രചന : തോമസ് കാവാലം✍

“ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക”. (മത്തായി 5:41)
ആകാശം നന്നേ മേഘാവൃതമായിരുന്നു. ഏതുനിമിഷവും മഴ പെയ്യാവുന്ന അവസ്ഥ. ലോനപ്പൻ ജനലിന്റെ വിരി അല്പം മാറ്റി പുറത്തേക്ക് നോക്കി. എന്നിട്ട് ആത്മഗതം എന്നപോലെ പറഞ്ഞു:
“പോകാതിരിക്കാൻ പറ്റത്തില്ല. മറ്റുള്ള നാല് പേരും അവിടെ വരും. അപ്പോൾ പോയില്ലെങ്കിൽ അതൊരു ചതിയാകും”
അയാൾ സാവധാനം മുറിയിൽ നിന്ന് പുറത്തേക്ക് വന്നു. അടുക്കളയിൽ അമ്മ ധൃതിയിൽ പെരുമാറ്റിക്കൊണ്ടിരുന്നു. അമ്മയോട് എന്തെങ്കിലും പറഞ്ഞ് പുറത്ത് ചാടണം. സത്യം പറഞ്ഞാൽ അമ്മ വിടത്തില്ല. അയാളുടെ മനസ്സ് അതിനുള്ള ഒരു കാരണം തിരയുകയായിരുന്നു.


“ഇന്ന് ശനിയാഴ്ചയായിട്ട് നീ എങ്ങോട്ടാ രാവിലെ? “അമ്മ ചോദിച്ചു.
ആ അമ്മയ്ക്ക് മകൻ എന്ന ഒരു ചിന്തയേ ഉള്ളൂ. അഞ്ചുവർഷം മുൻപ് അച്ഛൻ മരിച്ചതിനുശേഷം അമ്മ ജീവിച്ചത് തന്നെ ഈ മകനുവേണ്ടി ആയിരുന്നല്ലോ. വെളുത്ത് വിളറി മെലിഞ്ഞ രൂപം. തലയെല്ലാം നരച്ച് ഒരു തൊപ്പി വെച്ചതുപോലെ. മുറിച്ചിട്ട മുടി.
“അമ്മേ എന്റെ കൂടെ പഠിക്കുന്ന എന്റെ കൂട്ടുകാരൻ കൃഷ്ണകുമാറിന് അക്കൗണ്ടൻസി കുറച്ച് പഠിപ്പിച്ചു കൊടുക്കാമോ എന്ന് ചോദിച്ചു. അവൻ ആ വിഷയത്തിൽ വളരെ വീക്കാണ്. അവന്റെ വീട് ആലപ്പുഴയിലാണ്. അവിടെ ചെന്ന് അവന്റെ വീട്ടിൽ വെച്ച് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു.


“ നീ പഠിപ്പിക്കാൻ പോകുന്നോ? ആദ്യം നീ പഠിക്ക്,എന്നിട്ടല്ലേ പഠിപ്പിക്കുന്നത്.”
അമ്മ ഒന്നു നിർത്തി. എന്നിട്ട് തുടർന്നു.
“അതെന്താ അവന് ഇങ്ങോട്ട് വന്നാൽ? പഠിക്കണം എന്ന് ആഗ്രഹമുള്ളവന് ഇങ്ങോട്ട് വന്നുകൂടെ.”
“ അതല്ലമ്മേ,അവന്റെ സാഹചര്യം വളരെ മോശമാണ്. പിന്നെ അവിടെയാകുമ്പോൾ വൈകുന്നേരം കടപ്പുറത്തും പോകാമല്ലോ. രാത്രി അവന്റെ വീട്ടിൽ തങ്ങാം എന്നാണ് പറഞ്ഞിരിക്കുന്നത് ഞാൻ നാളെയേ വരത്തുള്ളു.”
ഒരുവിധം നുണയെല്ലാം പറഞ്ഞൊപ്പിച്ച് അവിടെ നിന്ന് പുറത്ത് കടന്നു.


