രചന : മൻസൂർ നൈന ✍

ഏഷ്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ ഫോർട്ടിന്റെ നിർമ്മാണം 1503 സെപ്റ്റംബർ – 26 ന് ഫോർട്ടുക്കൊച്ചിയിൽ അറബിക്കടലിന്റെ തീരത്ത് ആരംഭിച്ചു . മരം കൊണ്ടായിരുന്നു കോട്ടയുടെ നിർമ്മാണം . ഫ്രാൻസിസ്‌കോ ഡി ആൽബുകർക്ക് , കൊച്ചി മഹാരാജാവ് ഉണ്ണി രാമൻ കോയിക്കൽ രണ്ടാമനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കൊച്ചിയിൽ ഒരു കോട്ട നിർമ്മിക്കുന്നതിനായുള്ള പോർച്ചുഗീസ് രാജാവിന്റെ നിർദ്ദേശത്തെ കൊച്ചി രാജാവ് അംഗീകരിക്കുകയായിരുന്നു .


ഫോർട്ടുക്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പിലെ ഡോക്യുമെന്റേഷൻ അസിസ്റ്റന്റായിരുന്ന കെ. ഹരികുമാർ ചില വിവരങ്ങൾ നൽകി . കോട്ടയുടെ പണി ഫ്രാൻസിസ്കോ ഡി അൽബുകർക്കിന്റെ മേൽനോട്ടത്തിലാണ് ആരംഭിച്ചത് . മൂത്ത തെങ്ങിൽ തടികളും , പനകളും കൊണ്ടാണ് ആദ്യത്തിൽ കോട്ട നിർമ്മിച്ചത് .വെള്ളക്കെട്ടിലായിരുന്നു കോട്ടയുടെ നിർമ്മാണം . കോണുകളിൽ വശങ്ങളുള്ള കൊത്തളങ്ങളിൽ കടലിലേക്ക് ലക്ഷ്യം വെച്ച് ആയുധങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാകും ഇത്തരം കൊത്തളങ്ങൾ ശത്രുക്കളുടെ ശ്രദ്ധയിൽ നിന്നു മാറി അവരെ വീക്ഷിക്കാനും ആക്രമിക്കാനും അങ്ങനെ കോട്ടയെ ശത്രുക്കളിൽ നിന്നു സംരക്ഷിക്കുന്നതിനുമായാണ് . അർദ്ധൃവൃത്താകൃതിയിലായിരിക്കും ഇവ നിർമ്മിക്കുക . അങ്ങനെ ഏഴ് കോട്ട കൊത്തളങ്ങൾ ഇമ്മാനുവൽ ഫോർട്ടിനുണ്ടായിരുന്നു .


അതിലൊന്നായിരുന്നു ബാസ്റ്റ്യൻ ബംഗ്ലാവ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലം . ഡച്ച് ആധിപത്യകാലത്ത് 1667 ലാണ് ബാസ്റ്റൻ ബംഗ്ലാവ് ഡച്ചുകാർ പണിതത്
കൊച്ചീക്കോട്ടയെ സംബന്ധിച്ച് വില്യം ലോഗൻ ഇങ്ങനെ പറയുന്നു .
” കൊച്ചീരാജാവുമായുള്ള അടുത്ത ബന്ധം ഉപയോഗപ്പെടുത്തിക്കൊണ്ട് അൽബുക്കർക്ക് കൊച്ചിയിൽ പോർച്ചുഗീസ് വ്യാപാരത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനായി ഒരു കോട്ട പണിയാൻ അനുവാദം തേടി . രാജാവ് അതു നൽകുകയും ചെയ്തു . 1503 സെപ്തംബർ 26 ന് കോട്ടയുടെ പണി തുടങ്ങി. സമചതുരത്തിലുള്ള നാലുക്കെട്ടും അനുബന്ധമായി കൊത്തളങ്ങളും നാലുമൂലയ്ക്കും കാവൽ ഗോപുരങ്ങളുമടങ്ങിയ കോട്ടയുടെ ഭിത്തികൾ ഇരട്ടത്തെങ്ങിൻ തടികൾ ചേർത്തു കെട്ടി ഇടയിൽ മണൽത്തിട്ടുകൾ ഉയർത്തി നിർമ്മിച്ചവയായിരുന്നു .

