രചന : പ്രീദു രാജേഷ്✍
മടിച്ചു മടിച്ചു പെയ്ത ഇടവപ്പാതിയിലെ ചാറ്റൽ മഴ നനഞ്ഞ്,ഓർമകളെ ഹൃദയത്തോടു ചേർത്ത്,ടീച്ചറമ്മയുടെയും അപ്പുപ്പൻമാഷിന്റെയും ഉമ്മു ക്കൊലുസിന്റെയുമൊപ്പം പ്രിയപ്പെട്ട കുറച്ചു മനുഷ്യരുടെ പരാതികളെയും സ്നേഹത്തെയും ഉള്ളിൽ നിറച്ച് നാല് ദിവസങ്ങൾ. കുഞ്ഞാന്റിയുടെ കൈകൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം,അമ്പാടിയുടെ അമ്മ കൊടുത്തയച്ച തേൻവരിക്ക ചക്കപ്പഴം.
ഉമ്മുക്കൊലുസ്സ് കൊണ്ടു കയറ്റിയ ത്രിപുരക്കാരന്റെ ജ്യൂസ് കട.രണ്ടു ഷാർജയ്ക്കൊപ്പം ഓർഡർ ചെയ്ത ഒരു മംഗോ ഷേക്ക്. പകുതി കുടിച്ച് പകുതി അവൾ വെച്ച് നീട്ടി. ഇത് നിനക്ക്. ഒരു മാറ്റവുമില്ലാതെ തുടരുന്ന സൗഹൃദം.പണ്ടും അവൾ അങ്ങനെ തന്നെയാണ്.അവളുടെ പൊതിച്ചോറിനുള്ളിൽ ഉമ്മച്ചിയുടെ നാട്ടിലെ രുചിയേറിയ കോഴിക്കോടൻ വിഭവങ്ങൾ പള്ളിക്കൂടവരാന്തയിലൊന്നിച്ചിരുന്നു കഴിയ്ക്കുമ്പോഴും പകുതിയുണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും.
“ഇത് നിനക്ക്”.എനിക്കൊരു വാപ്പിച്ചിയും ഉമ്മച്ചിയും ഇത്തയും ഇക്കായും ഉണ്ടായത് അവളിലൂടെയാണ്.കലപിലയുള്ള വർത്തമാനത്തിനിടയിൽ ഞങ്ങളൊന്നിച്ചു പഠിച്ച വിദ്യാലയവും ഒന്നിച്ചു നനഞ്ഞ ജൂൺ മഴകളും മഴയോർമകളും പഴയ സുഹൃത്തുക്കളും അധ്യാപകരും കടന്നു കൂടി. കുസൃതികൾ പറഞ്ഞു. ചിരിച്ചും കളിച്ചും കഥ പറഞ്ഞും നാട്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ഓർമകളായിരുന്നു.പിന്നോക്കം നടക്കാൻ ഏറെ കൊതിപ്പിക്കുന്ന ഒരായിരം ഓർമകൾ.
അച്ഛന്റെ സൈക്കിളിന്റെ മുന്നിലിരുന്ന്,കയ്യെടുക്കാതെ തുരു തുരെ സൈക്കിൾ ബെല്ലടിച്ച്, മഴ ആസ്വദിച്ച കൊച്ചുപെൺകുട്ടിയും ഓർമയിലേക്ക്
വിരുന്നെത്തി.മഴയും കാറ്റും മിന്നലും ശക്തമാകുമ്പോൾ കയ്യിലിരിക്കുന്ന കാലൻ കുട മുന്നോക്കം മലക്കം മറിയും.ദിശയറിയാതെ എങ്ങോട്ടോ പറന്നു പോകും. ഇടി കുടുങ്ങുമ്പോൾ നീട്ടിയൊരു വിളിയാണ് അച്ഛാ… വിളിയ്ക്കപ്പുറം അച്ഛനുണ്ടാകും.
“നമുക്കിത്തിരി നേരംഇരുന്നിട്ട് പോകാം.
അച്ഛനുള്ളപ്പോൾ കുട്ടിയെന്തിനാ പേടിക്കുന്നത്.”
അച്ഛൻ സൈക്കിൾ നിർത്തി തങ്കച്ചൻ മാമന്റെ കടേന്ന് ഒരു ചൂട് ചായയും പരിപ്പുവടയും വാങ്ങിത്തരും. എപ്പോഴും രവീന്ദ്രൻ മാഷിന്റെ ശ്രവണ സുന്ദര ഗാനങ്ങൾ മാത്രം കേൾക്കുന്ന തങ്കച്ചൻ മാമന്റെ ചായക്കട.
ചൂടെണ്ണയിൽ കോരിയെടുക്കുന്ന നല്ല
നെയ്യപ്പത്തിന്റെയും വാഴയ്ക്കാപ്പത്തിന്റെയും മണമാണ് തങ്കച്ചൻ മാമന്. അലക്കിത്തേച്ച് കഞ്ഞിവെള്ളം മുക്കി ഇസ്തിരിയിട്ട കസവുമുണ്ടും ജുബ്ബയുമിട്ട് എത്രമാത്രം പത്രാസ്സിൽ എവിടെ വെച്ച് കണ്ടാലും മാമന് അതേ മണമാണ്.
