രചന : ശ്രീനിവാസൻ വിതുര✍
ആദിനമിന്നും തെളിയുംമനസ്സിലായ്
പേടിപ്പെടുത്തുന്നൊരോർമ്മയായി
തോരാതെപെയ്തൊരാ പെരുമഴയും
ചീറിയൊഴുകി പെരുവെള്ളവും.
ആറുകൾ തോടുകളെല്ലാം നിറഞ്ഞതും
ആശ്രയംത്തേടിയലഞ്ഞൊരു കൂട്ടവും
ചുറ്റിലും വെള്ളം നിറഞ്ഞൊരുനേരത്തും
ദാഹനീർ കിട്ടാതലഞ്ഞതുമോർക്കുന്നു.
നട്ടുനനച്ചതും കെട്ടിപ്പടുത്തതും
എല്ലാമെ നഷ്ടപ്പെടുന്നതുകണ്ടതും
കിട്ടിയതെല്ലാമെ കെട്ടിപെറുക്കീട്ട്
നെട്ടോട്ടമോടുന്നു പാവങ്ങളൊക്കയും.
തീരാദുരിതങ്ങൾ തന്നൊരാ പേമാരി
നിർത്താതെ പെയ്യുകതന്നെയാണപ്പൊഴും
ആടുകൾ മാടുകളൊഴുകി നടക്കുന്നു
രക്ഷാപ്രവർത്തനം ചെയ്യുന്നുകൂട്ടരും.
കാഴ്ചകൾ കാണുവാനായിട്ടൊരു കൂട്ടർ
ഫൈളറ്റ്പിടിച്ചു വരുന്നതുംകണ്ടുഞാൻ
ആഴിതൻമക്കളും എത്തിയാവേളയിൽ
ആലംമ്പമില്ലാത്തവരുടെ രക്ഷയ്ക്കായ്.
കത്തുന്നവീടിൻ കഴുക്കോലെടുക്കുവാൻ
തന്ത്രംമെനയുന്നധികാരവർഗ്ഗവും
ഫണ്ടുകളനവധി നാട്ടിൽപിരിക്കുന്നു
പക്ഷെയെവിടയും എത്തിയില്ലൊന്നുമേ.
താങ്ങുവാനാകില്ലിനിയൊരു പ്രളയവും
ജീവിതം വഴിമുട്ടിനിൽക്കയാണിപ്പൊഴേ
കാണേണ്ടവർ കണ്ണ്പൂട്ടിടുന്നു
കാണാക്കയത്തിലോ പെട്ടുനിൽക്കേ.
തീരാദുരിതവും പേറിയാകൂട്ടരും
ഇന്നുമാരാവുകളോർത്തിരിക്കേ
മാനത്ത് കാർമുകിൽ നിറയുന്നനേരം
നെഞ്ചിലെരിയുമൊരഗ്നികുണ്ഠം.