ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : വേണുക്കുട്ടൻ ചേരാവെള്ളി ✍

ടാ നമ്മൾ ഇങ്ങനെ നടന്നാൽ മതിയോ
അതെന്താടാ നീ ഇങ്ങനെ ചോദിക്കുന്നത്
അല്ലെടാ ഇപ്പോ പുഴമണ്ണ് വിറ്റും പാറപൊട്ടിച്ചും ഏക്കർ കണക്കിന് പാടം നികത്തിയും വലിയ വസ്തുക്കളൊക്കെ തുണ്ട് ഭൂമിയാക്കി മുറിച്ചു മറിച്ചു വിറ്റും തോടും പാലവും റോഡും നിർമ്മിച്ചും
റിയൽ എസ്റ്റേറ്റ് ചെയ്തും ഫ്ലാറ്റും മാളും പണിതും പണം കുറേ കയ്യിൽ വന്നെന്നു പറഞ്ഞിട്ടെന്താ
നമ്മളെ പത്താൾക്കാർക്ക് വിലയുണ്ടോ
അത് നീ പറഞ്ഞത് ശരിയാ
ഒരു കമ്മിറ്റിയിലോ പ്രസ്ഥാനത്തിലോ നമുക്ക് എന്തെങ്കിലും ഒരു വില ഇവന്മാർ തരുന്നുണ്ടോ
എല്ലാവർക്കും നമ്മുടെ പണം മതി
അതിന് നോട്ടീസും കൊണ്ട് ഇവിടെ പിരിവിനു വരുന്ന ഏതെങ്കിലും ഒരുത്തനോട് പറഞ്ഞാൽ അതിലൊന്നും നമ്മളെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന്
നിങ്ങളൊക്കെ വലിയ ആളുകളല്ലേ എന്ന് കളിയാക്കുവാണല്ലോടാ
എടാ ഇത് നമ്മടെ മാത്രം പ്രശ്നമല്ല നമ്മടെ കൂടെ കൂട്ട് കച്ചവടം ചെയ്ത ആരെങ്കിലും ഇതിലെങ്ങാണം ഉണ്ടോടാ കൂവ്വേ
ഇവിടേക്കുറേ കലാ സാംസ്‌കാരിക സമിതിക്കാരുണ്ട് അവന്മാരുടെ ജാഡ അതിനേക്കാൾ കഷ്ടം
കഞ്ഞി കുടിക്കാൻ ഗതിയില്ല
ഉടുതുണിയ്ക്ക് മറുതുണിയില്ല വീടില്ല
ഒരു സൈക്കിൾ പോലും സ്വന്തമായില്ല
എന്നാലും അഹങ്കാരത്തിനും ഡയലോഗിനും ഒരു കുറവുമില്ല
എന്നിട്ടും ഇവനെയൊക്കെ എവിടെ ഒരു വേദിയുണ്ടെങ്കിലും അവിടെ കസേരപ്പുറത്തു പ്രതിഷ്ഠിച്ചേക്കുന്നെ കാണാം
ഇവന്മാര് പറയുന്നത് കേൾക്കാനും കയ്യടിക്കാനും കുറേ പൊട്ടന്മാരും
നീ കേട്ടിട്ടുണ്ടോ ദോ ലവന്റെ പ്രസംഗം
അത് കേട്ടാൽ ചിരി വരും
പുഴയിൽ കുളിക്കരുതെന്നു കൂടി വേണെങ്കിൽ പറഞ്ഞു കളയും
മലയിടിക്കാൻ പാടില്ല
മരം മുറിക്കാൻ പാടില്ല
മണ്ണെടുക്കാൻ പാടില്ല
ഇവന്മാരീ പറയുന്ന പോലെ നടന്നിരുന്നെങ്കിൽ നമ്മൾക്ക് പത്തു പുത്തനുണ്ടാക്കുവാൻ കഴിയുമായിരുന്നോ അയ്യോ ഇനി സ്വന്തം പെണ്ണുമ്പിള്ളേടെ കൂടെ കിടക്കാൻ പാടില്ല എന്നൂടി പറയുമോ ഹഹഹ
അത് ശരിയാവില്ലല്ലോടാ…
ഏത്???