ആലപ്പുഴക്കുള്ള ബസ്സിലിരിക്കുമ്പോൾ അയാളുടെ മനസ്സ് പുറകോട്ട് പാഞ്ഞു. മഴ തകർത്ത് പെയ്യാൻ തുടങ്ങി.ശക്തമായ കാറ്റ്. എല്ലാവരും ഷട്ടർ ഇട്ട് മനസ്സിന്റെ ലോകത്തിലേക്ക് ഊളിയിട്ടു.ലോനപ്പന്റെ മനസ്സ് കോളേജിലായിരുന്നു.
ചങ്ങനാശ്ശേരിയിലെ പ്രസിദ്ധമായ കോളേജിൽ പി ജിയ്ക്ക് അഡ്മിഷൻ എടുക്കുമ്പോൾ ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്രയും വേഗം ഒരു ജോലി സമ്പാദിക്കുക. അതിന് ഉതകുമാറ് അമ്മ ഹോസ്റ്റലിൽ താമസവും തരമാക്കി കൊടുത്തു. പക്ഷേ കോളേജിൽ കൂട്ടുകാരുടെ വികൃതികൾ തുടർന്നതോടുകൂടി അത് ലോനപ്പനെയും ബാധിച്ചു. പല ദിവസങ്ങളിലും ക്ലാസിൽ കയറാതായി. നാലു കൂട്ടുകാരും ഉഴപ്പന്മാർ. അവരുടെ കൂടെ കൂടിയാൽ പിന്നെ പഠിത്തവും മറ്റും നടക്കുമോ?
എല്ലാ ഉഴപ്പുകളുടെയും ആരംഭം ആ പരിസ്ഥിതി ദിനത്തിൽ ആയിരുന്നു. അന്ന് പരിസ്ഥിതിയെക്കുറിച്ച് അയാൾ എഴുതിയ കവിത അപ്പോഴും അയാളുടെ മനസ്സിൽ തികട്ടി വന്നുകൊണ്ടിരുന്നു. അത് കോളേജിൽ നോട്ടീസ് ബോർഡിൽ ഇട്ട അന്ന് പലർക്കും അത് തീരെ രസിച്ചില്ല. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു റോബർട്ട്.

ഒരു ഭൂലോക ജാഡ. മുടിയും താടിയും വളർത്തി ഒരു ഫ്രീക്കൻ ലുക്കിൽ അവൻ കോളേജിലെ പെൺപിള്ളേരുടെ മുൻപിൽ ആളുകളിച്ചു നടന്നിരുന്നു. അവൻ എം എ ഹിസ്റ്ററി ആണ് പഠിച്ചിരുന്നത്. ലോലപ്പന്റെ ക്ലാസ് അല്ലെങ്കിലും അവന്റെ ക്ലാസിലെ പെൺകുട്ടികളുടെ മുമ്പിലും അവൻ ഹീറോ ചമഞ്ഞിരുന്നു. ലോനപ്പൻ നോട്ടീസ് ബോർഡിൽ ഇട്ട കവിത അന്ന് വൈകുന്നേരം റോബർട്ട് കീറിക്കളഞ്ഞു. അവനെ കണ്ട് നേരിട്ട് ചോദിക്കണമെന്ന് സുഹൃത്തുക്കളെല്ലാം പറഞ്ഞെങ്കിലും ലോനപ്പൻ അതിനു മുതിർന്നില്ല. കാരണം അവൻ നല്ല തടിമിടുക്കുള്ള ഒരു ഗുണ്ടയെ പോലെയായിരുന്നു. അത്യാവശ്യം കാശുള്ള ഒരു പാലാക്കാരൻ അച്ചായന്റെ മകൻ. കോളേജ് പഠനം ഒക്കെ ഒരു ഹോബിയായി കൊണ്ടു നടക്കുന്നവൻ. എല്ലാവർക്കും അവനെ പേടിയായിരുന്നു കാരണം അവൻ എന്തും ചെയ്യാൻ മടിക്കാത്തവനായിരുന്നു.


