രചന : സതീഷ് വെളുന്തറ✍
കാലം 1987. കൗമാരം വിട്ടു മനസ്സും ശരീരവും യൗവനത്തിന്റെ തുടിപ്പിലേക്ക് പദമൂന്നാൻ തുടങ്ങുന്ന സമയം. പ്രായപൂർത്തി വോട്ടവകാശം 18 ആയി നിർണയിച്ചിട്ട് അധികകാലമായിട്ടില്ല അന്ന്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ എന്നൊരു ആചാരമോ ജനന സർട്ടിഫിക്കറ്റ് എന്നൊരു പൗരത്വ രേഖയോ ഒന്നും വേണ്ടാതിരുന്ന സമയം. ഞാനടക്കം അന്ന് മറ്റു പലരും രണ്ടുതവണ ഭൂജാതരായവരാണ്. ഒന്ന് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പൊക്കിൾകൊടി ബന്ധം വേർപെട്ട് വലിയ ഒരു നിലവിളിയുടെ അകമ്പടിയോടുകൂടി ഈ അഖിലാണ്ഡ മണ്ഡലത്തിലേക്ക് പിറവികൊണ്ട ദിവസം. മറ്റൊന്ന് ആദ്യമായി സ്കൂളിൽ ചേർത്തപ്പോൾ സ്കൂളിലെ എച്ച് എം അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്ത തീയതിയിൽ ഒന്നുകൂടി ജനിച്ചത്. ആദ്യാക്ഷരങ്ങൾക്ക് തുടക്കം കുറിച്ച പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ എഴുതിച്ചേർത്ത തീയതിയിൽ ഞാൻ ജനിച്ചു എന്നാണ് എന്റെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പക്ഷേ ജനനത്തിനും മരണത്തിനും ഇവിടെ പ്രസക്തിയില്ലല്ലോ. അതിനിടയിലുള്ള ഈ ഉത്സവപ്പറമ്പിലെ തീയറ്ററിൽ കർട്ടൻ ഉയരുന്നതിനും താഴുന്നതിനും ഇടയിലുള്ള ചില ദിവസങ്ങൾ, മാസങ്ങൾ,വർഷങ്ങൾ- ശബ്ദായമാനമായും വർണ്ണാഭമായും ഇത് രണ്ടുമില്ലാതെയും- പച്ചയായും,കത്തിയായും,താടിയായും, കരിയായും,മിനുക്കായും ആടി തീർക്കുക. ആട്ടവിള ക്കണയുന്നതിന് മുൻപേ ഒരുപക്ഷേ ആടയാഭരണങ്ങൾ അഴിച്ചു വയ്ക്കേണ്ടി വന്നേക്കാം. പദ്യപാരായണവും, ലളിതഗാനവും, മിമിക്രിയും, മോണോ ആക്ടും, പ്രസംഗമത്സരവും, കുച്ചുപ്പുടിയും, മോഹിനിയാട്ടവും, നാടോടി നൃത്തവും, ഭരതനാട്യവും,ഉപന്യാസ രചനയും ഒക്കെയുള്ള ഒരു സ്കൂൾ കലോത്സവം പോലെ ജീവിതം ഒരു തോണിയായി പൊങ്ങിയും താണും നിമ്ന്നോന്നതങ്ങളിൽ ആടിയുലഞ്ഞുമുള്ള ഒരു യാത്ര.
