ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നാഗക്കാവിലന്തിത്തിരി തെളിച്ചുവോ ?
കുര്യാലയിലും ദീപം പകർന്നുവോ ?
ഒരു നിമിഷമവരെ ധ്യാനിച്ചുവോ ?
ഓം ശാന്തി :മൂന്നുരു ചൊല്ലിയുറപ്പിച്ചോ ?
സമയസൂചി തെന്നുന്ന ഒച്ചയിൽ
അകത്തൊരാളു വീണ്ടും പുലമ്പുന്നു.
മുടി പറത്തല്ലേ പടിയിലിരിക്കല്ലേ
കുടി കെടുത്തല്ലേ മടി പിടിക്കല്ലേ !
വ്രണിതമായ പുറംകാഴ്ച്ചയൊന്നും
അറിഞ്ഞിടാതെ,യടഞ്ഞ മുറിയിൽ
ഉയിരു പൊള്ളിക്കിടപ്പായ
പടുജന്മം കിതപ്പാറ്റി.
താൻപോരിമയുടെ മുള്ളുകൾ നീട്ടി
പനിനീർപുഷ്പമെന്നുദ്ഘോഷിച്ചില്ല
കള്ളച്ചൂതറിയില്ല , മാത്സര്യമേറും
കളരിയിലഭ്യസിച്ചില്ല.
പൈതൃകം പകർന്ന അറിവിൽ
പഴമനസു പറഞ്ഞുപോയത്രയും
ഞാറ്റുവേല കഴിഞ്ഞുവോ ?
ഇന്നു ഞായറോ തിങ്കളോ ?
കാലഗണിതമറിയില്ല മാറ്റത്തിൻ
മാറ്റു നോക്കാനുമാവതില്ല.
സ്വന്തം ജീവിതം തന്നെ വായിക്കുന്നു
ഉള്ളു പൊള്ളിക്കിടപ്പായ കവിത.

By ivayana