സുരക്ഷിതത്വം കൂട്ടുന്നതിന് ഭിത്തികളെ വലയം ചെയ്തു കൊണ്ട് വെളിയിൽ തോടുകൾ കുഴിച്ചിരുന്നു . ഒക്ടോബർ 1 ന് രാവിലെ കോട്ടയ്ക്ക് പോർച്ചുഗീസ് രാജാവിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ നാമധേയത്തിൽ എമാനുവൽ കോട്ട എന്നു പേരിടുകയും ചെയ്തു. ഇതു സംബന്ധിച്ച ചടങ്ങിൽ ഗാസ്തോൺ എന്ന ഫ്രാൻസിസ്ക്കൻ പാതിരി നടത്തിയ സുവിശേഷ പ്രസംഗത്തിൽ ഹിന്ദുക്കളുടെ ക്രിസ്തീയവൽകരണത്തിലേക്കുള്ള വാതിൽ തുറന്നിട്ട ദിവസമായി പോർച്ചുഗീസ് കോട്ടയുടെ സമാരംഭത്തെ വാഴ്ത്തിയിരുന്നു . കോട്ടയിലുള്ളവർ കൊച്ചി രാജാവായ പെരുമ്പടപ്പിന്റെ ആയുരാരോഗ്യത്തിനു ദിവസേന പ്രാർത്ഥിക്കണമെന്നും ഉദ്ബോധിപ്പിച്ചിരുന്നു . “


കെ.പി. പദ്മനാഭമേനോന്റെ വിശദീകരണ പ്രകാരം കൊച്ചി കോട്ടയുടെ പണി ആരംഭിച്ചത് 1503 സെപ്തംബർ 27 നാണ് ( കൊല്ലം 679 തുലാം ) .
“ഒരു നൂറ്റി എൺപത് വാര നീളം വീതിയിൽ ചതുരശ്രാകൃതിയായി തെങ്ങിൻ തടികളെ രണ്ടു വരിയായി കുഴിച്ചിട്ട് ഇടയിൽ കല്ലും മണ്ണും നിറച്ച് ഇകമ്പുവാറുകൊണ്ട് കെട്ടി മുറുക്കി ഒരു കോട്ടയും ചുറ്റും കിടങ്ങും ഉണ്ടാക്കി . മൂലകളിൽ കൊത്തളങ്ങൾ ഉണ്ടാക്കി , അതുകളിൽ വലിയ തോക്കുകളും വെച്ചുറപ്പിച്ചു . കോട്ടക്ക് മാനുവൽ എന്നു പേരിട്ടു “
എ. ശ്രീധരമേനോന്റ വിശദീകരണ പ്രകാരവും കൊച്ചി കോട്ടയുടെ നിർമ്മാണം ആരംഭിച്ചത് 1503 സെപ്തംബർ 27 നാണ് . പോർച്ചുഗീസ് രാജാവിന്റെ ബഹുമതിക്കായി ‘ഫോർട്ട് മാനുവൽ ‘ എന്ന പേര് നൽകിയതായും പറയുന്നു .


1503 സെപ്‌റ്റംബർ അവസാനത്തോടെയാണ് ഫ്രാൻസിസ്കോ ഡി അൽബുകർക്കിന്റെ സഹോദരൻ അഫോൺസോ ഡി അൽബുക്കർക്ക് കൊച്ചിയിലെത്തുന്നത് . കോട്ടയുടെ നിർമ്മാണ മേൽനോട്ട ചുമതല തന്റെ സഹോദരനിൽ നിന്നു അദ്ദേഹം ഏറ്റെടുത്തു. കോട്ടക്കകത്ത് മരം കൊണ്ടൊരു പള്ളി നിർമ്മിച്ചു. സെന്റ് ബർത്തലോമിയുവിൻറെ ബഹുമാനാർത്ഥമാണ് ഈ പള്ളി നിർമ്മിച്ചത് .
കോട്ട സ്ഥിതി ചെയ്തിരുന്ന
ഫോർട്ടുക്കൊച്ചിക്ക് പോർച്ചുഗീസ് നൽകിയ പേര് സാന്താക്രൂസ് സിറ്റിയെന്നായിരുന്നു . പോർച്ചുഗീസ് ദ്വീപായ മഡെയ്‌റയുടെ കിഴക്കൻ തീരത്തുള്ള ഒരു ചെറിയ നഗരമാണ് സാന്താക്രൂസ്. കടൽത്തീരമുള്ള ഈ നഗരത്തിന്റെ പേരാണ് ഫോർട്ടുക്കൊച്ചിക്ക് പോർച്ചുഗീസുകാർ നൽകിയത് . പിന്നീട് ബ്രിട്ടീഷ് കാലത്താണ് ഫോർട്ടുക്കൊച്ചി എന്ന പേര് വിളിക്കപ്പെട്ടത് .