ആമുഖം നീട്ടിക്കൊണ്ടുപോയി രസച്ചരട് പൊട്ടിക്കുന്നില്ല. പ്രീഡിഗ്രി പരീക്ഷയിൽ സാമാന്യം ഭംഗിയായി തന്നെ തോറ്റു നിൽക്കുന്ന സമയം. പക്ഷേ അക്കാലത്ത് എസ്എസ്എൽസി -ക്ക് തോറ്റു എന്ന് പറയുന്നതുപോലെ പ്രീഡിഗ്രിക്ക് ആർക്കും തോൽവി ഇല്ല. ജയിച്ചോ എന്ന് ചോദിച്ചാൽ – ഉം – എന്നാണ് ഉത്തരം. ഒന്നുകൂടി എടുത്ത് ചോദിച്ചാൽ ഇംഗ്ലീഷ് കിട്ടിയില്ല എന്നാകും. അന്നൊക്കെ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് കിട്ടിയില്ല എന്ന് പറയുന്നത് ഒരു ഫാഷനായി തന്നെ മാറിയിട്ടുണ്ടായിരുന്നു. അപ്പോൾ സബ്ജക്ടോ എന്ന അടുത്ത ചോദ്യത്തിനുത്തരം അത് അടുത്ത മാർച്ചിൽ എഴുതണം എന്നാണ്. ഇതായി എന്റെ അവസ്ഥ. ഒരു എബൗ ആവറേജ് വിദ്യാർത്ഥി അത്രയേ ഉള്ളൂ. പക്ഷേ രണ്ടാം വർഷമായപ്പോൾ എനിക്കൊരു ജാഡ ഉണ്ടായിരുന്നു. ഒപ്പം പഠിച്ച് ഫസ്റ്റ് ക്ലാസിൽ എസ്എസ്എൽസി പാസായ പലർക്കും പ്രീഡിഗ്രി ഒന്നാം വർഷം ഇംഗ്ലീഷ് കിട്ടിയില്ല. പക്ഷേ ഞാൻ ഇംഗ്ലീഷിന് പാസായി, എക്കണോമിക്സിന് മാത്രം രണ്ടുമാർക്കിന് തോറ്റു. നമുക്കിനി ഭയമേത് എന്ന ഒരു ചിന്താഗതി. അതുകൂടാതെ ആവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനവും തലയ്ക്കു പിടിച്ചിരുന്നു. രണ്ടുംകൂടി അപ്പുറവും ഇപ്പുറവും നിന്ന് പിടിവലി നടത്തിയപ്പോൾ പഠനം ഉഴപ്പി.
പക്ഷേ വിട്ടുകൊടുത്തില്ല, ആ വാശിക്ക് അടുത്ത മാർച്ചിൽ എല്ലാം കൂടി ഒരുമിച്ച് എഴുതി പാസായി. അഞ്ചലിലെ ഒരു പ്രധാന പാരലൽ കോളേജിൽ ആയിരുന്നു പഠനം.ട്യൂട്ടോറിയിൽ പോകുന്നതിനുവേണ്ടി അഞ്ചലിലേക്കുള്ള ആദ്യ യാത്ര. നല്ല മൂന്നു സിനിമ തിയറ്ററുകൾ അവിടുത്തെ ആകർഷണീയതയും പ്രലോഭനവും ആയിരുന്നു. പക്ഷേ സിനിമയിലേയ്‌ക്കൊന്നും മനസ്സ് പോയില്ല, കാരണം ബഡ്ജറ്റ് പരിമിതമായിരുന്നു. 50 പൈസയാണ് ഒരു ദിവസത്തേക്ക് അനുവദിച്ചിട്ടുള്ള TA. രാവിലെയുള്ള യാത്രയ്ക്ക് 20 -വൈകിട്ട് 25 -പൈസ. വൈകിട്ട് വരുന്ന ബസ്സിന് ഒരു ഫെയർ കൂടുതലാണ് അതാണ് 5 പൈസയുടെ വ്യത്യാസം. അഞ്ചാമത്തെ ദിവസം 25 പൈസ ബാക്കിയുണ്ടാവും അന്ന് അനുവദിക്കുന്ന യാത്രപ്പടി ഇരുപതു പൈസയാണ്. വീട്ടിൽനിന്ന് 10 മിനിറ്റ് നടക്കണം ഒരു കിലോമീറ്റർ അപ്പുറമുള്ള ബസ്റ്റോപ്പിൽ എത്താൻ.
മണ്ഡലവിളക്ക് മഹോത്സവകാലമാണ് തൊട്ടപ്പുറത്തെ ക്ഷേത്രത്തിൽ നിന്ന് ഭാഗവത പാരായണത്തിന്റെ ശീലുകൾ അന്തരീക്ഷത്തിലൂടെ ഒഴുകി ചെവികളിൽ എത്തുന്നുണ്ട് നടപ്പിനു കൂട്ടായി. ഭക്തിസാന്ദ്രമായ അന്തരീക്ഷം. വീട്ടിൽ നിന്ന് ഇറങ്ങി ഒരു നെൽപ്പാടം കടന്ന് 300 മീറ്റർ ഉള്ള ഒരു ചെമ്മൺ പാത കൂടി കടന്നാൽ മെയിൻ റോഡിൽ എത്തും. 15 -30 മിനിറ്റ് ഇടവിട്ട് ബസ്സുകൾ ഉണ്ട്. അരമണിക്കൂർ കൊണ്ട് അഞ്ചൽ എത്താം.
