു എന്നൊക്കെ കണ്ട് മനസ്സിലാക്കുകയാണ് ഈ സമയം ചെയ്യുന്നത്. ചിലപ്പോ താൽപര്യമുള്ള ഒന്നോ രണ്ടോ വിദ്യാർത്ഥികളോട് സ്‌ക്രബ് ചെയ്ത് സർജറിക്ക് അസിസ്റ്റ് ചെയ്യാനും ആവശ്യപ്പെടാറുണ്ട്.
എന്താണ് സ്‌ക്രബ് ചെയ്യുക എന്നത് പരിശോധിക്കാം. ആദ്യം, കൈ മുട്ടിന്റെ രണ്ട് ഇഞ്ച് മുകൾ മുതൽ താഴെ കൈപ്പത്തിയും വിരലും അടക്കം, മൂന്ന് മുതൽ അഞ്ച് മിനിറ്റ് സമയം വരെ, വെള്ളവും ആന്റിസെപ്റ്റിക്കും ഉപയോഗിച്ച് കഴുകണം,
എന്നിട്ട് ആ വെള്ളം ഒപ്പിയെടുത്ത്,
നമ്മൾ ആദ്യം ധരിച്ച ഹാഫ് സ്ലീവ് ഡ്രസ്സിന് മുകളിൽ അണു വിമുക്തമാക്കിയ ഫുൾ സ്ലീവ് ഏപ്രൺ ധരിക്കുന്നു,
ശേഷം ഗ്ലൗസ് ധരിക്കുന്നു. ഇതാണ് സാധാരണ സർജറികൾക്ക് ഉപയോഗിക്കുന്ന വേഷവിധാനം.
സർജ്ജറി ടീമിൽ അംഗമല്ലാത്ത മറ്റുള്ളവർ ആ സമയം തിയേറ്റർ ടേബിളിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നു. സർജിക്കൽ ടീമിനെയോ സർജറിക്കായി അണുവിമുക്തമാക്കി മാറ്റി കവർ ചെയ്ത രോഗിയെയോ തൊടാൻ പാടില്ല.
അണുബാധ സാധ്യത കൂടുതലുള്ള അതി സങ്കീർണ്ണ സർജറികൾക്ക്, ഈ വസ്ത്രത്തിന് മുകളിൽ അഡീഷണലായി അണു വിമുക്തമാക്കിയ ഓവർ കോട്ടും ധരിക്കുന്നു. ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങിനെ പോലെ പ്രത്യേകം ഹെൽമറ്റും ധരിക്കുന്നു.
ഇതൊക്കെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഡ്രെസുകൾ ആവണമെന്നതാണ് ചട്ടം,
എങ്കിലും സാമ്പത്തിക ബാധ്യത കുറക്കാൻ പുനരുപയോഗിക്കാവുന്ന കോട്ടൺ തുണികൾ കൊണ്ടുള്ള ഡ്രസുകളും സാധാരണയായി ഉപയോഗിക്കുന്നു. ഉപയോഗ ശേഷം വൃത്തിയായി കഴുകിയുണക്കി മടക്കി, സ്റ്റെറിലൈസ് ചെയ്യാനുള്ള ഉപകരണത്തിൽ വെച്ച് അണു വിമുക്തമാക്കിയെടുക്കുന്നു,
എന്നിട്ട് അടുത്ത സർജറിക്ക് ഉപയോഗിക്കുന്നു.
ഇനി വിവാദ വിഷയത്തിലേക്ക് വരാം..
കാഴ്ച്ചക്കരൻ അഥവാ ഒബ്സർവർ ആയി നിൽക്കുന്ന കുട്ടികളായിരിക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആ വിദ്യാർത്ഥിനികൾ. 2020 ന് ശേഷം അഡ്മിഷൻ നേടിയ ആറ് വിദ്യാർത്ഥിനികളും 2018 ൽ അഡ്മിഷൻ നേടിയ ഒരു വിദ്യാർത്ഥിനിയുമാണ് പ്രസ്തുത വിവാദ കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത്ര നാളും ഫുൾ സ്ലീവ് ഡ്രസും, കഴുത്തും തലയും മറയുന്ന ഹിജാബും ധരിച്ച ഇസ്ലാമിക വിശ്വാസം പാലിക്കുന്ന പെൺ കുട്ടികളായിരിക്കും അവർ. പെട്ടെന്ന് ആണും പെണ്ണും ഉള്ള ഒരിടത്ത് കഴുത്തും മുട്ടിന് താഴെ കൈയും കാണിക്കുമ്പോൾ മാനസികമായ ഒരു ബുദ്ധിമുട്ട് ഉണ്ടാവും.
ഒബ്സർവർ ആയി നിൽക്കുമ്പോൾ അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അങ്ങനെയുള്ള നിൽപ്പ് (കഴുത്തും കൈയും കാണിച്ച്) മനഃപ്രയാസം ഉണ്ടാക്കിയിരിക്കും.
അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ഏത് നിമിഷവും സ്‌ക്രബ് ചെയ്ത് സർജറി ടീമിലേക്ക് കയറാനുള്ള വിളി അവർക്ക് വരും. ആ സമയം ഫുൾ സ്ലീവ് ധരിച്ച ആ വിദ്യാർത്ഥിനികൾ മുട്ടിന് താഴെ സ്‌ക്രബ് വാഷ് ചെയ്ത് എങ്ങനെ അണു വിമുക്തമാകും.
