ലേഖനം : സതീഷ് വെളുന്തറ.✍

ഇന്നലെ(7-7- 23) മാതൃഭൂമി ദിനപത്രത്തിൽ കണ്ട ഒരു റിപ്പോർട്ടാണ് ഈ ലേഖനത്തിനാധാരം. വീട്ടുഭാരത്താല്‍ കേരളത്തിൽ സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു എന്നാണ് വാർത്ത. കൃത്യമായ കാരണങ്ങളും കണക്കുകളും പറയുന്നുമുണ്ട്. ഒരു കാരണം വീട്ടിൽ പ്രായമായവരെയും കുട്ടികളെയും നോക്കാനുണ്ട് എന്നുള്ളതാണ്. ഇതുതന്നെ ആദ്യം പരിശോധിയ്ക്കാം. നോക്കാനുള്ളത് ( പരിചരിയ്ക്കാനുള്ളത്) ഒന്നുകിൽ സ്വന്തം അച്ഛനമ്മമാരെ അല്ലെങ്കിൽ ഭർത്താവിന്റെ അച്ഛനമ്മമാരെ. കേരളത്തിൽ 18 മുതൽ 30 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ 85 ശതമാനം പെൺകുട്ടികളും വിവാഹിതരായിരിക്കും.

അപ്പോൾ അവരുടെ അച്ഛനമ്മമാരുടെ അല്ലെങ്കിൽ ഭർത്താവിന്റെ അച്ഛനമ്മമാരുടെ പ്രായം40 മുതൽ 60 വരെ (അമ്മ ) 50 മുതൽ 70 വരെ (അച്ഛൻ ). ഈ പ്രായത്തിലുള്ളവരിൽ 90%-ത്തെയും പരിചരിക്കാൻ വേണ്ടി മക്കളോ മരുമക്കളോ വീട്ടിൽ ഇരിക്കേണ്ട സാഹചര്യം ഇന്ന് കേരളത്തിലില്ല .പകരം ഈ അച്ഛനമ്മമാരാണ് പേരക്കുട്ടികളുടെ കാര്യം നോക്കി വീട്ടിൽ കഴിയുന്നത്, മക്കളും മരുമക്കളും ജോലിക്ക് പോകുമ്പോൾ. ഇതിനർത്ഥം പരിചരണം ആവശ്യമായി വരുന്ന മാതാപിതാക്കൾ വീട്ടിലില്ല എന്നല്ല പക്ഷേ അത് വളരെ ചുരുക്കമാണ്. മക്കളുടെയും മരുമക്കളുടെയും പരിചരണം അധികമായതുകൊണ്ടാണ് ഇന്ന് പ്രായമായവരിൽ ഒരു വിഭാഗം നട തള്ളപ്പെടുന്നത് അനാഥാലയങ്ങളിലേക്ക്.കുട്ടികളെ നോക്കുന്ന കാര്യം പറഞ്ഞാൽ ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സമയം കുട്ടികൾ സ്കൂളിലും ട്യൂഷൻ സെന്ററിലും ഒക്കെയായിരിക്കും. സ്കൂളിൽ പോകാത്ത കുട്ടികളാണെങ്കിൽ അവരുടെ കാര്യം നോക്കി വീട്ടിൽ കഴിയുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ മുത്തച്ഛനും മുത്തശ്ശി യുമായിരിക്കും.

ഇപ്പോൾ 50 – 70 വയസ്സ് പ്രായത്തിലുള്ളവരുടെ അച്ഛനമ്മമാർക്ക് മക്കളെ നോക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് ഈ പ്രായത്തിലുള്ളവർക്ക് കൊച്ചുമക്കളെ കൂടി നോക്കേണ്ട ചുമതല വന്നിരിക്കുകയാണ്. പക്ഷേ സർവേ പറയുന്നത് ഈ പ്രായത്തിലുള്ളവരെ നോക്കാൻ വേണ്ടി മക്കളോ മരുമക്കളോ ഒക്കെ ജോലി ഉപേക്ഷിച്ചു വീട്ടിൽ കഴിയുന്നുവെന്നാണ്,അങ്ങനെ ജോലി ഉപേക്ഷിക്കേണ്ടി വന്നവർ 57 ശതമാനം ആണെന്നാണ് .