അന്നുമുതൽ ലോനപ്പന്റെ മനസ്സിൽ അവനോട് ഒരു പക ഉണ്ടായിരുന്നു. അവനെ ശരീരബലം കൊണ്ട് നേരിടുക ബുദ്ധിയല്ലെന്ന് മനസ്സിലാക്കി മറ്റു മാർഗ്ഗങ്ങൾ തിരയുകയായിരുന്നു ലോലപ്പൻ.
ഒരു ദിവസം രാവിലെ കോളേജ് ക്യാമ്പസിൽ വലിയൊരു അടിപിടി നടന്നു. റോബർട്ടും അവന്റെ അനുയായികളും ആയിരുന്നു ഒരു വശത്ത്. മറുവശത്തെ അവനെപ്പോലെ തന്നെ തടിയും ജാഡയുമുള്ള വർഗീസ്. ഏതോ ഒരു പെൺകുട്ടിയെപ്രതിയായിരുന്നു ഏറ്റുമുട്ടൽ. പക്ഷേ പുറമേ രണ്ടുപേരും ആ വിഷയം സംസാരിച്ചില്ല. അതുകൊണ്ട് കേരളത്തിലെ പ്രബലമായ രണ്ട് രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് പോലെ കാര്യങ്ങൾ നടന്നു. അടിപിടിയുടെ അവസാനം വർഗീസ് എളിയിൽ തിരികിയിരുന്ന കത്തിയെടുത്ത് റോബർട്ടിനെ കുത്തി. റോബർട്ട്നെ ആശുപത്രിയിൽ ആക്കിയെങ്കിലും നില ഗുരുതരമായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ലോനപ്പൻ മനസ്സുകൊണ്ട് അല്പം സന്തോഷിച്ചു.


പിറ്റേദിവസം കുട്ടികളെല്ലാം കോളേജിൽ വന്നെങ്കിലും ക്ലാസ് ഉണ്ടായിരുന്നില്ല. സംഘർഷഭരിതമായ അന്തരീക്ഷം തണുപ്പിക്കാൻ പ്രിൻസിപ്പൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും കോളേജിൽ വന്നവരും വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കോളേജ് നോട്ടീസ് ബോർഡിൽ ഒരു കത്ത് ഇരിക്കുന്നത് ലോനപ്പൻ കണ്ടത്. റോബർട്ട് ജോസഫിന് ആരോ അയച്ച ഒരു കത്ത്. ആരാണ്‌ അയച്ചതാണെന്ന് പുറമേ നോക്കിയിട്ട് മനസ്സിലായില്ല. പെട്ടെന്ന് അവന്‍ കത്ത് കൈക്കലാക്കി. അത് ഷർട്ടിനുള്ളിൽ ബനിയനകത്തിട്ട് ഒന്നും സംഭവിക്കാത്തതു പോലെ ലോനപ്പൻ നടന്നു നീങ്ങി. കുറച്ചു മുന്നോട്ട് നടന്നിട്ട് എല്ലാ വശത്തേക്കും ഒന്നു നോക്കി. ആരും കണ്ടിട്ടില്ല എന്ന് ഉറപ്പുവരുത്തി.