കഴുത്തും തലയും മൂടുന്ന ഹിജാബ് ധരിക്കാൻ വല്യ ബുദ്ധിമുട്ടില്ലായിരിക്കും. പക്ഷേ വൃത്തിയുള്ള ഹിജാബ് അതിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ടി വരും. എമർജൻസി സർജറികൾക്ക് കയറുമ്പോൾ ഈ ഹിജാബ് എങ്ങനെ ആ സമയം അവിടെ എത്തിക്കാൻ കഴിയും എന്നതും ആലോചിക്കേണ്ടി വരും. അതെല്ലെങ്കിൽ മുഴുവൻ സമയവും ആ ഒരു ഹിജാബ് കൈയകലത്തിൽ സൂക്ഷിക്കേണ്ടി വരും. കാരണം മാസ്കും ക്യാപ്പും ഏത് അടിയന്തിര ഘട്ടത്തിലും ഓപ്പറേഷൻ തിയേറ്ററിൽ ലഭ്യമായിരിക്കും. ഹിജാബ് സ്വയം കരുതേണ്ടി വരും, അതിന്റെ സ്റ്റെറിലിറ്റി ഒരു അണുബാധ ഉണ്ടാകുന്ന സമയത്ത് ചോദ്യം ചെയ്യപ്പെടും.
മെഡിക്കൽ ബിരുദവും പീജിയും സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യതയുമൊക്കെ നേടാനുള്ള മിടുക്കി കുട്ടികളാണ് നിങ്ങൾ. ഭാവിയിൽ ഒരോ ഓപ്പറേഷൻ തീയേറ്ററും ഭരിക്കാനുള്ള മികച്ച തലച്ചോറുകളാണ് നിങ്ങൾ നീറ്റ് പരീക്ഷയിലൂടെ നേടിയെടുത്തത്.
സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച് ഓപ്പറേഷൻ തിയേറ്റർ പേടിയുടെയും ആശങ്കയുടെയും ഇടമാണ്. നിങ്ങൾ ഡോക്ടർമാർ, ഏറ്റവും സുരക്ഷിതമായി അണുബാധകൾ എൽക്കാത്ത വിധം സർജറി ഭംഗിയായി ചെയ്ത് തരും എന്ന വിശ്വാസമാണ് ഓപ്പറേഷൻ ടേബിളിലെ ഓരോ രോഗിയുടെയും ശക്തി. അവിടെ മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ സമയം ഒരു രോഗിയും നോക്കില്ല.
വെറുപ്പിന്റെ കവലകളിൽ അപരവത്കരണത്തിന്റെ വിത്തുകൾ പാകുന്ന ഈ കാലത്ത്, മതേതര സമൂഹത്തിന്റെ സ്നേഹം ഓരോ ഇസ്ലാം മത വിശ്വസിക്കും ആവശ്യമാണ്. എവിടെയും മതം തിരയുന്ന വെറും ഗോത്ര ജീവികൾ ആകണോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം.
വിദ്യാർത്ഥിനികൾ പ്രിൻസിപ്പാളിന് കൊടുത്ത അപേക്ഷ പൊതു സമൂഹത്തിന് ചോർത്തി കൊടുക്കണമായിരുന്നോ എന്നതും കൂടി അന്വേഷിക്കേണ്ട വിഷയമാണ്. അവിടെ നിങ്ങളുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ല എന്ന ഒറ്റ മറുപടിയിൽ അത് അവസാനിക്കില്ലേ എന്നും കൂടി ആലോചിക്കണം. ഇതിന് മുമ്പും പരിഗണിക്കാൻ പറ്റാത്ത എന്തൊക്കെ വിഷയങ്ങൾ അപേക്ഷയായി ഓരോ കോളേജ് അധികാരികളുടെ മുന്നിലും വന്നിട്ടുണ്ടാവും. അതൊക്കെ അവിടെ തന്നെ തീർത്തിരുന്ന നമ്മൾ ഇന്ന് ഒരു സമൂഹത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന വിചാരണകൾക്ക് പുറകെ പോകുന്നത് മതേതര സമൂഹത്തിന് ബാധ്യതയാവുക തന്നെ ചെയ്യും.
അതിലുപരി, ഓപ്പറേഷൻ തിയേറ്റർ എന്നത് ഒരു ക്ലോസ്ഡ് സ്‌പെയ്‌സ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ അറിയുന്ന, നിങ്ങളെ അറിയുന്ന സഹപാഠികളും അധ്യാപകരും ജീവനക്കാരുമാണ് അവിടെയുണ്ടാകുന്നത്.
അതി സങ്കീർണ്ണ സർജറികൾ ചെയ്യുന്ന അത്തരം സ്ഥലങ്ങളിൽ, അന്യ പുരുഷനോ അന്യ സ്ത്രീക്കോ മുന്നിൽ ഞാൻ നഗ്നത കാണിക്കില്ല എന്ന് ഒരു രോഗി പറഞ്ഞാൽ,
നിങ്ങൾക്ക് പറ്റിയ ഇടമല്ല ഇതെന്ന് പറഞ്ഞ് പുറത്തേക്കുള്ള വഴി കാണിക്കുക മാത്രമേ ചെയ്യാൻ പറ്റൂ, അത് തന്നെയാണ് അത്തരം ചിന്തകളുള്ള ഡോക്ടർമാരോടും പറയാനുള്ളൂ..