രചന : സെഹ്റാൻ✍
അങ്ങുദൂരെ
മൃതിയുടെ തീരങ്ങളിൽ നിന്ന്
കറുപ്പിൽ സ്വർണ്ണപ്പുള്ളികൾ
നിറഞ്ഞ ഉടലുള്ളൊരു
സർപ്പമെന്നെ ഫണമുയർത്തി
ക്ഷണിക്കാറുണ്ട്.
ഏതോ ആദിമഗോത്രഭാഷയെ
ഓർമ്മിപ്പിക്കുന്ന
നേർത്ത ശീൽക്കാരത്തോടെ.
പ്രതികരിക്കുകയെന്നത്
ചെറിയൊരു പുൽമേട്
താണ്ടുന്നത് പോലെയോ,
ആൾത്തിരക്കില്ലാത്ത
ബസ്സിലേക്ക് കാലെടുത്തുവെച്ച് പ്രവേശിക്കുന്നത് പോലെയോ
ആയാസരഹിതമായ
പ്രവർത്തിയായിരിക്കുമെന്ന്
തോന്നാറുണ്ടപ്പോൾ.
പക്ഷേ,
നിഷ്ക്കളങ്കതയ്ക്ക് മേൽ
അടയിരിക്കുന്ന കുരുവികളും,
കാലപ്പഴക്കത്താൽ
തേഞ്ഞുതുടങ്ങിയ
അധികാരദണ്ഡുകളും
അതൊരു
പാഴ്പ്രവർത്തിയായിരിക്കുമെന്ന്
എപ്പോഴും
ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അപ്പോഴുമാ വീഥിയാകട്ടെ
മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു…
ഒരുപക്ഷേ,
നിർത്താതെ പെയ്ത
മഴയ്ക്ക് ശേഷം
മരുഭൂവിലെ മണലെല്ലാം
അലിഞ്ഞു പോവുന്നൊരു
ദിവസമായിരിക്കാം
ആ യാത്രയ്ക്കായ്
തെരെഞ്ഞെടുക്കുക
ആഗ്രഹങ്ങളുടെ തിരിയണച്ച
വിളക്ക് മാത്രം കൈയിലേന്തും.
പോകും വഴിയത്
കടലിലുപേക്ഷിക്കും.
നിഴലിനെ നാലായ് പകുത്ത്
നാലു ദിക്കുകളിലേക്ക്
യാത്രയാക്കും.
കണ്ണുകളും, കാൽപ്പാദങ്ങളും
കഴുകൻമാർക്ക് ഭക്ഷിക്കാൻ
കൊടുത്ത ശേഷം
കുതിർണ മണലിൽ
വേരുകൾ ചീഞ്ഞുപോയ
കള്ളിച്ചെടികൾക്ക് മുകളിലൂടെ
ഇഴഞ്ഞുനീങ്ങും.
ഇരുളിന്റെ അടരുകൾക്കിടയിലൂടെ
അവ്യക്തമായ
ആ ഗോത്രഭാഷയുടെ
ശീൽക്കാരച്ചീളുകളെനിക്ക്
പെറുക്കിയെടുക്കാൻ കഴിഞ്ഞാൽ…
എങ്കിൽ മാത്രം
വരണ്ടതൊണ്ടയിൽ നിന്നും വാക്കുകളെ
സ്വതന്ത്രമാക്കി ഞാൻ മൊഴിയും;
“ഹാ!മരണമേ നിൻ പാതകൾ
എത്ര നിഗൂഢം!”
⭕