രചന : വൈഗ ക്രിസ്റ്റി✍

സ്ഥിരമായി പോകുന്ന വഴിയരികിലാണ്
ആ കല്ലറ
ഒരു മതത്തിൻ്റെയും മേൽവിലാസമില്ല
ആണോ പെണ്ണോ എന്നുമറിയില്ല
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
എന്നും
ഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്നുമൊക്കെ
ഇടയ്ക്ക്
പറയാൻ തോന്നുന്ന
ചില മരിച്ചുപോകലുകളുണ്ട്
ആരുടേതെന്നറിയാത്ത
ആ കല്ലറയുടെയരികിലെത്തുമ്പോൾ
എനിക്കങ്ങനെ തോന്നുന്നത്
എനിക്കേ അത്ഭുതമാണ്
അത് ,
ഒരാണിൻ്റെ കല്ലറയെന്ന് ഞാൻ ചുമ്മാ കരുതുന്നു
കാരണം ,
പെണ്ണുങ്ങളെക്കുറിച്ച്
സങ്കല്പങ്ങൾ കൊണ്ടുപോകുന്നതിന്
എനിക്ക് പരിമിതികളുണ്ട്
പരിചയപ്പെട്ടിട്ടില്ലാത്ത
ആത്മ സുഹൃത്ത് ,
ഒരിക്കലും ,
എന്നെ പ്രണയിച്ചിട്ടില്ലാത്ത കാമുകൻ ,
എനിക്ക് ,
പിറക്കാത്ത കുഞ്ഞുങ്ങളുടെ
ഞാനിതേവരെ കാണാത്ത അപ്പൻ ,
കൊള്ളാം …
പെണ്ണുങ്ങളെക്കുറിച്ച് ഇങ്ങനൊക്കെ
സങ്കല്പിക്കാൻ പറ്റുവോ ?
അയാളുടെ മുഖം
ഒരു പുകമറയ്ക്കപ്പുറം
എൻ്റെ മുമ്പിലുണ്ട്
ഓലമേഞ്ഞ ,
ഏതോ കുടിലിനു മുന്നിൽ
പണി കഴിഞ്ഞു കയറിവന്ന്
അയാൾ ,
വിയർപ്പാറ്റുന്നത് എനിക്ക് കാണാം
ഒരു കോപ്പ നിറച്ചും
ചൂടു കഞ്ഞോളം കൊണ്ടു കൊടുക്കുന്ന
അയാളുടെ ഭാര്യ
മുറ്റത്ത് ,
ഉടുക്കാക്കുണ്ടന്മാരായി ഓടിക്കളിക്കുന്ന
അയാളുടെ കുഞ്ഞുങ്ങൾ ,
അമർന്നു പോയ
ഈ മൺകൂനയ്ക്കുള്ളിൽ കിടന്ന്
അയാൾ
എന്തു സ്വപ്നമായിരിക്കും കാണുന്നത് ?
തനിക്കു മുകളിലൂടെ
ബസിലും
തീവണ്ടിയിലും
വിമാനത്തിലും കടന്നു പോകുന്ന
കാലത്തെ
അയാൾ കാണുന്നുണ്ടാകുമോ ?
ലളിതമായ
ഈ മൺകൂനയ്ക്ക് മുന്നിൽ
അയാളെക്കുറിച്ച്
ചിന്തിക്കുന്ന എന്നെ അയാൾ അറിയുന്നുണ്ടാവുമോ ?
എത്രയോമുമ്പ് മരിച്ചു പോയതിനാൽ
അവകാശികളില്ലാതായ
അയാളും
ജീവിച്ചിരിപ്പിൻ്റെ
മടുപ്പു നിറഞ്ഞ ഞാനും
എവിടെയെങ്കിലും വച്ച്
ഞങ്ങളുടെ സ്വപ്നങ്ങളിൽ
പരസ്പരം കടന്നു പോയിട്ടുണ്ടാവും
അപരിചിതത്വത്തിൻ്റെ
ചെറിയൊരു ചിരിയിൽ
അയാളെന്നെയും
ഞാനയാളെയും അടയാളപ്പെടുത്തിയിട്ടുണ്ടാവും
അല്ലേ …?

വൈഗ

By ivayana