രചന : വാസുദേവൻ. കെ. വി✍

കറുത്തമേനിയിൽ തൂവെള്ള പുള്ളികൾ അഴകുപടർത്തിയ ഇത്തിരികുഞ്ഞത്തികളുടെ ചുംബനങ്ങൾ. ഇണയറിയാതെ, മാർജ്ജാര പദചലനം കണക്കെ ചാറ്റിലെത്തുന്ന കുലപത്നികളെ പോലെ നിശബ്ദമായി പറന്നെത്തി നൽകുന്ന ചുംബനങ്ങൾ. മൂളിയലങ്കാരി എന്ന് കാവ്യാത്മകനാമം, എന്നിട്ടും മൂളാതെയെത്തി കുത്ത് സമ്മാനിക്കുന്നവൾ പരത്തുന്ന സ്നേഹസമ്മാനങ്ങൾ
ഡങ്കി പടരുന്ന നാളുകൾ


മഴ വിട്ടൊഴിഞ്ഞു വെയിൽ പാറിയ പകൽ. മതമാറ്റം ലക്ഷ്യമിട്ട് കാലുകുത്തിയ തോമാപിതാവിന്റെ സ്മരണദിന അവധി. സഹപാഠി സൗഹൃദത്തെ ചെന്നു കണ്ടു. അവളുടെ അവശമുഖത്തിൽ ഇത്തിരി സന്തോഷഛവി പടർന്നു.. പനിച്ചൂട് തളർത്തിയ അവളുടെ മേനി. കഫക്കെട്ട് നിറഞ്ഞുകനത്ത ശ്വാസകോശഭിത്തികൾ..
അമ്മയെ പരിചരിച്ച് സദാ അവളുടെ പതിനാലുകാരി മകൾ. മാതൃകാ കുടുംബബന്ധ നന്മ കാഴ്ച്ചകൾ .
അവനെ നാലു ചുവട് അകറ്റിയിരുത്തി
സുഹൃത്ത് ആവശ്യപ്പെട്ടു
” ഡാ.. ഇങ്ങനെ മിഴിച്ചിരിക്കാതെ ഈ ചത്തു പിഴച്ചു വന്നവളോട് എന്തെങ്കിലും പറയടാ… “.

അവൻ മൗനം കൊണ്ടു.
അവൾ വീണ്ടും ആവശ്യപ്പെട്ടു..
“പറയൂ നീയറിഞ്ഞ കഥകൾ.. നിന്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ..കേൾക്കണം എനിക്കതൊക്കെ.. “
അവൻ മൊഴിഞ്ഞു.. അവന്റെ വായനോർമ്മകൾ —
“_ ..മകൾ അമ്മയെ കുളിപ്പിച്ച് ശരീരം മുഴുവൻ പാടുകൾ മാറാനുള്ള മോഹക്രീം പുരട്ടി പുതിയ ഉടുപ്പ് ഇടുവിച്ച് നിർത്തി തോളിൽ തട്ടി പറയുന്നു.
“റോസി തമ്പീ . ഉഷാറായില്ലേ. ഇനി പൂവ്വല്ലേ നമ്മളൊരു റൈഡ്? ….”
ദാമ്പത്യം, പ്രണയം ഇതെല്ലാം… വേദനകളിൽ, രോഗങ്ങളിൽ, നിസ്സഹായതകളിൽ ഒരാൾ മറ്റൊരാളെ എങ്ങനെ ചേർത്തുപിടിക്കണം എന്നതു കൂടിയാണ്. കുടുംബം എന്നത് വെറും നാലു ചുവരുകളല്ല. സ്നേഹത്തിന്റെ, സഹനത്തിന്റെ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച കൂടാരമാണത്.അതു തകർത്തു കളയാനല്ല, പടുത്തുയർ ത്താനാണ് മനുഷ്യർക്ക് കഴിയേണ്ടത്. സ്നേഹം തന്നെയാണ് സ്വാതന്ത്ര്യം… “


-(പ്രൊ.റോസി തമ്പി)
“പെണ്ണ് ഉടലിനെ അറിയുന്നത് കാമുകന്റെ നനവാർന്ന ചുണ്ടിലൂടെയാണ്. ആൺവർഗ്ഗം
തന്നെത്തന്നെ അറിയുന്നത് കാമുകിയുടെ അടഞ്ഞ കണ്ണുകളിലൂടെയും. രണ്ടുപേർക്കിടയിൽ മറച്ചുവെക്കപ്പെട്ടതെല്ലാം താനേ വെളിപ്പെടുമ്പോഴാണ് അവർ അറിയുന്നത്. തങ്ങൾ പ്രണയത്തിലായിരുന്നെന്ന്… “
നൂറ്റൊന്നു പ്രണയകവിതാ കുറിപ്പുകൾ ചേർത്തു വെച്ച പുസ്തകം “പ്രണയ ലുത്തീമിയ ” എഴുതിയ കവയിത്രി റോസി തമ്പി. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് പ്രൊഫ. വി ജി തമ്പിയുടെ ഭാര്യ. ചിക്കൻ പോക്‌സും, ന്യുമോണിയയും ബാധിച്ചു അവശയായി കിടന്ന റോസിയമ്മയെ പെറ്റമ്മ കുഞ്ഞിനെയെന്നപോലെ അടുത്തിരുന്നു പരിപാലിച്ചത് മകൾ സ്വാതിലേഖ..


പെണ്മക്കൾ പൂർവ്വജന്മ സുകൃതം തന്നെയെന്ന് ഓർമ്മിപ്പിക്കുന്നു ഈ കഥയും…
അവന്റെ കഥനം കേട്ടവൾ മറുമൊഴിയിട്ടു. “ജോസഫും, മിസ്സിസ് ജോസഫും കാന്തിച്ചേച്ചിയുമൊക്കെ ഇപ്പോൾ യഥാർത്ഥനാമത്തിൽ..”
രക്തവും മാംസവും എടുത്തുകൊള്ളുക ഏഴാം പതിപ്പ്.


വായന തഴച്ചു വളരട്ടെ.
വികാരം വിവേകത്തെ മറികടന്ന് പകപൂണ്ട് പെണ്ണ് കുറിച്ചിടുന്നത് വായിക്കാൻ ഒളിഞ്ഞുനോട്ടക്കാർക്ക് കമ്പം. അന്യ കുടുംബശിഥില കഥകൾക്ക് കാതോർത്തിരിക്കുന്നവർ നമ്മൾ . ഏഴല്ല എഴുനൂറ് പതിപ്പുകൾ ഇറങ്ങട്ടെ. പലതും മൂടിവെച്ച് വായന ത്രസിപ്പിക്കാൻ രോഷഭാവനകൾ വിളക്കിച്ചേർത്തുകൊണ്ട് രചനകൾ പിറക്കട്ടെ… ‘എന്റെ കഥ’ എഴുത്തുകാരിയുടെ ആത്മകഥയെന്ന് വാഴ്ത്തിപ്പാടുന്നവർ വാഴ്ത്തട്ടെ..


അതേ.. പെൺപക പടർത്തുന്ന രോഷം.. അതിൽ എരിഞ്ഞുനീറപ്പെടുന്നതും നിരപരാധികളായ പെണ്ണുങ്ങൾ തന്നെ.. വ്യക്തിഹത്യാ ശ്രമത്തിന് ഏറെനാൾ മൂർച്ചയുണ്ടാവില്ലല്ലോ.

വാസുദേവൻ. കെ. വി

By ivayana