ആരും കാണാതെ ആ കത്തന്നു വായിക്കണമെന്ന് അവന്റെ ഉള്ള് അവനോട് മന്ത്രിച്ചു. പക്ഷേ അതിനുള്ള ധൈര്യം അവന് ഉണ്ടായിരുന്നില്ല.
അന്ന് വൈകിട്ട് ലോനപ്പൻ മറ്റ് സുഹൃത്തുക്കളുമായി ഒത്തുചേർന്ന് കത്ത് പൊട്ടിച്ചു.
അത് ഏതെങ്കിലും ഒരു പെൺകുട്ടി അയച്ച പ്രേമലേഖനം ആയിരിക്കുമെന്നും അത് വെച്ച് റോബർട്ടിനെ കുടുക്കാമെന്നും അവർ വിചാരിച്ചു. പക്ഷേ,കത്ത് വായിച്ചപ്പോൾ അവർ ഞെട്ടിപ്പോയി. അത് റോബർട്ടിന്റെ ഒരേയൊരു അനിയത്തി എഴുതിയ കത്തായിരുന്നു. അവൾ അതിനടുത്തു വരുന്ന വെള്ളിയാഴ്ച ആലപ്പുഴയിൽ വരുന്നുണ്ടെന്നും വരുമ്പോൾ രാത്രി വളരെ വൈകും എന്നും അപ്പോൾ റോബർട്ട് അവിടെ ബസ്റ്റാൻഡിൽ ഉണ്ടാകണമെന്നും കാണിച്ചു ഉള്ള കത്ത് ആയിരുന്നു അത്. കത്ത് പൊട്ടിച്ച് വായിച്ച് കഴിഞ്ഞപ്പോൾ അത് ഒട്ടിച്ച് തിരിച്ചു അവിടെത്തന്നെ കൊണ്ട് വെക്കാം എന്ന് പലരും പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലായിരുന്നു. കാരണം, ഒട്ടിയ്ക്കാൻ പറ്റാത്ത രീതിയിലായിരുന്നു അത് പൊട്ടിച്ചിരുന്നത്.


മനസ്സിൽ പകയുണ്ടായിരുന്നുവെങ്കിലും ആ കൊച്ചു അനിയത്തിയുടെ കാര്യം ഓർത്തപ്പോൾ ലോലപ്പന് ഒരു വല്ലായ്മ തോന്നി. ആ കത്ത് അവന്റെ കൈയിൽ വന്ന് അകപ്പെട്ടത് എന്തുകൊണ്ടാണ്? ആ അനിയത്തിയുമായി ഒരു പൂർവ്വ ജന്മ ബന്ധം ഉള്ളതുപോലെ അവനെ തോന്നി. ആ കുട്ടിയെ സംരക്ഷിക്കേണ്ടത് അവന്റെ ചുമതലയാണെന്ന് അവനു തോന്നി. ആ കത്തിലെ വാക്കുകൾ അവനോട് ആജ്ഞാപിക്കുന്നതുപോലെ അവന് തോന്നി.


റോബർട്ട് കുത്തുകൊണ്ട് ആശുപത്രിയിൽ ആണെന്നുള്ള കാര്യം അവൾക്ക് അറിയില്ല. രാത്രി സമയത്ത് ബസ്റ്റാൻഡിൽ വന്നിറങ്ങുന്ന അനിയത്തിക്ക് എന്തെങ്കിലും സംഭവിച്ചെങ്കിലോ! അവൾ തന്റെ ആരുമല്ലെങ്കിലും
കാര്യം അറിഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ചെയ്യണമെന്ന് ലോനപ്പനു തോന്നി. അങ്ങനെയാണ് ലോനപ്പൻ കൂട്ടുകാരെയും കൂട്ടി ആലപ്പുഴയ്ക്ക് പോകാൻ തീരുമാനിച്ചത്.


ലോനപ്പൻ നേരെ പോയത് സുഹൃത്ത് കൃഷ്ണകുമാറിന്റെ വീട്ടിലേക്കാണ്. അവിടെ ചെന്നപ്പോൾ മറ്റ് മൂന്നുപേരും അവിടെ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് കൃഷ്ണകുമാറുമായി ലോലപ്പൻ ട്രാൻസ്പോർട്ട്‌ ബസ്റ്റാൻഡിലേക്ക് വിട്ടു. ബസ്സ്റ്റാൻഡിൽ ചെന്നപ്പോൾ ഏകദേശം ഒൻപത് മണിയായി. ഏതാണ്ട് രാത്രി 10 മണിയോടെ അടുത്താണ് അവൾ അവിടെ വരുമെന്ന് അറിയിച്ചിരുന്നത്. എങ്ങും ഇരുട്ടു പരന്നു തുടങ്ങിയിരുന്നു.