കൊച്ചി രാജാവ് പോർച്ചുഗീസുകാർക്ക് നൽകിയ സ്വീകരണം സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാൽ 1504-ൽ കൊച്ചിയിലെ വെണ്ടുരുത്തിയിൽ വെച്ചു കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുമായി ഒരു യുദ്ധം നടന്നു .
കൊച്ചി ആസ്ഥാനമാക്കി ഏഷ്യയിലേക്ക് ഒരു വൈസ്രോയിയെ നിയമിക്കാൻ പോർച്ചുഗൽ രാജാവ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വൈസ്രോയി ഡോം ഫ്രാൻസിസ്കോ ഡി അൽമെയ്ഡ 1505 ഒക്ടോബർ 31 ന് എട്ട് കപ്പലുകളും 1500 പട്ടാളക്കാരുമായി കൊച്ചിയിലെത്തി .
തടി കൊണ്ടുള്ള കോട്ടക്ക് പകരം ശക്തമായ ഒരു കോട്ട പണിയുന്നതിന് പോർച്ചുഗീസ് തീരുമാനിച്ചു പക്ഷെ
സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.


കൊച്ചി രാജ്യത്തെ ഒരു അഭ്യന്തര പ്രശ്നത്തിന്റെ സാഹചര്യം അറിഞ്ഞു അൽമെയ്ഡ ഒരു നയതന്ത്രജ്ഞന്റെ റോൾ കളിച്ചു . പോർച്ചുഗീസ് ചക്രവർത്തി ഡി മാനുവലിന്റെ നിർദ്ദേശ പ്രകാരം ബൽജിയത്ത് നിർമ്മിച്ചു കൊച്ചിയിലെത്തിച്ച കിരീടം അൽമെയ്ഡ കൊച്ചി രാജാവിനു നൽകി .
244 മാണിക്യങ്ങൾ 95 വൈരങ്ങൾ 69 മരതകങ്ങൾ പതിപ്പിച്ച , കൊച്ചി രാജവംശത്തിന് ലഭിച്ച ഈ സുവർണ്ണ കിരീടം ഇപ്പോൾ തൃപ്പൂണിത്തുറ ഹിൽ പാലസിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു . ഈ കിരീടത്തിന് പിന്നിൽ പോർച്ചുഗീസിന് ഒരു സൂത്രവാക്യമുണ്ടായിരുന്നു .


കൊച്ചി രാജാവിന് പോർച്ചുഗീസ് കിരീടം നൽകിയത് സംബന്ധിച്ച് മറ്റൊരു അഭിപ്രായമാണ് എ. ശ്രീധരൻമേനോൻ പറയുന്നത് . “ഡ ഗാമ കൊച്ചിയിലേക്ക് പോന്നു . അദ്ദേഹം ഒരു പൊന്നിൻ കിരീടം ഉൾപ്പെടെ വളരേ വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി കൊച്ചി രാജാവിനെ പ്രീണിപ്പിക്കുകയും ചെയ്തു”.
എന്നാൽ ഫർണാവൊ ലോപസ് ഡി കാസ്റ്റാൻഹേഡ ( Fernão Lopes de Castanheda ) ,ജാവോ ഡി ബറോസിനെയും ( João de Barros ) ഉദ്ദരിച്ചും , മറ്റു പോർച്ചുഗീസ് രേഖകളൂടെ വെളിച്ചത്തിലും കിരീടം നൽകിയത്
അൽമെയ്ഡയാണെന്ന് കെ.എസ്. മാത്യു വെളിപ്പെടുത്തുന്നു . മാത്രവുമല്ല Cochin Royal Family യുടെ ഔദ്യോഗിക വെബ് സൈറ്റിൽ 1505 -ൽ അൽമെയ്ഡയാണ് കൊച്ചി മഹാരാജാവിന് പോർച്ചുഗീസ് കിരീടം നൽകിയതായി പറയുന്നത് .