ചായക്കടയുടെ ഓരത്തെ പലക ബഞ്ചിൽ അച്ഛനോടൊപ്പമിരുന്ന് മഴ കാണുമ്പോൾ, അച്ഛൻ ചൂട് ചായ മൊത്തിക്കുടിയ്ക്കുന്നതിനൊപ്പം ചെറിയ ഗ്ലാസിൽ ചായ ആറ്റിത്തരും.അച്ഛന്റെ കൂടെ ചായ കുടിയ്ക്കാനും വർത്താനും പറയാനും നല്ല രസമാണ്.ഒത്തിരി കഥകൾ പറയുന്നൊരാൾ.അച്ഛനിലൂടെ,അച്ഛന്റെ കുട്ടിക്കാലത്തെ ഇടവപ്പാതിയിലൂടെ പിന്നൊരു നടത്തമാണ്.ആ നടത്തം കഴിയുമ്പോൾ അച്ഛന്റെ കണ്ണുകളിലും ഒരു ഇടവപ്പാതി പെയ്തു തോർന്നിട്ടുണ്ടാകും.മഴക്കെടുതികളെക്കുറിച്ച് പറയുമ്പോൾ അച്ഛനൊരു നീർച്ചാലാകും.
” കാർമേഘങ്ങൾ ഇരുണ്ടു കൂടി പെട്ടെന്നൊരു മഴയാണ്.ചിലപ്പോ ഇടിയും മിന്നലും കാറ്റും കോളു
മില്ലാതെ അങ്ങനങ്ങ് പെയ്തു തോരും.ആധിയും വ്യാധിയും പെരുകുന്ന പഞ്ഞകാലം. ഇന്നതൊക്കെ ഓർക്കുമ്പോ…”
എന്റെ മഴയോർമകൾ കുടുങ്ങിക്കിടക്കുന്നത് അച്ഛനിലാണ്.അച്ഛന് മഴ ഇഷ്ടമാണ്.എനിക്കും.
തെന്നിത്തെറിച്ച് ഇടവപ്പാതി പെയ്തു തുടങ്ങുമ്പോൾ, വീട്ടുമുറ്റത്തെ രാമച്ചപ്പുല്ലുകൾ പാകിയ നീർക്കുളം പൊട്ടും.ചാലുകളിലൂടെ നീന്തിത്തുടിച്ചു വരുന്ന പരൽമീനുകളും വാൽമാക്രികളും വലിയ മീനുകളും. കുഞ്ഞൻ മീനുകളെ കൈക്കുമ്പിളിൽ കോരിയെടുത്ത്, കൈക്കുമ്പിളിലെ വെള്ളം ഊർന്നു തീരുമ്പോൾ വീണ്ടും ചാലിലേക്ക് ഒഴുക്കി വിട്ടേയ്ക്കും. ലക്ഷ്യം തെറ്റി അവ പാഞ്ഞു പോകുന്നത് വർഷകാലത്ത് തവളകളുടെ താത്കാലിക പാർപ്പിടകേന്ദ്രമായ ചേമ്പിൻ കൂട്ടങ്ങളും കുറ്റിക്കാടും കുഴിയും നിറഞ്ഞൊരു പറമ്പിലേക്കും അവിടുത്തെ വെള്ളക്കെട്ടിൽ നീന്തിത്തുടിച്ചൊരു ചെറുതോടിലേക്കുമാണ്.
കാറ്റത്ത് മുറ്റത്തെ ഞാവൽമരം ഞാവൽപ്പഴങ്ങൾ പൊഴിച്ചിട്ടുണ്ടാകും. തല്ലിമരത്തിലെയും വട്ടമരത്തിലെയും ഇലകൾ അടർന്നു വീണിട്ടുണ്ടാകും.
മഴയിൽ കുളിച്ചു ഗന്ധരാജൻ പൂവുകൾ മൊട്ടു വിടർത്തി സുഗന്ധം
പരത്തിയിട്ടുണ്ടാകും. വേലിപ്പത്തലുകൾക്കൊപ്പമുള്ള മഞ്ഞമന്ദാരത്തിന്റെയും ചെമ്പരത്തിയുടെയും ഇതളുകൾ മഴത്തുള്ളികളിൽ കുതിർന്നിട്ടുണ്ടാകും. ഓർമകൾ ചിലപ്പോൾ ദുഃഖവും ചിലപ്പോൾ സന്തോഷവുമാണ്.
കെ എസ് ആർ ടി സി ബസിലെ സൈഡ് വിൻഡോയിലൂടെ തെന്നിത്തെറിച്ച്, മഴത്തുള്ളികളെ കണ്ടു കണ്ടങ്ങനെ ഇരുന്നപ്പോൾ, ബസ് ചന്തയിലേക്ക് തിരിഞ്ഞു. തങ്കച്ചൻ മാമന്റെ ചായക്കടയിലെ റേഡിയോയിൽ നിന്ന് രവീന്ദ്രൻ മാഷിന്റെ പഴയ സംഗീതം. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നപ്പോൾ മതിൽക്കെട്ടിനുള്ളിൽ വീട് ശ്വാസം മുട്ടി നിൽക്കുന്നു.മണ്ണ് കുടിച്ചു വറ്റിക്കേണ്ട മഴവെള്ളം വഴിയാകെ കെട്ടിക്കിടക്കുന്നു.
🌿