രണ്ടാമത്തെ കാരണം പറയുന്നത് വിവാഹം, താമസം മാറൽ, ദൂരം ഇവയാണ്. ഇതിലേത് കാരണമായാലും സർക്കാർ ജീവനക്കാർക്കാണെങ്കിൽ സ്ഥലംമാറ്റം എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് മറ്റൊരു തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുമില്ല. ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവർ 20% ആണെന്നാണ് സർവ്വേ പറയുന്നത്. ഐ.ടി പ്രൊഫഷലുകളായ എത്രയോ സ്ത്രീകൾ വീട്ടിലിരുന്ന് ജോലി ചെയ്തു പ്രതിമാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു.


മറ്റൊരു കാരണം കുറഞ്ഞ വേതനമാണ്. സർക്കാർ സർവീസിലാണെങ്കിൽ ഏറ്റവും കുറഞ്ഞത് പ്രതിമാസം 20,000 രൂപയിൽ കുറയാത്ത ശമ്പളമുണ്ട്. ഇനി സ്വകാര്യ സ്ഥാപനത്തിലാണെങ്കിൽ ശമ്പളം മുൻകൂട്ടി അന്വേഷിച്ചറിഞ്ഞ് കുറഞ്ഞ ശമ്പളമാണെങ്കിൽ പോകേണ്ട എന്ന് വയ്ക്കണം. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന മറ്റൊരു ജോലി അന്വേഷിച്ച് കണ്ടുപിടിക്കണം. അതല്ലാതെ മറ്റു മാർഗ്ഗമില്ല. 10.32 ശതമാനമാണ് ഇങ്ങനെ ജോലി ഉപേക്ഷിച്ചവരായി സർവ്വേ പറയുന്നത്.
3.92 ശതമാനം പേരാണ് ജോലിയിൽ തുടരാൻ അനുവാദമില്ലാത്തതിനാൽ ജോലി ഉപേക്ഷിച്ചത്. അനുവദിക്കാത്തത് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം ഇല്ലാത്തതുകൊണ്ട് ആ വിഷയം ഈ ലേഖകൻ വിടുകയാണ്.


ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന പെൺകുട്ടികൾ 52.3 ശതമാനവും ആൺകുട്ടികൾ 34. 5 ശതമാനവുമാണ് സർവ്വേ പ്രകാരം. പക്ഷേ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4. 9 -ശതമാനവും സ്ത്രീകളുടേത് 17 ശതമാനവും എന്ന സർവ്വേ പറയുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല. ഭൂരിപക്ഷം പെൺകുട്ടികളും പുസ്തകം മാത്രം പഠിക്കുകയും ( എല്ലാ പെൺകുട്ടികളുമല്ല) പൊതുവിജ്ഞാനം നേടാതിരിക്കുകയും ചെയ്യുമ്പോൾ ആൺകുട്ടികൾ സിലബസിനോടൊപ്പം പൊതുവിജ്ഞാനം കൂടി നേടാൻ പരിശ്രമിക്കുന്നു എന്നുള്ളതാണ്. അടുത്ത കണക്കാണ് ഏറ്റവും വിചിത്രം. ബിരുദാനന്തര ബിരുദധാരികളായ പുരുഷന്മാരിൽ തൊഴിലില്ലായ്മ 6. 6% മാത്രമേ ഉള്ളൂ എന്നാണ് സർവേ പറയുന്നത്.അപ്പോൾ ബാക്കി 93.4 ശതമാനത്തിനും സർവ്വേ പ്രകാരം തൊഴിലുണ്ട്. പക്ഷേ യാഥാർത്ഥ്യം പരിശോധിച്ചാൽ ബിരുദാനന്തര ബിരുദധാരികളിൽ അതിനനുസരിച്ച തൊഴിൽ ഉള്ളത് ഒരു ശതമാനത്തിന് മാത്രമാണ് എന്ന് കാണാൻ കഴിയും. ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകളിൽ തൊഴിൽരഹിതരുടെ ശതമാനം 34 ആണെന്നും പറയുന്നു. ഇതിൽനിന്ന് തന്നെ മനസ്സിലാക്കാം ഇത് തട്ടിക്കൂട്ട് കണക്കാണെന്ന്.


