രചന : പിറവം തോംസൺ✍
പിറവത്തെ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രാവിലെ 11 ന് നീണ്ട ലൈൻ. വിവാഹത്തലേന്നത്തെ വധു വരന്മാരുടെ സ്വപ്‌നങ്ങൾ പോലെ അനുനിമിഷം അതിനു നീളം കൂടി വരുന്നു
ലോകത്തെ ഏറ്റവും അച്ചടക്കമുള്ള സമൂഹമായി
നാട്ടിലെ സിംഹങ്ങളും കടുവകളും കരടികളും കുഞ്ഞാടുകളും അവിടെ കാത്തു നിൽക്കുന്നു.
അപ്പോഴുണ്ട് ആ ക്യൂവിന്റെ
ഏറ്റവും ഒടുവിലായി ഒരു കടുവ വന്നു നിന്നു കടുത്ത വിത്‌ഡ്രവൽ ലക്ഷണങ്ങൾ കാണിക്കുന്നു.
ഞെളിപിരികൊണ്ട്, വീറ വാതം പിടിച്ചവനെപ്പോലെ നിന്ന ആ കടുവ തന്റെ മുമ്പിൽ നിൽക്കുന്ന കുഞ്ഞാടുകളെ നോക്കി പറയുന്നു : “നിങ്ങൾ വെള്ളം കലക്കിയതിനാൽ എനിക്ക് ഒരു തുള്ളി പോലും കുടിക്കാൻ കഴിഞ്ഞില്ല “
“വെള്ളം കലക്കിയെന്നോ? ഞങ്ങളോ?”, കുഞ്ഞാടുകൾ അത്ഭുതം കൂറി!
മറുപടിയായി കടുവ അലറി :
” നിങ്ങളല്ലെങ്കിൽ നിങ്ങളുടെ തന്തമാർ വെള്ളം കലക്കി”
ഒന്നും പിടി കിട്ടാതെ ആ ന്യു ജൻ കുഞ്ഞാടുകൾ പരസ്പരം നോക്കി പുരികമുയർത്തി.
കടുവ തന്റെടത്തോടെ, ഒരു കൂസലുമില്ലാതെ കുഞ്ഞാടുകളുടെ മുന്നിൽ കയറി നിലയുറപ്പിച്ചു. തന്റെ ഊഴമെത്തിയപ്പോൾ കടുവ വില്പനക്കാരനോട് പറഞ്ഞു :
” എന്റെ പിന്നിൽ നിൽക്കുന്ന ആടുകളെ കണ്ടോ? ഇവരുടെ മുത്തന്തമാർ വെള്ളം കലക്കിയതിനാൽ എന്റെ കാർന്നോമ്മാർ വെള്ളമിറങ്ങാതെ ചത്തു പോയി. “
വിൽപ്പനക്കാരൻ സഹതാപ പൂർവ്വം കടുവയോട്: ” ശരി, താങ്കൾ പകുതി വില തന്നാൽ മതി!”
അങ്ങനെ സ്വയമ്പൻ സാധനം പകുതി വിലയ്ക്കു വാങ്ങി, കുഞ്ഞാടുകളുടെ നേരെ രൂക്ഷമായി നോക്കി , സോഡാ വാങ്ങാൻ ഉസൈൻ ബോൾട്ടിനെക്കാൾ സ്പീഡിൽ കടുവ അടുത്ത മാടക്കടയിലേക്ക് പാഞ്ഞു.
നിന്നു നിന്നു കാലു വേദനിച്ച കുഞ്ഞാടുകൾ തങ്ങളുടെ ഊഴമായപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. വില്പനക്കാരൻ ഒരു ബോർഡ് കടയുടെ മുമ്പിൽ തൂക്കുന്നു!
“സ്റ്റോക്ക് തീർന്നതിനാൽ ഇന്നത്തെ വില്പന അവസാനിച്ചിരിക്കുന്നു “
ഒരിറക്ക് വെള്ളം കുടിക്കാതെ തൊണ്ട പൊട്ടാറായ ആ ന്യു ജൻ ആടുകൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് വെള്ളം കലക്കിയ തങ്ങളുടെ മുത്തന്തമാരെ ശപിച്ചു കൊണ്ടു പ്ലാൻ B നടപ്പാക്കാൻ തീരുമാനിച്ചു. വിപ്ലവാരിഷ്ടം കുടിച്ചു നിർവാണമടയാൻ അവർ “ആനമയക്കി അന്നക്കുട്ടിയുടെ ” സന്നിധിയിലേക്ക് ഗമിച്ചു, പാന്റ്സ് ഇട്ടവർ കൈലേസെടുത് തലയിലിട്ടും മുണ്ടുടുത്തവർ അതഴിച്ചു തലയിൽ കെട്ടിയും!….
ഗുണപാഠം : നീതി നിഷേധിക്കപ്പെടുന്നിടത്ത് തീവ്രവാദം ജനിക്കുന്നു എന്ന് പ്രസ്താവിച്ച റിട്ടയേർഡ് ജഡ്ജിക്കു നമോവാകം 🙏
സംസാര ദുഖത്തിന് കാരണം മുജ്ജന്മ പാപം എന്നല്ലോ വേദാന്തം.
ആരോഗ്യ മുന്നറിയിപ്പ് :
ദേവേന്ദ്രൻ അറിഞ്ഞാലും നമ്മുടെ ഇന്ദ്രൻസ് ജി അറിയാതെ കള്ളും ഇറച്ചിയും കഴിച്ചില്ലെങ്കിൽ ആരോഗ്യത്തിനു ഹാനികരം!🙏🌹❤️🙏