“In 1505, Don Francisco D’Almeida took charge as the First Viceroy of Cochin. He was to crown the Raja of Cochin with a gold crown set with jewels ” .
അൽമെയ്ഡയാണ് 1505 -ൽ തമ്പുരാന് സ്വർണ്ണ കിരീടം നൽകിയത് എന്ന് കെ.പി. പദ്മനാഭമേനോനും വിഷദീകരിക്കുന്നുണ്ട്.
” യൂറോപ്പിൽ നിന്ന് അൽമെയ്ഡയെ അയക്കുമ്പോൾ തന്നെ പോർച്ചുഗൽ മഹാരാജാവായ ഇമ്മാനുവൽ , പെരുമ്പടപ്പ് വലിയ തമ്പുരാന്റെ കിരീടധാരണത്തിന് ഉപയോഗപ്പെടുത്തുന്നതിനായി സ്വർണ്ണം കൊണ്ടുണ്ടാക്കിയതും വളരെ വിലയുള്ളതും വിശേഷപ്പെട്ട രത്നങ്ങൾ പതിപ്പിച്ചിട്ടുള്ളതുമായ ഒരു കിരീടം കൊടുത്തയച്ചിരുന്നു. വളരെ ആഘോഷത്തോടു കൂടി ഈ കിരീടം ധരിപ്പിച്ചു പട്ടാഭിഷേകം കഴിച്ചു രാജാവാക്കി കൽപ്പിച്ചു .


പ്രൊഫ . ഡോ . കെ.എസ്. മാത്യുവിലൂടെ കൊച്ചി കോട്ടയുടെ ചരിത്രത്തിൽ നിന്നു ചിലത് വ്യക്തമാണ്. കൊച്ചി പോർച്ചുഗീസ് ആസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം വെച്ചു ഫോർട്ടുക്കൊച്ചിയിൽ മരം കൊണ്ടു നിർമ്മിച്ച കോട്ടക്ക് പകരം കല്ലും ഓടും ഉപയോഗിച്ചു കോട്ട പണിയുക എന്നതായിരുന്നു തീരുമാനം . അതിനായി പോർച്ചുഗീസ് തന്ത്രങ്ങളൊരുക്കി .


നിലവിലെ തടി കൊണ്ടുണ്ടാക്കിയ കോട്ടയ്ക്ക് അൽമേഡ തീയിട്ടു . ശേഷം കൊച്ചി രാജാവിനെ സമീപിക്കുകയും കോട്ട തീ പിടിച്ചു പൂർണ്ണമായും നശിച്ചു എന്നും കല്ലും ഓടും ഉപയോഗിച്ചു ഒരു കൊത്തു പണി കോട്ട പണിയാൻ അനുവാദം നൽകണം എന്നുമായിരുന്നു ആവശ്യം .
വലിയ ബഹുമാനാദരവുകൾ പ്രകടിപ്പിച്ച പോർച്ചുഗീസുകാർ ഏറെ നീണ്ട ചർച്ചകൾ നടത്തിയെങ്കിലും അങ്ങനെ കോട്ട പണിയുന്നത് അനുവദിക്കുവാനുള്ള ബുദ്ധിമുട്ട് രാജാവ് വിശദീകരിച്ചു.


കൊച്ചീ രാജ്യത്തെ നിയമമനുസരിച്ച് രാജാക്കന്മാർക്കും , കൊട്ടാരത്തിനും ക്ഷേത്രത്തിനും ഒഴികെ മറ്റാർക്കും ടൈൽ പാകിയ മേൽക്കൂരയും കല്ലുകൊണ്ട് ചുവരുകളും ഉള്ള ഒരു കെട്ടിടം നിർമ്മിക്കുവാൻ അനുവാദമില്ല. ഈ വിഷയം കബ്രാലിനെ ഉദ്ദരിച്ച് വില്യം ലോഗൻ വിശദീകരിക്കുന്നുണ്ട്.
” കൊച്ചി നഗരം അന്ന് തീരെ ചെറുതാണ്. കൊട്ടാരം തീരെ ആകർഷകമല്ല. അലങ്കാരങ്ങൾ മോശം . ചുറ്റുപാടും കുറച്ച് മുസ്ലിംകൾ താമസിക്കുന്നു . തദ്ദേശിയരുടേതിലും മെച്ചപ്പെട്ട വീടുകളാണ് അവരുടേത്. തദ്ദേശിയരുടെ വീടുകൾ ചളിക്കട്ട കൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ പായകുടിലുകൾ . മുഹമ്മദീയ കച്ചവടക്കാർക്ക് അവരുടെ ചരക്കുകൾ സംരക്ഷിക്കുന്നതിനായി കൽചുമരുകളുള്ള വീടുകളാവാം “