കേരളത്തിൽ പത്തോളം വാർത്താ ചാനലുകളുണ്ട്. ഈയ്യലു പോലെയാണ് യൂട്യൂബ് ചാനലുകൾ. ഇതിനിടയിൽ വർത്തമാന പത്രങ്ങൾ പിടിച്ചുനിൽക്കാൻ പെടുന്ന പാട് ചില്ലറയല്ല. ലേഖകർ പത്ര മുതലാളിമാരിൽ നിന്ന് നേരിടുന്ന സമ്മർദ്ദവും ഒട്ടും കുറവല്ല, സെൻസേഷണൽ വാർത്തകൾ ഉണ്ടാക്കുന്നതിന് വേണ്ടി. അസത്യങ്ങളും അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നത് ഇന്ന് വാർത്താമാധ്യമങ്ങളുടെ ഒരു അജണ്ട തന്നെയായി മാറിയിരിക്കുന്നു. ഉണ്ടത്രേ, ഇല്ലത്രേ,പറഞ്ഞത്രേ, ആണത്രേ ഇത്തരം വാക്കുകൾ ന്യൂസ് റൂമുകളിലും അച്ചടിശാലകളുടെ അകത്തളങ്ങളിലും നിറഞ്ഞുനിൽക്കുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ലേഖകൻ ബാധ്യസ്ഥനല്ല എന്ന ഒറ്റക്കാരണത്താൽ എന്തും എഴുതിവിടുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. പത്രങ്ങളുടെയും ചാനലുകളുടെയും വാർത്തകളല്ലാം പരമവും ആത്യന്തികവുമായ സത്യമാണെന്ന് നമ്മളിൽ ചിലരെങ്കിലും ധരിച്ചു വശായിരിയ്ക്കുന്നു.


ഈ വർഷം മാർച്ചിൽ സ്കൂൾ അടച്ചപ്പോഴാണ് ചായം കലക്കി പരസ്പരം പുറത്തൊഴിച്ച് കളിക്കുന്ന കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് മാതൃഭൂമി പത്രം വ്യാജവാർത്ത ചമച്ചത്. ഒരു പെൺകുട്ടി നിലവിളിച്ചു കൊണ്ട് പറയുകയാണ്, അയ്യോ എന്റെ യൂണിഫോമിൽ ചായമൊഴിക്കരുതേ… ഇത് കഴുകി വൃത്തിയാക്കിയിട്ട് വേണം അടുത്തവർഷം എന്റെ അനുജത്തിയ്ക്ക് ഉപയോഗിക്കുവാൻ. പ്രഥമ ദൃഷ്ട്യാ ആരും വിശ്വസിച്ചുപോകും. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാവർഷവും രണ്ടു ജോഡി യൂണിഫോമിലുള്ള തുണി സർക്കാർ സൗജന്യമായി നൽകുന്നു എന്നത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുകയും ചെയ്യും. പക്ഷേ സത്യം പുറത്ത് വരുമ്പോഴേക്കും നുണ ചെരുപ്പിട്ടുകൊണ്ട് ലോകസഞ്ചാരം നടത്തി കഴിഞ്ഞിരിക്കുമെന്നതു പോലെ ഈ വാർത്ത വ്യാജമാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ പലരും ഇത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തു കഴിഞ്ഞിരുന്നു. പക്ഷേ ഇത് വ്യാജ വാർത്തയാണെന്നതിന് വേണ്ടത്ര പ്രചാരം കിട്ടിയതുമില്ല. ആ പത്രമാകട്ടെ അത് തിരുത്തിയതുമില്ല.


ഇപ്പോഴത്തെ വാർത്ത സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ടതാണ്. കേരള നോളജ് അക്കാദമി മിഷൻ ആണ് മാർക്കോണി റേഡിയോ കണ്ടുപിടിച്ചതുപോലെയുള്ള ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഇവരുടെ വിശ്വാസ്യത എന്ത്,ഇവർ നേരത്തെ എത്ര സർവ്വേകൾ നടത്തി, അതിൽ എത്രത്തോളം യാഥാർഥ്യമുണ്ട് ഇതൊക്കെ പരിശോധിക്കപ്പെടണം.
നേരത്തെ സൂചിപ്പിച്ച കാരണങ്ങൾ ഒന്ന് ആവർത്തിക്കുകയാണ് ഇവിടെ.മാതാപിതാക്കളെയും കുട്ടികളെയും നോക്കേണ്ടതു കൊണ്ട്, വിവാഹം താമസം മാറൽ, ദൂരം, പോകാൻ അനുവാദമില്ല ഇതൊക്കെയാണ് സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നതിനുള്ള കാരണമായി സർവ്വേ പറയുന്നത്. സർക്കാർ ജോലി ലഭിച്ച ഒരു സ്ത്രീയും ഈ നാല് കാരണങ്ങളാലും ജോലി ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ സർക്കാർ ജോലിയാണോ സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയാണോ എന്ന് വ്യക്തമാക്കുന്നതുമില്ല.