“കൃഷ്ണകുമാറെ,നീ ഇവിടെ മാറിനിന്നോ. ഞാൻ പോയി അവളെ കണ്ട് കാര്യങ്ങൾ ചോദിക്കാം. അവൾക്ക് എവിടേക്കാണ് പോകേണ്ടതെന്നു മനസ്സിലാക്കിയിട്ട് നമുക്ക് രണ്ടുപേർക്കും കൂടി അവളെ ആ സ്ഥലത്ത് കൊണ്ടാക്കാം.”
“അമ്പടാ കള്ളാ! ആളെ കാണുന്നതിന് മുമ്പ് തന്നെ ഹൃദയങ്ങൾ തമ്മിൽ അടുത്തു അല്ലേ”?
കൃഷ്ണകുമാറിന്റെ വാക്കുകൾ അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു. ഏതോ ഒരു പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥ അവനിൽ രൂപം കൊണ്ടും.
“ റോബർട്ടിനെ കുറിച്ച് ചോദിച്ചാൽ നീ എന്ത് പറയും?”
“അവന് പനിയായിട്ട് ആശുപത്രിയിൽ ആണെന്ന് പറയാം.”


“ അത് കൊള്ളാം. അവനും ആയിട്ടുള്ള നിന്റെ ബന്ധം എന്താണെന്ന് ചോദിച്ചാലോ”?
“ സുഹൃത്താണെന്ന് പറയും.”
“ അതോ അളിയൻ ആണെന്നോ”? കൃഷ്ണകുമാർ കളിയാക്കി ചിരിച്ചു.
അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സ് വന്നുനിന്നു. അതിന്റെ ബോർഡ് പരിശോധിച്ചപ്പോൾ പാലായിൽ നിന്ന് വന്നതാണെന്ന് മനസ്സിലായി. പെട്ടെന്ന് ലോനപ്പൻ മുന്നോട്ട് നടക്കാൻ ഭാവിച്ചു. പക്ഷേ കൃഷ്ണകുമാർ അവനെ തടഞ്ഞു.
“ ലോനപ്പ,നോക്ക്. റോബർട്ട്!!. അതാ റോബർട്ട് അവിടെ നിൽക്കുന്നു.” കൃഷ്ണകുമാർ വിളിച്ചു പറഞ്ഞു.
“അയ്യോ! അബദ്ധമായേനെ!”ലോനപ്പൻ പ്രതികരിച്ചു.


“അവൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയോ?” ആകാംക്ഷ മുറ്റുന്ന സ്വരത്തിൽ കൃഷ്ണകുമാർ പറഞ്ഞു.
അങ്ങനെ അവർ നോക്കി നിൽക്കേ റോബർട്ട് അനിയത്തിയുമായി നടന്നു നീങ്ങി. അവർ അടുത്തു തന്നെ ഉണ്ടായിരുന്ന ഒരു ഓട്ടോയിൽ കയറി പോവുകയും ചെയ്തു.
“ എടാ അത് അവൻ തന്നെയാണോ?”
“പിന്നല്ലാതെ. കണ്ടില്ലേ അവന്റെ മുടിയും താടിയും.”
“ ശരിയാണ് അവന്റെ ഇടതു പുരികത്തിനു മുകളിലുള്ള ആ മുറിപ്പാട് വളരെ വ്യക്തമായി കാണാം. അപ്പോൾ അവന്റെ കൂടെ ഉള്ളത് അവന്റെ പെങ്ങൾ തന്നെ ആയിരിക്കണം”.