ചന്ദ്രഗുപ്ത മൗര്യന്റെ ഭരണപരിഷ്കാരങ്ങളും, ദേശീയ വരുമാനവും ആളോഹരി വരുമാനവും തമ്മിലുള്ള വ്യതിയാനവും, സാമ്പത്തിക ശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെയും ഒക്കെ നൂലാമാലകളെല്ലാം ക്ലാസ് മുറികളിൽ ഇതൾ വിടർത്തി ഉല്ലസിച്ചു. ഷേക്സ്പിയറും, ഷെല്ലിയും, കീറ്റ്സും, ടാഗോറുംചിറകുവിടർത്തി പറന്നു. ഇടവേളകളിൽ ക്ലാസ് മുറിക്ക് പുറത്ത് ചില വിരുതന്മാരുടെ മിമിക്സ് പരേഡ്. അവരുടെ മുഖങ്ങളിൽ ക്ലാസ് റൂമുകൾ അരോചകമാക്കുന്ന അധ്യാപകരുടെയും സാംബശിവന്റെ കഥാപ്രസംഗ വേദിക്ക് തുല്യമാക്കി മാറ്റുന്ന അധ്യാപകരുടെയും വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു.
മൂന്നര മണിക്ക് ക്ലാസ് വിട്ട ശേഷം മടക്കയാത്ര. ഇനിയാണ് കഥയുടെ പരിണാമഗുപ്തി. അന്ന് ഞങ്ങളുടെ നാട്ടിലൂടെ കല്ലറ പുനലൂർ ബസ്സുകൾ ധാരാളമുണ്ട്. അതിൽ ഹരിശ്രീ എന്ന ഒരു ബസുമുണ്ട്. അതിലാണ് എനിക്ക് പോകേണ്ടത്.3.45ന് അഞ്ചൽ നിന്നും പുറപ്പെട്ട് 4. 15ന് മണ്ണൂരിൽ എത്തും. ക്ലാസ് വിട്ടിറങ്ങി ആർ.ഓ( റേഞ്ച് ഓഫീസ് )ജംഗ്ഷനിൽ എത്തിയപ്പോൾ ഹരിശ്രീ ബസ് എന്നെ കാത്തെന്നപോലെ കിടപ്പുണ്ട്. പോലീസുകാരന് വിശക്കുന്നതുപോലെ വിശക്കുന്നുണ്ട് ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. നേരെ ബസ്സിൽ കയറി. ഭാഗ്യം സീറ്റുണ്ട്,ഇടതുവശത്ത് സൈഡ് സീറ്റ് തന്നെ കിട്ടി. കണ്ടക്ടർ വന്നപ്പോൾ 25 പൈസ കൊടുത്തു ടിക്കറ്റ് എടുത്തു, ഡബിൾ ബെൽ മുഴങ്ങി. ഫസ്റ്റ് ഗിയറിൽ ക്ലച്ച് കുറേശ്ശെ അയച്ചുകൊണ്ട് ഡ്രൈവറുടെ വലം കാൽ ആക്സിലേറ്ററിൽ മെല്ലെ അമർന്നിട്ടുണ്ടാകും.
ബസ് പതിയെ നീങ്ങുന്നു, സുഖകരമായ യാത്ര. വെയിൽ നന്നായി നീങ്ങിയിട്ടില്ല അപ്പോഴും,പക്ഷേ കാറ്റ് ഒരാശ്വാസം പോലെ തഴുകുന്നുണ്ട്. പകുതി അഴിഞ്ഞു കിടക്കുന്ന ബസിന്റെ ടാർപ്പ (അന്ന് എല്ലാ ബസിനും ഷട്ടർ ഇല്ല )ഇളകിയാടുന്നുണ്ട്. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ബസ് നിർത്തുകയും ആളുകൾ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്യുന്നുണ്ട്. സൈഡ് സീറ്റിൽ ഇരിക്കുന്നതുകൊണ്ട് ഇറങ്ങുകയും കയറുകയും ചെയ്യുന്ന സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ( പ്രൊഫസർ – എസ്. ശിവദാസിന്റെ മ്യൂനിച്ചിലെ സുന്ദരികളും സുന്ദരൻമാരുമല്ല ) മുഖത്തിന്റെ ക്ലോസപ്പ് ഷോട്ട് കിട്ടുന്നുണ്ട്.ബസ് നീങ്ങുകയാണ്, ഇടയ്ക്ക് പുറത്തേക്കൊന്നു നോക്കിയപ്പോൾ സ്ഥലത്തിനൊക്കെ ഒരപരിചിതത്വം. പെട്ടെന്നാണ് വലിയൊരു പാറ നീണ്ടു നിവർന്നങ്ങനെ മീറ്ററുകളോളം പരന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