ഇനി സ്വകാര്യസ്ഥാപനങ്ങൾ ആണെങ്കിൽ നമുക്ക് പരിശോധിക്കാം. കേരളത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരിൽ 50 മുതൽ 70% വരെ സ്ത്രീകളാണ്. സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നത് 50 ശതമാനത്തിലധികം സ്ത്രീകളാണ്, അക്ഷയ സെന്ററുകളിൽ ജോലി ചെയ്യുന്നത് പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ്, സ്വർണ്ണ കടകളിൽ ജോലി ചെയ്യുന്നതിൽ 30 മുതൽ 40 ശതമാനം വരെ സ്ത്രീകളാണ്. പെട്രോൾ പമ്പുകളിൽ പുരുഷന്മാരെക്കാളധികം സ്ത്രീകൾ ജീവനക്കാരാരുണ്ട്. ചെറിയ ഏറ്റക്കുറച്ചിലുകൾ ഈ പറഞ്ഞ കണക്കുകളിൽ വരാം. പ്രൊഫഷണൽ കലാരംഗങ്ങളിൽ ഇപ്പോഴത്തെ നാടൻപാട്ട് ട്രൂപ്പുകളിലടക്കം ഏറെയും പേർ സ്ത്രീകളാണ്. വാദ്യോപകരണ രംഗത്ത് ധാരാളം സ്ത്രീകളുണ്ട്. സിനിമ, നാടകം, കോമഡി ഷോ ഇതിലൊക്കെ പങ്കെടുക്കുന്ന കലാകാരികളുടെ എണ്ണം കുറവാണോ. പത്രമാധ്യമങ്ങൾ ചാനലുകൾ ആകാശവാണി വിവിധ എഫ് എം ഇതിലൊക്കെ എത്രയോ സ്ത്രീകൾ ജോലി ചെയ്യുന്നു.എന്നിട്ട് പറയുകയാണ് സ്ത്രീകൾ എല്ലാം പല കാരണങ്ങളാൽ ജോലി ഉപേക്ഷിക്കുന്നു എന്ന്.

ചുരുക്കം പേർ ഉണ്ടാകാം ഇല്ലെന്നല്ല.
ഈ സർവ്വേ നടത്തിയ ഏജൻസി ജില്ലകൾ തിരിച്ച് സ്ഥാപനങ്ങൾ തിരിച്ച് വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിച്ച സ്ത്രീകളുടെ കണക്ക് ഒന്ന് പുറത്തു വിടാമോ.
ഇതിനിടയിൽ വിട്ടുപോയ മറ്റൊരു കാര്യമാണ് ജനപ്രതിനിധികൾ. കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ 51 ശതമാനം സ്ത്രീകളാണ് ജനപ്രതിനിധികളായുള്ളത്. അതൊരു തൊഴിലാണോ എന്ന് ചോദിച്ചാൽ അല്ലെങ്കിലും അവരിൽ ബഹുഭൂരിപക്ഷവും നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്നവരാണ്. തൊഴിലിടങ്ങളിലും സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ പലതരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നുള്ളത് യാഥാർഥ്യം തന്നെയാണ്. പക്ഷേ ഇത്തരം സർവേ റിപ്പോർട്ടുകളൊക്കെ തട്ടിക്കൂട്ടാണ്. പ്രത്യേകിച്ചും പത്രങ്ങളും അവിടെ പണിയെടുക്കുന്ന ജേണലിസ്റ്റുകളും അതിജീവനം എന്ന മൂന്നാം ലോകമഹായുദ്ധത്തിൽ മുഴുകിയിരിക്കുന്ന കാലഘട്ടത്തിൽ. ജേണലിസം എന്ന് പറയുന്നത് വെറും ജീർണലിസം ആയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ.

സതീഷ് വെളുന്തറ.

By ivayana