അല്ല നമ്മളിക്കണ്ട പാടൊക്കെപ്പെട്ടിട്ട് നമ്മളെയും പത്തു പേരറിഞ്ഞില്ലെങ്കിൽ ഒരു കുറച്ചിലല്ലേ
അതിനിപ്പോ എന്താ വഴി
ആലോചിക്കണം
ഒരു സിനിമ പിടിച്ചാലോ
നിനക്കറിയാമോ അതിനെക്കുറിച്ച് വല്ലോം എന്നാൽ മിണ്ടാതിരി
എന്നാൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ
ങ്ഹാ ബെസ്റ്റ് അതിലോട്ട് എന്തോന്ന് കുത്തിത്തിരുകും
പിന്നെന്തുവാ ടാ നമുക്ക് ലവനില്ലേ എപ്പഴും പ്രസംഗിച്ചു പണിതരുന്ന പ്രകൃതി സ്നേഹി കവി കഥാകാരൻ അവനു ഫേസൂക്ക് ഉണ്ടെന്നാ പറയുന്നേ
എന്നാപ്പിന്നെ അത് നോക്കാം എങ്കിൽ അതിന്റെ കാര്യങ്ങൾ ഒന്ന് അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കാം
ഫേസൂക്കെങ്കിൽ ഫേസൂക്ക്
എന്തൊക്കെയാ പ്ലാൻ
ആദ്യം അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുന്നു
അപ്പൊ കാശ് എത്ര ഡെപ്പോസിറ്റ് ചെയ്യണം
ടാ പൊട്ടാ കാശ്ഒന്നും വേണ്ട
അതങ്ങ് ചെയ്താ മതി
പിന്നെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കണം
വല്ല 🌹 ഇരുട്ടറയിലെ നാറ്റം 🌹 എന്നോ മറ്റോ പേരും ഇടാം
പിന്നെ നമ്മൾ രണ്ടും അഡ്മിൻ
പിന്നെ നമ്മുടെ തന്നെ വേറെ ഓരോ ഫേക്ക് അക്കൗണ്ട്
അത് പെണ്ണുങ്ങടെ പേരിട്ടു മതി
അതെന്തിനാ??
അതൊക്കെയുണ്ട്നിന്നെ പത്തു പേര് അറിയപ്പെടണോ???
അക്ഷര നഗരിയിൽ വച്ചു പേരും പ്രശസ്തിയും ലഭിക്കണോ???
പൊന്നാടയിട്ട് ആദരിക്കണോ????
വേണം വേണം….
കൂട്ടുകാരൻ ഉത്സാഹത്തിലാണ്
അപ്പൊ ഇനിയെന്താ
ഇനിയല്ലേ കളി
FB പേജിലൊക്കെ ഓടി നടന്നു കുറേ സഹൃദയരെ തപ്പിയെടുത്തു ഫെയ്സ് ബുക്ക്‌ ഗ്രൂപ്പ്‌ തട്ടിക്കൂട്ടി
രാജ്യത്തുള്ള എഴുത്തുകാർക്കും വരപ്പുകാർക്കും ക്ഷണം പോയി
ആദ്യവാരം തന്നെ പോസ്റ്റിട്ടു പെരുമഴ നടത്തിയ കുറച്ചുപേരെ മോഡറേറ്റർ സ്ഥാനത്തേയ്ക്ക് നിയമിച്ചു
മോഡറേറ്റർമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകി
പല ഗ്രൂപ്പുകളിൽ കഷ്ടപ്പെട്ട് പോസ്റ്റുകളിട്ടിട്ടും കിട്ടാതിരുന്ന അവസരമാണ് നിങ്ങൾ തന്നത്
പ്രിയപ്പെട്ട അഡ്മിൻസ് ദൈവങ്ങളാണ്🙏 നിങ്ങൾ ഞങ്ങളുടെ ദൈവങ്ങൾ!!!!