അന്ന് ജഡായുപ്പാറയെ കുറിച്ചൊന്നും വലിയ കേട്ടറിവില്ല. ഞങ്ങളുടെ അസംബ്ലി മണ്ഡലം അതാണെങ്കിലും. അങ്ങനെയാണ് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡിലേക്ക് ദൃഷ്ടികൾ പാഞ്ഞത്. ചടയമംഗലം എന്ന പേര് കണ്ടപ്പോൾ തലയിലൂടെ കൊള്ളിമീനോ ഇടിവാളോ എന്തൊക്കെയോ പാഞ്ഞു പോയി. ഇനി കൈവശമുള്ളത് 5 പൈസയാണ്. ഇത് പോരേടം പോകുന്ന ബസ്സാണ് അവിടുന്ന് നിലമേൽ ഇറങ്ങണമെങ്കിൽ 10 പൈസ വേണം. അവിടെ ഇറങ്ങി. എന്നെയും കടന്നുപോകുന്ന ബസിന്റെ പിന്നിൽ എഴുതിയിട്ടുള്ള പേര് പിന്നെയാണ് ശ്രദ്ധിച്ചത്. ഞങ്ങളുടെ നാട്ടിലൂടെ പോകുന്ന ബസിന്റെ പിന്നിൽ പേര് എഴുതിയിട്ടുള്ളത് ഇംഗ്ലീഷിൽ ആണ്. ഇത് മലയാളത്തിലും. പക്ഷേ ഭാഷ ശ്രദ്ധിച്ചില്ല പേര് മാത്രമേ ശ്രദ്ധിച്ചുള്ളൂ.
പക്ഷേ അശ്രദ്ധയെ പഴിച്ച് രാവണൻ ജഡായുവിനെ ചിറകരിഞ്ഞു വീഴ്ത്തിയെന്ന് ഐതിഹ്യം പറയുന്ന നാട്ടിൽ ആകാശത്തേയ്ക്ക് നോക്കി വാനനിരീക്ഷണ ശാസ്ത്രത്തിന്റെ അപാരതകളെ കുറിച്ച് ഗവേഷണം നടത്തിയിട്ട് കാര്യമില്ലല്ലോ. നിലമേലേയ്ക്ക് വച്ചുപിടിക്കാം, തീരുമാനം വളരെ പെട്ടെന്നായിരുന്നു. അടുത്ത ഒരു മണിക്കൂർ നേരം ചടയമംഗലം മുതൽ നിലമേൽ വരെയുള്ള എംസി റോഡിലെ പൊടിപടലങ്ങളെ എന്റെ പാദങ്ങൾ പുളകമണിയിച്ചു. നിലമേൽ ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു തമിഴൻ പാമ്പാട്ടിയുടെ പാമ്പുകളി. അയാളുടെ ചടുലവും രസകരവുമായ സംഭാഷണവും കളികളും കണ്ടുകൊണ്ട് അല്പനേരം നിന്നു. ഉരഗ ശ്രേഷ്ഠന്മാരുടെ ലീലാവിലാസങ്ങൾ പക്ഷേ കൂടുതൽ നേരം കണ്ടുനിൽക്കാനുള്ള അവസ്ഥയല്ല. കടയ്ക്കൽ എത്തിയാലേ വീട്ടിലേക്ക് പോകാൻ കഴിയുള്ളൂ, സമയം 5.30 കഴിഞ്ഞു. പാമ്പുകളെ വിട്ടു പാദങ്ങൾ വീണ്ടും ചലിക്കുന്ന ചക്രമായി.
ഒരു 200 മീറ്റർ നടന്നു കാണും.” ബുക്ക് പേപ്പർ പഴയ പ്ലാസ്റ്റിക് കൊടുക്കാനുണ്ടോ…. കടല,കപ്പലണ്ടി ” നല്ല ഈണത്തിലും താളത്തിലുമുള്ള അനൗൺസ്മെന്റ് -പക്ഷേ മൈക്കിലല്ല.ഒരു തമിഴ് പയ്യൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തലയിൽ സാമാന്യം വലിയ ചതുരാകൃതിയിലുള്ള ഒരു കുട്ട. 13 – 14 വൈസ് പ്രായം കാണും. പിന്നീട് അവനുമായി ചങ്ങാത്തം കൂടി നടന്നു. അന്ന് മുല്ലപ്പെരിയാറെന്നും ഒരു വലിയ വിഷയമല്ല. അതുകൊണ്ടായാലും അല്ലെങ്കിലും സംഭാഷണത്തിലൂടെ ഒരു സൗഹൃദം ഞങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ഉടലെടുത്തു. കാരിയം എന്ന സ്ഥലത്ത് എത്തിയപ്പോൾ ആ പയ്യന് മറ്റൊരു വഴിക്ക് തിരിഞ്ഞു പോകണം. പെട്ടെന്ന് എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി.
