രചന : സ്ബിൻ കെ വി ആർ ✍
ഉമ്മറത്ത് അയാളെ കുളിപ്പിച്ചു
വെള്ളപ്പുതപ്പിച്ച് ഒരുക്കി കിടത്തി…
കാണാൻ വന്ന ആരോ പറയുകയുണ്ടായി..
എന്ത് സുന്ദരനാ… ഇപ്പോൾ..
കണ്ടാൽ ജീവനുള്ളതുപോലെ…
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ
പുറത്തു ആൾകാർ അടക്കം പറയുന്നു
കഷ്ടമായിപ്പോയി നല്ലൊരു
മനുഷ്യൻ ആയിരുന്നു…..
അതുകേട്ടു അയാളെ നോക്കി
അരയാലിൽ കൊമ്പിൽ ഒരു
അജ്ഞാനമാം പക്ഷി പല്ലിളിച്ച് കാട്ടുന്നു
തലതെറിച്ചവർ എന്ന് പറഞ്ഞു അയാൾ കാറിതുപ്പിയ
തലമുറ പന്തലുകെട്ടുന്നു…
ഒരിക്കലും മിണ്ടാത്ത അയൽക്കാരനും
ബദ്ധശത്രുവും കാണാൻ വന്നിരിക്കുന്നു..
രാഷ്ട്രീയക്കാർ ശവംതീനികളെ പോലെ
അയാളുടെ നിച്ഛലമായ ശരീരം പങ്കിടുന്നു…
അയൽക്കൂട്ടംകാരെ പ്രതീക്ഷിച്ച മരുമോൾ
അലമാരയിൽ പട്ടുസാരി പരതുന്നു….
മരുമോനും മക്കളും.. ആധാരം ചികയുന്നു..
പൊട്ടികരയുവാൻ തോട്ടിന്റെ വക്കിൽ
അഞ്ചാറു കുപ്പികൾ പൊട്ടിക്കുന്നു
ഒരു അമ്മാവൻ കാർന്നോരു സ്ഥാനം
കൈമുതലാകുന്നു…
വന്നവർക് നേരെ വെറുപ്പിന്റെ
കുന്തമുനയെറിയുന്നു
മരിച്ചയാളുടെ നെഞ്ചത്ത് വെച്ച പുഷ്പചക്രങ്ങൾ എണ്ണി
ബന്ധുക്കാർ വീമ്പു പറയുന്നു
വീടിന്റെ ഓരത്തു അയാളുടെ കെട്ടുകഥകളുടെ
ചുരുൾ അഴിയുന്നു….
തെക്കിനി നിന്ന മാവ് ബലിയാടാകുന്നു…
അതിന്റെ മുകളിൽ നിന്നും പക്ഷികൾ
കൂടൊഴിഞ്ഞു കൊടുത്തു….
ആളൊഴിഞ്ഞ മുറിയിൽ ആകെ
പ്രതിധ്വനിക്കുന്ന അയാളുടെ ശകാരവും…
തെറിവിളിയും…..
കട്ടിലിൽ അടിയിൽ ഒളിപ്പിച്ച പെട്ടിയും
പാതി തുറന്ന മദ്യകുപ്പിയും..
ഒന്നും തിരിച്ചെടുക്കാൻ കഴിയാതെ
വിടവാങ്ങാൻ വിതുമ്പുന്ന ആത്മാവും..
അയാളുടെ തലയുടെ അടുത്ത് പാതി മുറിഞ്ഞ
ഹൃദയമായി ജീവശവം പോലെ പ്രണാനാം പ്രിയതമയും……
ജഡം ചിതയിലേക് എടുത്തു… നിസ്സഹായതയുടെ
കണ്ണുകൾ… തേങ്ങികരയുന്ന ഹൃദയങ്ങൾ
ചിത കത്തിയെരിഞ്ഞു ..
അയാളുടെ ചെയ്തികൾ എല്ലാം വെന്തു വെണ്ണിറാകുന്നു…
പുറത്തു ചാവ് പിടിക്കാൻ കളമൊരുക്കുന്നു
അയാൾക് അവിടം വിട്ടൊഴിയുവാൻ കഴിയുന്നില്ല
അയാളുടെ ആത്മാവ് ചാവ് മണം പടർത്തി
അവിടെ റോന്ത് ചുറ്റുന്നു..,…
തൊടിയിൽ ഒരു ചാവാലി പട്ടി നീട്ടി ഓരിയിടുന്നു..