ഈ കൂട്ടായ്മ വളർത്തിയെടുക്കേണ്ടത് ഇപ്പോൾ നിങ്ങളെക്കാൾ ഞങ്ങളുടെ ആവശ്യമാണ്
ശുഭദിനം ശുഭരാത്രി പോസ്റ്റുകൾ മത്സരങ്ങൾ കവിതകൾ കഥകൾ
അങ്ങിനെ മോഡറേറ്റർമാരുടെ ഘോഷയാത്രയിൽ 🌹ഇരുട്ടറയിലെ നാറ്റം🌹
പൂത്തുലഞ്ഞു പരിമളം പരത്തിത്തുടങ്ങി
നീയെന്തിനാ കൊറേയെണ്ണത്തെ ഇങ്ങനൊക്കെ പിടിച്ചിരുത്തിയേ
ടാ ഇപ്പോഴും അഡ്മിന്മാർ നമ്മള് മാത്രമാണ് ഈ പൊട്ടന്മാർ അവിടിരുന്നു നമുക്ക് വേണ്ടി ജോലി ചെയ്തോളും
നീ ഇന്നലെ ആ അങ്ങോട്ടു ചാടി ഇങ്ങോട്ട് ചാടി കവിതയ്ക്ക് സമ്മാനം കൊടുത്തല്ലോ
പിന്നേ
ആ കൊച്ചിന്റെ ചിരി സൂപ്പറാ
അതിനു കൊടുക്കണം
ഇല്ലെങ്കിൽ കഷ്ടമാ
അതെപ്പോഴും മെസഞ്ചറിൽ വന്നങ്ങു കരയുവാ
ഏതു പൊട്ടനും എന്തു ചവറു വാരിയിട്ടാലും അവരുടെ പടം പിറ്റേന്ന് അഭിനന്ദന പോസ്റ്റിൽ ഇടുന്നതെന്തിനാ
എടാ അവിടെയുമുണ്ട് ഒരു ടെക്കനിക്ക് ഇവിടുന്നു സ്ഥിരമായിട്ട് എന്തേലും കിട്ടുന്നുണ്ടെന്നു വന്നാൽ പിന്നെ ഇവരൊന്നും മറ്റു ഗ്രൂപ്പിലേക്ക് പോകില്ല ഇവിടെക്കിടന്നു വെരകിക്കൊള്ളും
ഇനി മാസത്തിൽ ഒരു 100/- രൂപ വീതം മത്സരങ്ങൾക്ക് സമ്മാനം കൊടുക്കുമെന്ന് കൂടിപ്പറഞ്ഞാൽ കഴിഞ്ഞില്ലേ FB യിൽ മറ്റു ഗ്രൂപ്പുകളൊക്കെ മഴ പെയ്യും പോലെ താഴെപ്പോകുന്ന കാണാം
ഓക്കേ ഓക്കേ ആ താടിയുള്ള അപ്പൂപ്പന്റെ കാര്യം എന്തുവാ പറഞ്ഞേ
ഓ അതോ കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ
എന്നും പറഞ്ഞ് അയാളുടെ ഒരു പോസ്റ്റ്‌
എന്നിട്ട് നീ എന്ത് ചെയ്തു
ഓ പിന്നെ കാശു കൊടുത്ത് എന്തെല്ലാം വാങ്ങിയേക്കുന്നു
ഞാനിതുവരെ ഈ കാരക്കുരു കണ്ടിട്ടില്ല
അങ്ങനൊന്നുണ്ടോ???
ആ പുല്ല് അയാളെ ഞാനങ്ങു ബ്ലോക്ക്‌ ചെയ്തു
ബാ നേരം ഒരുപാടായി നാളെ ഗ്രൂപ്പിന്റെ വാർഷികമാണ്
നമ്മള് തന്നെ നമ്മളെ പൊന്നാടയിട്ട് ആദരിക്കുന്നു
നമ്മൾ പണത്തിനൊപ്പം പ്രശസ്തിയിലേയ്ക്കും ഉയരുന്നു
അത് നവ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ അറിയുന്നു നമ്മുടെ സ്വപ്നം നടപ്പാകുന്നു
മന്ത്രിയെക്കണ്ടു
“വൃക്ഷശ്രീവൃക്ഷമിത്ര” അവാർഡുകളും നമുക്കു തന്നെ
എന്തിനെന്നോ ആ രണ്ടേക്കർ ബിസിനസ്സ് കോംപ്ലക്സിൽ സ്ഥലമില്ലാത്തിടത്ത് മുറിക്കാൻ പറ്റാത്ത രണ്ട് തെങ്ങു ബാക്കി വച്ചതിന്
മറ്റു രണ്ട് അഡ്മിന്മാർക്കും വരാൻ കഴിയത്തില്ല എന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട് ഇല്ലെങ്കിൽ നമ്മടെ കള്ളി പൊളിഞ്ഞു പണ്ടാരടങ്ങില്ലേ
ഇത് നമ്മുടെ കാശ് നമ്മുടെ അവാർഡ് പുത്തൻ പത്തു പോയെങ്കിലെന്താ
ഒരു കൊല്ലം കൊണ്ട് നമ്മളും ലോകം മുഴുവൻ അറിയപ്പെടുകയല്ലേ
ഇതിനാണ് ബുദ്ധി വേണം എന്ന് പറയുന്നത് നമുക്ക് പോയേക്കാം
നേരത്തേ കിടന്നുറങ്ങിയാലേ കാര്യങ്ങൾക്കൊരു നീക്കുപോക്കുണ്ടാകൂ ഗുഡ് നൈറ്റ്‌
👍👍👍👍
“”കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ””
വെട്ടി നിരത്തപ്പെട്ട കവിയുടെ ആത്മാവ് ആപ്പിൾ കമ്പ്യൂട്ടറിനുള്ളിലെ ലോകവലയ്ക്കുള്ളിൽ എവിടെയോ കിടന്നു ദീന ദീനം കേഴുന്നുണ്ടായിരുന്നു🙏🙏🙏

By ivayana