കൈയിൽ അഞ്ചിന്റെ പൈസ ഇല്ലെന്ന് പറയാൻ പറ്റില്ല കാരണം അഞ്ചു പൈസ കയ്യിലുണ്ട്. ഈ പയ്യനോട് ചോദിയ്ക്കാം. കടയ്ക്കൽ നിന്നും മണ്ണൂർ ഇറങ്ങണമെങ്കിൽ 90 പൈസ വേണം. ആറുമണി കഴിഞ്ഞാൽ ST.ഇല്ല. അവനോട് കാര്യങ്ങളുടെ ഒരു കിടപ്പുവശം പറഞ്ഞിരുന്നത് കൊണ്ട് രണ്ടും കൽപ്പിച്ച് ചോദിച്ചു. നീ എനിക്ക് ഒരു രൂപ തരണം. ഇനി എന്നെങ്കിലും നിന്നെ കാണാൻ പറ്റുമെന്നോ ഇത് തിരികെ തരാൻ കഴിയുമെന്നോ എന്നൊന്നും ഒരു ഉറപ്പുമില്ല. അശേഷം ആലോചിക്കാതെ അവൻ ഒരു രൂപ എടുത്ത് എന്റെ നേർക്കു നീട്ടി. ചക്കക്കൂട്ടാൻ കണ്ട ഗ്രഹണി പിടിച്ചവനെ പോലെ ഞാൻ ആ നാണയത്തുട്ട് ഏറ്റുവാങ്ങി അവനോട് നന്ദിയും യാത്രയും പറഞ്ഞു കാൽ വയ്പ്പുകൾ അൽപ്പം കൂടി ത്വരിതഗതിയിലാക്കി.
കടയ്ക്കൽ എത്തിയപ്പോൾ 6. 15. വീട്ടിലെത്തിയാൽ അടി (തല്ല് )ഉറപ്പാണ് താമസിച്ചതിത്. ചോദ്യോത്തരവേള പിന്നീടേ ഉണ്ടാകൂ. പിന്നെ അച്ഛൻ ആ സമയത്ത് കടയിൽ ആയിരിക്കും എന്നൊരു സമാധാനമുണ്ട് അച്ഛന് അന്ന് സ്റ്റേഷനറി കച്ചവടമുണ്ട്. അമ്മ പറഞ്ഞു കൊടുക്കില്ല എന്നൊരു സമാധാനവും ഉണ്ട്. എന്തായാലും വീട്ടിലെത്തിയപ്പോൾ ഇരുളായി.ചേട്ടൻ അന്ന് ബോംബെയിലാണ് അനുജൻ പറഞ്ഞുകൊടുത്തതുമില്ല. അമ്മ പറയില്ല എന്നുള്ളത് നേരത്തെ ഉറപ്പാണല്ലോ.
മറക്കാത്ത അനുഭവങ്ങൾ ഓർമ്മക്കുറിപ്പായി ഇങ്ങനെ എഴുതിയപ്പോൾ ആ ദിവസം കടയ്ക്കൽ നിന്നും മണ്ണൂരിൽ ഇറങ്ങാൻ കയറിയ ബസ് ഏതാണെന്ന് സത്യം പറഞ്ഞാൽ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷേ ആ തമിഴ് പയ്യനെ ഒരിക്കലും മറക്കില്ല. കറുത്ത് കുറുകി അല്പം തടിച്ച് പൊക്കം കുറഞ്ഞ അവന്റെ ശരീരവും വട്ട മുഖവും ഇപ്പോഴും മനസ്സിലുണ്ട് മായാതെ തന്നെ. പ്രിയപ്പെട്ട തമ്പി നിന്നെയും നീ തന്ന വിലമതിയ്ക്കാനാവാത്ത ഒരു രൂപ വെള്ളിനാണയത്തെയും ഞാൻ ഒരിക്കലും മറക്കില്ല. നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ നീ എവിടെയാണെങ്കിലും. നന്ദി സ്നേഹം.
✍️