മുസ്‌ലിം സമുദായത്തിലെ നൈന – മരയ്ക്കാർ വംശജരായിരുന്നു പോർച്ചുഗീസ് ആഗമന കാലത്തെ കൊച്ചിയിലെ പ്രധാന കച്ചവടക്കാർ .
കൽച്ചുമരകളുള്ള, ഓട് പാകിയ കോട്ട അനുവദിച്ചു കിട്ടുന്നതിനായി പോർച്ചുഗീസ് സമ്മർദ്ധം ചെലുത്തി കൊണ്ടേയിരുന്നു . ചില തന്ത്രങ്ങൾക്കും നീണ്ട ചർച്ചകൾക്ക് ശേഷം കല്ലും ഓടും ഉപയോഗിച്ച് കോട്ട നിർമ്മിക്കാൻ രാജാവിൽ നിന്ന് അനുമതി ലഭിച്ചു. ഈ അനുമതി പോർച്ചുഗീസ് വീടുകളിലേക്കും വ്യാപിപ്പിച്ചു. 1506-ൽ ഡോം അൽവാരോ ഡി നൊറോണ കോട്ടയുടെ ക്യാപ്റ്റനായി നിയമിതനായി. പുനർ നിർമ്മിച്ച കോട്ടക്ക് ‘മാനുവൽ കോട്ട’ എന്നാണ് വിളിച്ചിരുന്നത്.


രണ്ടാംഘട്ട കോട്ടക്ക് ഏകദേശം ഒരു കിലോമീറ്ററോളം നീളമുണ്ട്. കോട്ടയ്ക്കകത്ത് മാർക്കറ്റ് , ബീച്ച് ഉൾപ്പടെയുള്ള ഉല്ലാസ കേന്ദ്രം , പ്രധാന പാണ്ഡികശാല തുടങ്ങി ഒരു സിറ്റി തന്നെ ഇവർ നിർമ്മിച്ചുണ്ടാക്കി . ഈ കോട്ട നിർമ്മിക്കുന്നതിനായി ഫോർട്ടുക്കൊച്ചി സമുദ്രതീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു മുസ്ലിം പള്ളി പോർച്ചുഗീസുകാർ പൊളിച്ചു നീക്കിയതായി സൈനുദ്ദീൻ മഖ്ദും രണ്ടാമൻ തന്റെ ചരിത്ര ഗ്രന്ഥമായ തൂഫ്ഹത്തുൽ മുജാഹിദീനിൽ രേഖപ്പെടുത്തുന്നു .
കോട്ട നിന്നിരുന്നതിനാൽ സാന്താക്രൂസ് സിറ്റി എന്ന് പോർച്ചുഗീസുകാർ പേരിട്ട ഇന്നത്തെ ഫോർട്ടുക്കൊച്ചിയെ ഒരു സ്വയം ഭരണധികാര നഗരമായി പോർച്ചുഗീസ് പ്രഖ്യാപിച്ചു . ഇന്നത്തെ മുൻസിപ്പാലിറ്റിക്ക് സമാനമാണത് . പോർച്ചുഗലിലെ ഇവോറ ( Evora ) സിറ്റിക്ക് തുല്യമായ അധികാരവും സ്ഥാനവും വക വെച്ചു കൊണ്ടു സാന്താക്രൂസ് സിറ്റി എന്ന ഫോർട്ടുക്കൊച്ചിയെ ഇന്ത്യയിലെ ആദ്യത്തെ നഗരസഭയാക്കി മാറ്റി . 1866 നവംബർ 1 ന് ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ രീതിയിൽ നഗര ഭരണം നിലവിൽ വന്നു. 1967 നവംബർ 1 ന് ഇന്നത്തെ മുൻസിപ്പൽ കോർപ്പറേഷനായി .

മൻസൂർ നൈന

By ivayana