രചന : കെ. ജയനൻ✍

ഒരു വാച്ചെന്നാൽ
ചെറിയപൽച്ച ക്രങ്ങളുടെ
പ്രാണായാമം മാത്രമാണോ?
ഒരിക്കൽ
രസികനായൊരു വഴിപോക്കൻ
പറഞ്ഞു:
ഒരു വാച്ചെന്നാൽ
അക്ഷമമായ
മൂന്നു സൂചികളുടെ
മലകയറ്റം….
ഒച്ചെന്നോ
ഓന്തെന്നോ
സൂചികൾക്കോ മനപ്പേർ ചൊല്ലാം
ക്ഷമയെന്നോ
അക്ഷമയെന്നോ
അതിവേഗമെന്നോ
അനിശ്ചിതത്വമെന്നോ
നിർവചിക്കയുമാവാം….
സൂചികളുടെ ഗൃഹാതുരത്വം:
ഈ പഴയ വാച്ചിന്റെ
നെടിയ സൂചിക്കറിയാം
കട്ടയ്ക്കു വെച്ചോരു
മുത്തച്ഛന്റെ ഗർവ്വ്….
ഈ പഴയ വാച്ചിന്റെ
നെടിയ സൂചിയുടെ
ചലന വേഗങ്ങൾക്കറിയാം
അച്ഛനേറ്റോരു
ഹൃദയാഘാതത്തിന്നാഴം….
ഈ പഴയ വാച്ചിന്റെ
കുറിയ സൂചിക്കറിയാം
തൊട്ടിലാട്ടിയ മാതൃത്വത്തിൽ
മൂകസാക്ഷ്യം
മുത്തശ്ശിക്കഥകൾക്കേറ്റോ-
രർബുദനോവ്…..
വൈദ്യനും വണികനുമിടയിൽ
ഈ പഴയ വാച്ചൊരു കളി വാച്ച്
പൂച്ചയെ ചൊടിപ്പിക്കും
എലിസൂത്രം –
സൂചികളുടെ സൂത്രവാക്യം .
☘️

കാല ഭയം/ജയനൻ

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു;
മലമുകളിലെ കാർ മേഘങ്ങൾ അവനു ഭയമായിരുന്നു
വിശുദ്ധ സ്നാനത്തിന്
കടൽ അവനെ വിളിച്ചു
കടലിന്റെ കയച്ചുഴി അവനു ഭയമായിരുന്നു

അയലത്തെ ആഢ്യന്മാർ
അത്താഴപ്പട്ടിണിക്കാരെ വിളിച്ചു;
കുല മൂർത്തികളെ അവനു ഭയമായിരുന്നു
പള്ളി മണികൾ അവനെ പ്രാർത്ഥനക്കായ് വിളിച്ചു;
അൾത്താരകൾ അവനു ഭയമായിരു ന്നു
ചിരഞ്ജീവിയാകാൻ ദൈവം അവനെ വിളിച്ചു
സ്വർഗ സൂക്തങ്ങൾ അവനു ഭയമായിരുന്നു
ഒപ്പം കൂടാൻ പറവകൾ അവനെ വിളിച്ചു
ചിറകുകൾ അവനു ഭയമായിരുന്നു
ധ്യാനിക്കാൻ ഗുരു അവനെ വിളിച്ചു
ഗുഹകൾ അവനു ഭയമായിരുന്നു
ജന്മസുകൃതത്തിന് ഋതുക്കൾ അവനെ വിളിച്ചു
കാലത്തിന്റെ അനശ്വരത അവനു ഭയമായിരുന്നു
ക്രിസ്തു അവനെ സ്വർഗത്തിലേക്ക് വിളിച്ചു
കുരിശിന്റെ വിലാപം
അവനു ഭയമായിരുന്നു
നിർവാണത്തിനായ് നിദ്ര വിട്ടുണരാൻ ബുദ്ധൻ
അവനെ മഹാ മൗനത്തിലേക്ക് വിളിച്ചു
അനശ്വരതയ്ക്കായ്
ആത്മഹത്യ ചെയ്യുക
അവനു ഭയമായിരുന്നു
ഒടുവിൽ
ജൈവ നോവുകളുടെ
പരലുപ്പെന്ന് വിളിച്ച്
ബുദ്ധൻ
അവനെ ഉപേക്ഷിച്ചു…..
☘️

By ivayana