“ ശരിയാണ്.ഏതെങ്കിലും ഹോസ്റ്റലിൽ കൊണ്ട് ആക്കാൻ പോവുകയായിരിക്കും”
ലോനപ്പനും കൃഷ്ണകുമാറിനും ആ കാഴ്ച ഒരു അതിശയത്തിനപ്പുറം ഒരു ആശ്വാസം കൂടിയായിരുന്നു. രണ്ടുപേരും കൂടി കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് പോയി. അന്ന് അവിടെ കിടന്നിട്ട് പിറ്റേന്ന് രാവിലെ വീട്ടിലേക്ക് പോകാം എന്ന് ലോനപ്പൻ തീരുമാനിച്ചു. പക്ഷേ ലോനപ്പന് എന്തോ ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ആ പെൺകുട്ടിയോടൊന്നു മിണ്ടാൻപോലും കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവന്റെ മനസ്സ് വളരെ വേദനിച്ചു. വളരെ ആലോചിച്ചിട്ടും അവന് അതിന്റെ കാരണം മനസ്സിലായില്ല.
പിറ്റേന്ന് നേരം വെളുത്തത് ഒരു ഞെട്ടിക്കുന്ന വാർത്തയുമായാണ്. എല്ലാ പത്രങ്ങളിലും ഫ്രണ്ട് പേജ് വാർത്തയായിരുന്നു അത്. ചങ്ങനാശ്ശേരിയിലെ കോളേജിൽ നടന്ന അടിപിടിയിൽ മാരകമായി കുത്തേറ്റ റോബർട്ട് തലേദിവസം വൈകിട്ട് 6 മണിക്ക് മരണപ്പെട്ട വാർത്ത. വാർത്ത വായിച്ച ലോനപ്പൻ കൃഷ്ണകുമാറിനെ ഉറക്കത്തിൽ നിന്ന് വിളിച്ചു കാര്യം പറഞ്ഞു. ഒരു സ്വപ്നം കണ്ടതുപോലെ കൃഷ്ണകുമാർ മുഖത്തേക്ക് നോക്കി കേട്ടിരുന്നു. ലോനപ്പന്റെ മുഖം കടലാസ് പോലെ വെളുത്തുവിളറിയിരുന്നു.അപ്പോഴും മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു.

കൃത്യം മുപ്പതു വർഷങ്ങൾ കടന്നുപോയി. അതുപോലെയുള്ള ഒരു ജൂൺ മാസത്തിലെ തകർത്തു മഴ പെയ്യുന്ന പ്രഭാതം. ലോനപ്പൻ പാലായിലെ ഒരു വീട്ടിൽ മകനുമൊത്ത് പെണ്ണ് കാണാൻ വന്നിരിക്കുകയാണ്. റോബർട്ടിന്റെ പ്രിയ പെങ്ങൾ റോസിലന്റെ മകളാണ് പ്രതിശ്രുത വധു. റോസിലിൻ അയാളുടെ മുൻപിൽ ഇരിപ്പുണ്ട്. അയാൾ റോസിലിനോട് ചോദിച്ചു:
“അന്നൊരു ദിവസം റോബർട്ടിന് കത്ത് എഴുതിയത് ഓർമ്മയുണ്ടോ, ആലപ്പുഴ ബസ്റ്റാൻഡിൽ വരണം എന്ന് കാണിച്ച്?”
“അതേ അറിയാം” റോസിലിൻ അത്ഭുതത്തോടെ പറഞ്ഞു.
“അത് നിങ്ങൾക്ക് എങ്ങനെ അറിയാം”?
“അത് റോബർട്ട് ഞങ്ങളോടു പറഞ്ഞിരുന്നു. കുത്തേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഞങ്ങൾ അവനെ സന്ദർശിക്കാൻ പോയിരുന്നു. അവൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടെ വരികയും ചെയ്തു, റോസിലിനെ സ്വീകരിക്കാൻ. പക്ഷേ അപ്പോൾ റോബർട്ട് അവിടെ നിൽക്കുന്നത് കണ്ട് ഞങ്ങൾ പിന്മാറുകയായിരുന്നു.”
“അതെന്തേ പിന്മാറിയത്. റോബർട്ട് നിങ്ങളുടെ ഫ്രണ്ട് അല്ലായിരുന്നോ”?


