രചന : സബിത ആവണി ✍

കാലത്തിനപ്പുറം
ചുളിവ് വീണ കൺകോണുകൾ ഇന്നും
തിരക്കിൽ തിരഞ്ഞതും
ആ മുഖമൊന്ന് കാണാൻ മാത്രമായിരുന്നു.
എവിടെയെന്നറിയാത്തൊരു മനുഷ്യനെ…
ഒരിക്കൽ സ്നേഹിച്ചിരുന്നതാണ്…
വളരെ പണ്ട്…
കാലം എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു…
ഒന്ന് കാണണമെന്ന്
തോന്നുമ്പോൾ ഓടിയെത്താനും
കാണാനും മാത്രം ബന്ധമൊന്നും
കരുതി വെച്ചിരുന്നില്ല.
അകന്നു പോയതാണ്…
എന്നിട്ടും വന്നു…
വെറുതെ ഒന്ന് കാണാൻ…
ഓർമ്മയുടെ പകുതിയിലധികവും ചിതലെടുത്തിരിക്കുന്നു.
അവിടെ അയാളെ മാത്രം ബാക്കി വെച്ചിരിക്കുന്നു.
ഇടുങ്ങിയ മുറിയുടെ ഒരറ്റത്ത്
കട്ടിലിൽ കിടക്കുന്ന വൃദ്ധനെ നോക്കി അവർ നിന്നു.
ആരോ കൈ പിടിച്ച് അവരെ അയാളുടെ
തൊട്ടടുത്തിരുത്തി.
ആ കണ്ണുകൾ തമ്മിൽ ഉടക്കുന്നു…
അപരിചിതരായ രണ്ടാളുകളെ
പോൽ അവർ പരസ്പ്പരം നോക്കുന്നു.
അവരുടെ ചുണ്ടുകൾ ആ പേര് മന്ത്രിക്കുന്നു.
അയാളുടെ കണ്ണുകൾ നിറയുന്നു…
വിറയാർന്ന കൈകൾ പരസ്പ്പരം കോർത്ത് അവരിരിക്കുന്നു.
അയാളുടെ ഓർമ്മകൾ
ചിതലെടുത്തിരുന്നില്ലെന്ന്
ആ കണ്ണുകൾ പറയുന്നു.
പ്രണയത്തിനു ഇങ്ങനെയും
കൂടിച്ചേരലുകളുണ്ടെന്ന്
അവർ ഓർമ്മിപ്പിക്കുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ
അവർ വീണ്ടും
പഴയ കാമുകിയും കാമുകനും ആവുന്നു.
അവരുടെ ഹൃദയങ്ങൾ
പരസ്പ്പരം മറന്നു വെക്കുന്നു.
കാലത്തിനിപ്പുറവും പ്രണയത്തിനിന്നും
എന്തൊരു കുളിരാണെന്ന്
അവർ നമ്മെ ഓർമ്മിപ്പിക്കുന്നു.
🖤

സബിത

By ivayana