ലേഖനം : അനു സാറ✍

മാനവന്റെ നേട്ടങ്ങളെല്ലാം ഉറവ വറ്റിയ തടാകം പോലെയും,പഴുത്ത ഇലകൾ പോലെയും വീണു തുടങ്ങുന്നു.
സമ്പത്തിന്റെ അന്ധതയിൽ മെനഞ്ഞുണ്ടാക്കിയതും, കെട്ടിപ്പൊക്കിയതുമായ മാളികകൾ, മനസ്സിൽ ഉടലെടുത്ത അഹങ്കാരത്തിന്റെയും ക്രൂരതയുടെയും ഉയർന്ന ഗോപുരങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നുവീണു കൊണ്ടിരിക്കുന്നു. എങ്കിലും അവർക്ക് കഴിയുന്നില്ല എല്ലാ മനുഷ്യരും ഒരു ചങ്ങലയിൽ തീർത്ത കണ്ണികൾ ആണെന്ന് മനസ്സിലാക്കുവാൻ. ഏവരുടെയും ജീവൻ ഒരുപോലെ തന്നെയാണ്.

അത് അവസാനിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ കഷ്ടതയും ഒരുതരത്തിൽ എല്ലാവർക്കും ഒരുപോലെ തന്നെയാണ്. മറ്റുള്ളവർ നശിച്ചു പോകണമെന്നോ അല്ലെങ്കിൽ മരിച്ചു പോകണമെന്നോ വിധിയെഴുതുവാൻ ആർക്കും അവകാശമില്ല. ഒരേ ദൈവം തന്നെയാണ് മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ഭൂമിയിൽ ചെറുപ്രാണികൾക്ക് പോലും ജീവൻ കൊടുത്തിരിക്കുന്നത്.


ചിലരുടെ മനസ്സിൽ നിന്ന് ഒഴുകിവരുന്ന ദുർചിന്തകൾ കൂടി വരുമ്പോൾ ദൈവത്തെ മറന്നു ജീവിക്കുമ്പോൾ ഒരു തിരിച്ചറിവിനായി എങ്കിലും നമ്മൾ അതു മനസ്സിലാക്കി മുന്നോട്ടു ജീവിക്കണം. ഈ ഭൂമിയിൽ പ്രളയമായിട്ടും ഉരുൾപൊട്ടൽ ആയിട്ടും മറ്റും തകർന്നുവീണ മനുഷ്യർ അവർ നേടിയെടുത്തതൊന്നും അവർ കൊണ്ടുപോയിട്ടില്ല.
ജാതിയോ മതമോ അല്ലെങ്കിൽ ദരിദ്രൻ എന്നോ ധനികനെന്നോ നോക്കിയല്ല അവരുടെ ജീവൻ നഷ്ടമായത്. ആ ഒരു ഓർമ്മ ഏവരും മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്. എങ്കിലും ഇത്രയെല്ലാം സംഭവിച്ചിട്ടും ചിലർ അവരുടെ മനസ്സിന്റെ കാഠിന്യം കുറയ്ക്കാൻ തയ്യാറാകുന്നില്ല. നമുക്ക് ഈ ഭൂമിയിൽ നിൽക്കുമ്പോഴും ആത്മാവ് നഷ്ടപ്പെട്ടാലും അവസാനിക്കാതെ നിൽക്കുന്ന സമ്പാദ്യം സ്നേഹം മാത്രമാണ്.

പകയുടെയും പ്രതികാരത്തിന്റെയും അഹങ്കാരത്തിന്റെയും ദുഷിച്ച ചിന്തകൾ മാറി ഏവർക്കും നല്ലൊരു ഹൃദയം ലഭിക്കാനായിട്ടും, ഏവരുടെയും നന്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഒരു നല്ല മനസ്സ് ഏവർക്കും ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കാം.
ദൈവത്തോട് കൂടുതൽ അടുക്കാനായി ഏവരുടെയും ഹൃദയം പ്രാപ്തമാകട്ടെ.

അനു സാറ

By ivayana