രചന : കൃഷ്ണമോഹൻ കെ പി ✍

കരിമുകിൽ ച്ചേല ഞൊറിഞ്ഞുടുത്ത്
കലി തുള്ളിയുറയുന്നു പ്രകൃതിയിപ്പോൾ
കടലലവാനോളമെത്തിടുന്നൂ
കടലോ,കരയെ ഗ്രസിച്ചിടുന്നൂ
കാറ്റിൻ്റെ ഹുങ്കാര നാദമിപ്പോൾ
കാതിൽ ഭയാനകമായി നില്പൂ
കാഴ്ച മറയ്ക്കും മഴയ്ക്കു മുന്നിൽ
കാലവും ജൃംഭിച്ചു നിന്നിടുന്നൂ
കാതരരായിക്കിടാങ്ങളിപ്പോൾ
കൺപാർത്തു നില്ക്കുന്നു കണ്ണീരുമായ്
കാലം, മഴക്കാലമെങ്കിലുമീ
കാഴ്ചകൾ കണ്ടു ഹതാശരായി
കാത്തിരുന്നൂ നാം മഴയെത്തുവാൻ
കാലവർഷത്തിന്നു പാത തീർത്ത്
കാലത്തിനൊത്തൊരു കോലവുമായ്
കാലനോ മഴയായി യെത്തിനോക്കീ
കനവിൽ പനിയുടെ ഭീതി പേറി
കട്ടിലിലായി പല ജനങ്ങൾ
കരുണ കാട്ടീടാൻ പ്രകൃതിയോട്
കരളുരുകിത്തന്നെ കേണിടേണം💦

കൃഷ്ണമോഹൻ കെ പി

By ivayana