രചന : രജിത് ലീല രവീന്ദ്രൻ ✍
കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ് നേതാവ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1989ലാണ്, അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന്, അദ്ദേഹത്തിന്റെ ഇരുപത്തി ഏഴാം വയസ്സിൽ.
അദ്ദേഹത്തിന്റെ ആദ്യ തവണത്തെ വിജയത്തിന് ശേഷം സെക്കന്റ് ടെമിൽ ആൾ ഒരു അഹങ്കാരി ആയോ എന്ന് ചിലർക്കൊരു സംശയം. ഘടക കക്ഷി നേതാവായ സവർണ നേതാവിന്റെ മുന്നിൽ കസേരയിൽ ഇരിക്കുകയോ, വന്നപ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുകയോ, ഒരേ പോലുള്ള കസേരയിൽ ഇരിക്കുകയോ എന്തോ ചെയ്തതാണ് അന്നത്തെ കൊടിക്കുന്നിലിന് എതിരെ ‘തറവാടിയായ’നേതാവിന് അനിഷ്ടം വരാൻ കാരണം. ഈ അനിഷ്ടം അത്ര രഹസ്യമൊന്നുമായിരുന്നില്ല, മലയാള മനോരമയുടെ ഉൾപേജിൽ വാർത്തയൊക്കെ വരുന്ന വിധത്തിൽ പരസ്യമായ കാര്യം.ജനിക്കുമ്പോളെ ആനകളും, കാറുകളുമുള്ള അദ്ദേഹത്തിന് (അദ്ദ്യത്തിന്) മുന്നിലിരിക്കാൻ എം പി ക്കെന്ത് യോഗ്യത എന്ന് ചോദിക്കാൻ ഭജന സംഘങ്ങളും നിരവധിയുണ്ടായി.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാലും, അധികാര പദവികളിൽ ഇരുന്നാലും, താനുള്ളപ്പോൾ തനിക്കൊപ്പമൊന്നിച്ചിരിക്കേണ്ടയാളല്ലെന്ന് ദളിതനെ ബോധ്യപ്പെടുത്തുന്ന സവർണ ജാതി ബോധത്തിന്റെ പരമമായ അഹങ്കാരത്തെക്കുറിച്ചാണ് തമിഴ് സിനിമയായ മാമന്നൻ സംസാരിക്കുന്നത്.
സംവിധായകന്റെ പേര് മാത്രം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട് മാരി സെൽവരാജ് കർണ്ണൻ, പരിയേറും പെരുമാൾ എന്നീ സിനിമകളിലൂടെ. മാരി സെൽവരാജിന്റെ മുൻ സിനിമകളെ പോലെ കൃത്യമായ രാഷ്ട്രീയം തന്നെയാണ് ഈ സിനിമയും പറയുന്നത്. പന്നികളെയും, വേട്ടപ്പട്ടികളെയും പോലെ ജീവിക്കുന്നവരുടെ നിസഹായതയും, തളർച്ചയും, ആകാശത്തോളമെത്തുന്ന ആത്മവിശ്വാസവും, ക്രൗര്യവുമെല്ലാം സിനിമ കാണിച്ചു തരുന്നുണ്ട്.
മകനെ കാണുവാൻ വന്ന മകന്റെ കൂട്ടുകാരോട് കസേരയിൽ ഇരിക്കണമെന്നും, ഇരുന്നുകൊണ്ട് മാത്രമേ സംസാരിക്കാവൂ എന്ന് നിർബന്ധമായി പറയുന്ന മാമന്നനെന്ന എം എൽ എ അവഗണനയുടെ ചൂടിൽ കൈ പൊള്ളിയാണങ്ങനെ പറയുന്നത്.
ഉയർന്ന ജാതിയിൽ ജനിക്കുന്നവർക്ക് എത്ര പ്രതികൂല സാഹചര്യത്തിലും ഉയർന്നു വരാൻ അനുകൂല ഘടകങ്ങളായി സമൂഹത്തിലെ ജാതി ബോധം പ്രവർത്തിക്കുന്നെന്നും, എന്നാൽ ദളിത് വിഭാഗത്തിൽ പെട്ടവരുടെ ഉയർച്ച തങ്ങളുടെ ആനുകൂല്യത്താൽ സാധിക്കുന്നതാണെന്ന് ബോധ്യപെടുത്താനുള്ള സവർണ വ്യഗ്രതയും ഓരോ സീനുകളിലും കയറിയിറങ്ങി വരുന്നുണ്ട്.
അതിക്രൂര കുറ്റം ചെയ്ത നാലു പേരെ സംരക്ഷിക്കുന്നതിന് വേണ്ടി 400 പേർ ഒത്തൊരുമിച്ച് നിൽക്കുന്നത്, ജാതിയിൽ താണവരെ നികൃഷ്ഠരായി, ഭയപ്പെടുത്തി നിർത്തുന്നതിന് ആവശ്യമായ നടപടികളാണ് തങ്ങൾക്കെല്ലാം വേണ്ടി ആ നാലു പേർ ചെയ്തതെന്നത് കൊണ്ടാണ്.
അതിഗംഭീര ഫസ്റ്റ് ഹാഫും, നിരാശപ്പെടുത്താത്ത സെക്കന്റ് ഹാഫുമാണ് മാമന്നന്റേത്.സാങ്കേതിക മികവും, എ ആർ റഹ്മാന്റെ സംഗീതവും സിനിമയുടെ മികവു വർദ്ധിപ്പിക്കുന്നു. വടിവേലു അതിമനോഹരമായാണ് മാമന്നൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ ദ്രാവിഡ പാർട്ടിയുടെ സേലം ജില്ലാ സെക്രട്ടറിയായ രത്നാവേലായി ജീവിക്കുകയായിരുന്നു. ഫഹദ് ഫാസിലിന്റെ ‘ഇലക്ട്രിക് പെർഫോമൻസാണ്’ മാരി സെൽവരാജ് നമുക്ക് കാണിച്ചു തരുന്നത്.കീർത്തി സുരേഷിന്റെ സ്ക്രീൻ പ്രസൻസ് കാണാതിരിക്കുന്നില്ല. ഉദയനിധി സ്റ്റാലിൻ ആളിന്റെ പഴയ സിനിമകളെക്കാൾ മികച്ചു നിന്നെങ്കിലും ധനുഷ് എന്ന നടനെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇടയ്ക്കിടെ മിസ്സ് ചെയ്തു.
സിനിമ കണ്ടിറങ്ങി മണിക്കൂറുകൾ കഴിയുമ്പോളും അതിലെ പ്രമേയങ്ങളും, കഥാസന്ദർഭങ്ങളും വീണ്ടും വീണ്ടുമുള്ള ചിന്തകൾക്ക് പ്രേരിപ്പിക്കുന്നെങ്കിൽ സിനിമ പറഞ്ഞ രാഷ്ട്രീയം വെറുതെയായില്ലെന്ന് തന്നെയാണ്. അത്തരത്തിൽ നോക്കുമ്പോൾ ഒരു ഗംഭീര സിനിമയാണ് മാമന്നൻ .മലയാളത്തിൽ ചുട്ടെടുക്കുന്ന സിനിമകൾക്ക് ആളുകളെന്തു കൊണ്ട് തിയേറ്ററിൽ കയറുന്നില്ല എന്നതിന്റെ ഉത്തരം മാമന്നൻ പോലുള്ള സിനിമകൾ കണ്ടു കൂടിയാണ് മനസ്സിലാക്കേണ്ടത്.