രചന : ബിനോജ് കാട്ടാമ്പള്ളി✍
പെരുമഴ പെയ്ത്തിന്റെ നനവുള്ളൊരോർമയിൽ
തൊടിയിൽ കളിക്കയാണെന്റെ ബാല്യം.
കടലാസുവഞ്ചിയിൽ സ്മൃതികൾ നിറച്ചിട്ട്
ഒഴുകി നടക്കയാണെന്റെ ബാല്യം.
കലിതുള്ളിയാർത്തലച്ചെത്തുന്ന പുഴയുടെ തീരത്ത്
ഭയമോടെ നിൽക്കുന്നൊരെന്റെ ബാല്യം.
മുള്ളുകൾ കൊണ്ടെന്നെ നോവിച്ചിരുന്നൊരാ
കൈതപ്പൂ മണം കൊതിയോടെ നുകരുന്നൊരെന്റെ ബാല്യം.
പ്രളയംനിറച്ചൊരാ വയലേലനടുവിലായ്
ചെറുവഞ്ചിയൂന്നിയെൻകുഞ്ഞു ബാല്യം.
കൂട്ടുകാരീ നീ പറഞ്ഞേൽപ്പിച്ചൊരാമ്പൽപ്പൂ
തിരഞ്ഞെന്റ സ്നേഹബാല്യം.
മഴയിൽനനഞ്ഞൊരാപുസ്തകം
മാറിലെ ചൂടാലുണക്കിയെൻ കുരുന്നു ബാല്യം.
മഴ നനഞ്ഞെത്തിയ കൂട്ടുകാരന്നൊപ്പം
ചേമ്പില ചൂടിയെൻകുറുമ്പു ബാല്യം.
മടവീണ് വിണ്ടൊരാ വയൽവരമ്പിൽ
വെറുതെ കാലിടറി വീണൊരെൻ കുസൃതി ബാല്യം
ചെളി പൂണ്ട പുത്തനുടുപ്പ് കണ്ടിട്ടമ്മ
വടിയോങ്ങി നിന്നതെന്നോർമ്മ ബാല്യം.
ശമിക്കാത്ത മഴപെയ്തരാത്രിയിൽ
പനിവന്നു വിറകൊണ്ടൊരെന്റ ബാല്യം
നെഞ്ചോട് ചേർത്തുകിടത്തി മുത്തച്ഛനെന്റെ
നെറുക തലോടിയിരുന്നു കാണും
നിറക്കാഴ്ചയായി ഓരോ മഴക്കാലവും
കുളിരോർമകൾ പേറിയെത്തുമിന്നും.
ഓരോ മഴയിലും കാണുന്നു ഞാനെന്റെ
കളിയും ചിരിയും കുസൃതികളും.
നൊമ്പരം കൊണ്ടു വിതുമ്പുന്നു
ഞാനിന്നീപെരുമഴ പെയ്ത്തിൽ നനഞ്ഞതില്ല.
കാലം തെറ്റി കനത്ത പേമാരിയിൽ
കുളിരില്ല കുളിരോർമയൊന്നുമില്ല.
തിരികെവന്നിടുമോ പ്രിയമഴക്കാലമേ
എൻ ബാല്യത്തിലേക്ക് തിരിച്ചു പോകാൻ.
തിരികെ വരാത്തൊരെൻ പ്രിയമെഴും
കാലത്തെ നിന്നിലൂടല്പമൊന്നോമനിക്കാൻ
തിരികെ വന്നീടുകിൽ പ്രിയകാലമേ
നിന്നെ മനസിന്റെയറയിൽ തളച്ചിടും ഞാൻ
ചെറുമഴപെയ്ത്തായ് നീ ഇന്നെന്റെ
നിനവിലേയ്ക്കൂർന്നു നിറം കലർത്തൂ
എന്റ നിനവിലേക്കൂർന്ന് നിറം കലർത്തൂ….