ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ചാക്കോ ഡി അന്തിക്കാട് ✍

മണ്ണിൽനിന്നും
വിണ്ണിലേയ്ക്ക് നോക്കി
തലകുത്തിനിന്ന്,
എത്ര നിരാശയിലും,
ഹൃത്തിൽ,
ആനന്ദനൃത്തംചെയ്യാൻ
പ്രേരിപ്പിയ്ക്കും
പ്രകൃതിയുടെ
വരദാനമേ,
നീയെൻ പ്രാണനായ്
പിണങ്ങാതെ,
ഏത് വേദനയിലും,
സാന്ത്വനമായ്
പ്രകാശമയമായ്,
ഏതു പ്രായത്തിലും
ദുരിതത്തിലും
മഹാമാരിയിലും
കൂടെയുണ്ടാവേണമേ…
ഇരുമെയ്യാണെങ്കിലും
ഒരേ മനസ്സായ്,
ഉള്ളിന്റെയുള്ളിലെ
തേങ്ങലിലും…
പുഞ്ചിരി പരത്തി, നീ…
നിറഞ്ഞു കവിയട്ടെ…
പാരിൽ,
പാരവശ്യത്തിൽ,
പരാതികളുടെ
അവതാളത്തിൻ
പാതാളത്തിൽ,
മുങ്ങി മരിക്കാതെ…
നശ്വരകാലത്തോളം,
വിദൂരത്തായിരുന്നാലും,
എന്നും സ്വപ്നത്തിൽ,
ആലിംഗനം ചെയ്യാൻ
കഴിയട്ടെ…
വിശ്വപ്രണയമേ…
ചേറിലും ചളിയിലും
മുങ്ങി നിവർന്നാലും,
ഉമ്മവെക്കാൻ
തോന്നിയാൽ,
“മുന്തിയ സോപ്പ് തേച്ച്,
ഷവറിൽ വട്ടംക്കറങ്ങി,
ശുദ്ധിവരുത്തി വരൂ!”-
എന്നു പറയാത്തവർ,
കെട്ടിപ്പിടി,ച്ചുമ്മ
വെക്കുമ്പോൾ,
പുതുലോകക്രമം
പിറക്കുമ്പോൾ,
കാലം ആവശ്യപ്പെടും
മുദ്രാവാക്യങ്ങൾ
മുഴങ്ങുമ്പോൾ,
ചരിത്രമാറ്റത്തിൻ
പാഠങ്ങൾ സ്വയം
പുളകംക്കൊള്ളുമ്പോൾ,
പ്രേമിക്കുന്നവരുടെ
കണ്ണുകളിൽ
പൊട്ടിവിടരുന്ന,
പ്രഭാതത്തേയും
‘വിശ്വപ്രണയ’മെന്ന
ഒറ്റവാക്കിൽ
നിർവ്വചിക്കാം…
തടവറകളുടെ ഇരുട്ടിൽ
അകലം പാലിയ്ക്കുമ്പോഴും,
പുറത്തു കടന്നാൽ,
‘ജീവിത’മെന്ന,
നൊമ്പരത്തിൻ ‘പമ്പരം’
ഒരുമിച്ചു കറക്കാൻ,
പ്രണയജോഡികളെ
പ്രേരിപ്പിക്കും,
സമൂഹത്തിന്റെ
തലവേദനയുടെ പര്യായമേ…
(‘തലതിരിഞ്ഞ ചിന്ത’യേ…)
കണ്ണുകളടച്ചാലും
സൂര്യരശ്മികൾ
കാണാൻ കഴിയുന്ന,
കടലിനെയാവാഹിക്കാൻ
കഴിവുള്ളവരാക്കുന്ന,
അത്ഭുത സിദ്ധിയേ…
ആരൊക്കെ നിന്നെ
നിന്ദിച്ചാലും,
ഞാൻ നേരുന്നു
ആയിരമായിരം
നന്ദി വാക്കുകൾ…
ഞാൻ പറയും-
എനിയ്ക്ക് കിട്ടാത്ത
മുന്തിരി പുളിക്കും!
നീ പറയും-
നിനക്ക് കിട്ടാത്ത
മുന്തിരി
കയ്‌ക്കും!
നമ്മളുപേക്ഷിച്ച
മുന്തിരിത്തോപ്പിൽ
കുരുവികൾ
ഇണചേരുന്നത്
ആരും കാണുന്നുമില്ല!
ഒരു പോക്കറ്റിൽ
റോസാപൂവും,
മറുപോക്കറ്റിൽ
ആസിഡ്കുപ്പിയുമായി,
ഇരുകാലിൽ നടക്കുന്ന
കഴുകന്മാർ
പെരുകും കാലമാണല്ലോ!
അപ്പോഴും,
മേഘങ്ങൾ
അർദ്ധചന്ദ്രനെ
മറച്ചാലും,
കണ്ണുകളടച്ചാൽ
പൂർണ്ണചന്ദ്രനെ
കാണാൻ കെൽപ്പുള്ള,
മണ്ണിന്റെ മണമുള്ള,
വിണ്ണിന്റെ നിറമുള്ള,
അജ്ഞാത പ്രതിഭാസമേ…
നിന്നെ ഞാൻ,
‘അനശ്വര പ്രണയ’മെ
ന്നോമനപ്പേരിട്ടു
വിളിച്ചോട്ടെ…
💖✍️💖

ചാക്കോ ഡി അന്തിക്കാട്

By ivayana