രചന : ബിജുനാഥ്✍
വഴി തെറ്റി
കോഴിക്കോടു നിന്നും
ബേപ്പൂരിലേക്കു
പോകുന്ന
നിരത്തിന്നോരത്തെത്തി,
പുളിയും പിലാവും
തെങ്ങും കവുങ്ങും
തഴച്ചു നിൽക്കുന്നൊരു
രണ്ടേക്കർ പറമ്പിലാണ്
ചെന്നു കയറിയത്.
ഓടു മേഞ്ഞ,
പഴയ വീടിൻറ
ഗെയ്റ്റു കടന്നെൻ
പാദം മുറ്റത്തെ മണൽത്തരിയോടൊട്ടി
യുരുമ്മി നിൽക്കെ,
സ്തബ്ദനായിപ്പോയീ
സൂക്ഷിച്ചു നോക്കുന്നേരം,
വീടിൻറ കോലായയിൽ,
ചാരുകസേരയിൽ,
സ്റ്റൈലായി
ബീഡിയും വലിച്ചിരിക്കുന്നു,
വൈലാലിൽ
ബേപ്പൂർ സുൽത്താൻ.
മുറ്റത്തു കഞ്ഞിവെള്ളം
കുടിക്കുന്ന ആട്,
ചിക്കിപ്പെറുക്കുന്ന
കോഴിക്കൂട്ടം,
തൊടിയിൽ
ഒട്ടകലെയല്ലാതെ
തൊട്ടുരുമ്മി നിൽക്കും
പയ്യും കുട്ടീം..
അകത്തു നിന്നും
വന്ന ഫാബിത്താത്ത
എന്നെകണ്ടു
കയറി ഇരിക്കാൻ
പറഞ്ഞു.
”എവിടെ നിന്നു
വരുന്നു?”
നവാബിൻറ സ്വരം.
ഞാൻ സ്ഥലം
പറഞ്ഞു തീരും മുമ്പ്
അടുത്ത ചോദ്യം;
”ആഹാരം കഴിച്ചതാണോ?”
ജീവിതം വിശപ്പാണെന്നും
വിശപ്പ് ജീവിതം
തന്നെയെന്നും
അറിഞ്ഞ ചോദ്യം.
ചായതന്നതു
കുടിച്ചു തീർന്നപ്പോൾ
പിന്നെ മെല്ലെ
പറഞ്ഞു മഹാൻ;
”ഗ്ലാസ്സ് കമഴ്ത്തി വെയ്ക്കുക”
എന്തിനെന്നെൻറ
ചിന്തകൾ പോകെ
പോകെ സൗമ്യനായ്
മൊഴിഞ്ഞു ;
”ഉറുമ്പുകൾ വീണു
ചാകുമെടോ”.
ചൂളിപ്പോയ് ഞാനാ
നാക്കിൻ ശാസനാ സ്വരം കണ്ടു
ഓതിനാനെൻ മനം
”ലോകാസ്സമസ്താസുഖിനോ ഭവന്തു”.
ഠേ …
ചെകിട്ടത്തൊരടി
കൊണ്ടെന്നുറക്കം
മുറിഞ്ഞുപോയ്
വണക്കം പറയാതെ
മടക്കയാത്ര ചൊന്നാൻ.. പാതിയാണവളുണർ
ന്നൊട്ടു നേരമായ്
”എണീക്കൂ മനുഷ്യാ
ഒരെലിയുണ്ടീ
കട്ടിലിന്നുള്ളിൽ.
കൊല്ലുക, വേഗമത്
നമ്മുടെ പുതുവീട്
നശിപ്പിക്കുന്നതിൻ മുമ്പേ”
(വര: ഷൈജു എ.കെ)