രചന : ജോളി ഷാജി✍
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അത്ഭുത പ്രതിഭാസം… സാധാരണക്കാരന് ഒറ്റവായനയിൽ ഹൃദയത്തിലേറ്റാൻ പറ്റുന്ന വരികൾ കുറിച്ച എഴുത്തുകാരൻ…
പാത്തുമ്മയുടെ ആട് എന്ന ഒറ്റ കൃതി കൊണ്ട് മലയാളികൾ മുഴുവൻ നെഞ്ചിലേറ്റിയ സുൽത്താൻ… ഒരോ വരികളിലും നർമ്മം കലർത്തിയ ഇത്തിരി വല്യ മനുഷ്യൻ…
പ്രഭ എന്ന തൂലിക നാമത്തിലാണ് സ്വതന്ത്ര സമരകാലത്തു ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തപ്പോൾ ജയിലിൽ ആയപ്പോൾ അദ്ദേഹം എഴുതിയിരുന്നത്..
ജയകേസരിയിൽ തങ്കം എന്ന കൃതിയാണ് ആദ്യമായി പ്രസദ്ധീകരിച്ചത്…
ഇന്ത്യ മുഴുവൻ സഞ്ചരിച്ചു പലരെയും പലയിടങ്ങളെയും മനസ്സിലാക്കി ഇന്ത്യയുടെ സ്വതന്ത്രത്തിനായി പടപൊരുതിയവരിൽ ഒരാൾ… നല്ലൊരു രാക്ഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.. ചില വിദേശ രാജ്യങ്ങളിലും അദ്ദേഹം സഞ്ചാരം നടത്തിയിട്ടുണ്ട്…
തന്റെ തന്നെ ജീവിതാനുഭവങ്ങൾ സരസമായ ഭാഷയിൽ ജനങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരൻ… പച്ചയായ ഭാഷയിൽ തന്റെ ജീവിതാനുഭവങ്ങൾ എഴുതി മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത സുൽത്താൻ…
പ്രേമലേഖനം, പാത്തുമ്മയുടെ ആട്, മതിലുകൾ, ബാല്യകാലസഖി, ന്റെപ്പുപ്പാക്കൊരാനണ്ടാർന്നു, വിഡ്ഢികളുടെ സ്വർഗ്ഗം, ആനപ്പൂട,ഇങ്ങനെ മലയാളികൾ എന്നും ഓർക്കുന്ന ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറവികൊണ്ടു…
അതിദീർഘമായ വരികളിലൂടെ ജനങ്ങളെ ബോറടിപ്പിക്കാതെ അടുക്കും ചിട്ടയോടും കൂടെ ചുരുക്കി എഴുതി എന്താണോ ആ രചനയുടെ പൂർണ്ണതക്കു വേണ്ടത് എന്ന് തിരിച്ചറിഞ്ഞ് അത് വായനക്കാരന് സമ്മാനിക്കുന്നതായിരുന്നു സുൽത്താന്റെ രചനകൾ…
അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകൾ മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്…മതിലുകൾ, നീലവെളിച്ചം, ഭാർഗവീനിലയം എന്നീ കൃതികൾ ചലച്ചിത്രവും ആയിട്ടുണ്ട്…
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കുഞ്ഞാത്തുമ്മ ദമ്പതികളുടെ ആറുമക്കളിൽ മൂത്ത ആളായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം..
അദ്ദേഹം ഫാബി എന്ന് വിളിച്ചിരുന്ന ഫാത്തിമ ബഷീർ ആയിരുന്നു ജീവിതസഖി.. ഷാഹിന ഹബീബ്,അനീസ് ബഷീർ എന്നിവരാണ് മക്കൾ..
1982 ൽ ഇന്ത്യ ഗവണ്മെന്റ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്… കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്,കേരള സാഹിത്യ അക്കാദമി ഫെലോഷിപ്,കാലിക്കറ്റ് സർവ്വകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം,സംസ്കാരദീപം അവാർഡ്,പ്രേംനസീർ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്….
1994 ജൂലായ് 5 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് തന്റെ തൂലികയിൽ വിരിഞ്ഞ ഒട്ടനവധി ചിന്തകൾ ഈ ലോകത്തിനു സമർപ്പിച്ചിട്ടാണ്…
ഇന്നും എന്നും ഒളിമങ്ങാതെ അദ്ദേഹത്തിന്റെ രചനകൾ മലയാളികൾ നെഞ്ചിലേറ്റി വരും തലമുറയ്ക്ക് കൈമാറുന്നു എങ്കിൽ അതിലൊരു സത്യമുണ്ട്, അതിന് ഇന്നും ജീവനുണ്ട്.. ജീവിതം എന്തെന്ന് കാണിച്ചു തരുന്ന മഹത്തായ പുസ്തകങ്ങൾ…
മലയാളിയുടെ പ്രിയപ്പെട്ട സുൽത്താന്റെ ഓർമ്മകൾക്ക് പ്രണാമം.. 🙏