“ ആയിരുന്നു. എങ്കിലും അവൻ അവിടെ വരുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അവനെ ആശുപത്രിയിൽ കണ്ടിട്ടല്ലേ ഞങ്ങൾ അങ്ങോട്ട് വന്നത്”.
ലോനപ്പന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഇടയ്ക്കിടയ്ക്ക് അവൻ റോസിലിന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.റോസിലിന് അവന്റെ വാക്കുകളിൽ സംശയമുണ്ടാകുമോ എന്ന് അവനു ഭയമായിരുന്നു.
“ആ ദിവസമാണ് റോബർട്ട് മരിച്ചത്.” ലോനപ്പൻ കൂട്ടിച്ചേർത്തു
“അതെനിക്കറിയാം”.
“റോസിലിനെ കൂട്ടിക്കൊണ്ടു വരാൻ അന്ന് ശരിക്കും ആരാണ് വന്നത്? നിങ്ങൾ എങ്ങോട്ടാണ് പോയത്?”


“ഇപ്പോഴും അത് ഒരു അത്ഭുതമായി എന്റെ മനസ്സിൽ കിടക്കുകയാണ്. പക്ഷേ അത് റോബർട്ട് തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം. ആ സമയത്ത് റോബച്ചായൻ മരിച്ച വിവരം എനിക്കറിയില്ലായിരുന്നു. എന്നെ ഇരുമ്പു പാലത്തിനടുത്തുള്ള ഹോസ്റ്റലിൽ ആക്കിയിട്ട് റോബച്ചായൻ പോയി. ആ കൈകൾ പൊക്കി വീശുന്നത് ഇപ്പോഴും എന്റെ മനസ്സിൽ പച്ചയായി നിൽക്കുന്നു.അപ്പോൾ എനിക്ക് ഒരു സംശയവും തോന്നിയില്ല. അന്നും പിന്നീട് പലപ്പോഴും ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട് പക്ഷേ ഇപ്പോഴും അതൊരു അൽഭുതം പോലെ എന്നിൽ അവശേഷിക്കുന്നു”.
“ഞങ്ങൾക്കും അന്നത്തേപ്പോലെ ഇന്നും അതൊരത്ഭുതമാണ്”,
“ ഒരുപക്ഷേ റോബച്ചായന്റെ ആത്മാവ് എന്നെ പിന്തുടർന്ന് എനിക്ക് സംരക്ഷണം നൽകാൻ വന്നിട്ടുണ്ടാവണം”.


റോസിലിന്റെ ഭർത്താവ് മാത്തച്ചൻ ഒന്നും മനസ്സിലാകാതെ അങ്ങനെ ഇരുന്നു.
“എന്താ സംസാരം ഒക്കെ കഴിഞ്ഞില്ലേ”? പുറത്തുനിന്ന് മാത്തച്ചൻ വിളിച്ചപ്പോഴാണ് അവർക്ക് പരിസരബോധം ഉണ്ടായത്. പെട്ടെന്ന് അനിലും അനിലയും പുറത്തുവന്നു.
“ എങ്കിൽ പിന്നെ നമുക്ക് ഇതങ്ങ് ഉറപ്പിച്ചേക്കാം, അല്ലേ”?
മാത്തച്ചൻ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കൂടി പറയുന്ന സ്വരം മനസ്സിലിട്ട് അമ്മാനമാടിക്കൊണ്ട് ലോനപ്പനും അനിലും കൂട്ടരും പടിയിറങ്ങി.
റോബർട്ടിനോടു പ്രതികാരം ചെയ്യാനുള്ള ആഗ്രഹം അപ്പോഴും അവന്റെ മനസ്സിൽ ഉണ്ടോയെന്ന് ലോനപ്പൻ ആലോചിച്ചു. അതിലുപരി ചേർക്കപ്പെടാതെ പോയ ഒരു ബന്ധം കൂട്ടിച്ചേർത്ത ആത്മ സംതൃപ്തിയായിരുന്നു ലോനപ്പന്.
മഴ അപ്പോഴും നിലച്ചിരുന്നില്ല.

തോമസ് കാവാലം

By ivayana