രചന : റാംറാം✍

 എന്നെയും നിങ്ങളേയും പോൽ,
ഏറെ "നെറികെട്ടവന്മാരുടെ",
ആവാസ സ്ഥാനമാണീ സമൂഹം എന്ന് പറയുന്നത്..!
നേരും നെറിയും ഇല്ലാത്ത ഈ സമൂഹത്തിൽ,
ജീവിക്കണം എങ്കിൽ,
മുഖത്തു കാപട്യത്തിന്റെ ഒരു പോയ്‌ മുഖവും,
മനസ്സിൽ ഏറെ കൃത്രിമത്വവും നമ്മൾ നിറച്ചേ തീരൂ...!
വലിയ ദുരന്തങ്ങൾക്ക് ശേഷം,
കാലുകൾ നഷ്ട പെട്ടവർ,
'പൊയ്ക്കാലുകളിൽ',
പുതിയൊരു ജീവിത ഘട്ടത്തെ സ്വീകരിക്കുവാൻ,
സ്വന്തം മനസ്സിനെ സജ്ജമാക്കുന്നത് പോലെ,
അതിജീവനത്തിനായ്,
വികാരങ്ങളിൽ പോലും,
മനുഷ്യന് കൃത്രിമത്വം നിറക്കേണ്ടി വരുന്നു...!
ഉള്ളിൽ കരയുമ്പോഴും,
പുറമേക്ക് ചിരിക്കുവാൻ അവൻ ശ്രമിക്കുന്നു...!
മുന്നോട്ടു നടക്കുവാൻ കഴിയില്ല എന്ന് അറിയാമായിരുന്നീട്ടും,
താൻ നടക്കുന്നു എന്നവൻ
സ്വയം വരുത്തി തീർക്കുവാൻ ശ്രമിക്കുന്നു...!
അസാധ്യം എന്നറിയാമെങ്കിലും,
മനസ്സിനെ അങ്ങിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു..!
തെറ്റാകുന്നില്ല ഒന്നും -
അതി ജീവനത്തിന്റെ,
പൊതുവായ ഒരു സൂത്രസജ്ഞ യാണത് -
ദുരന്തങ്ങളുടെ വ്യാപ്തിക്കും ആഴത്തിനും അനുസരിച്ച്,
ചോദ്യങ്ങളും,
ഉത്തരങ്ങളും
എന്നും ഏറെ വത്യസ്തമായിരിക്കും എന്ന് മാത്രം...!
അറിയാതെ പോകരുത് നിങ്ങൾ -
-- അഭിനയിക്കുവാൻ അറിയുന്നവരുടേതു മാത്രമാണീ ലോകം...
അഭിനയിക്കാൻ അറിയാത്തവർ,
വേദി കളിൽ മാത്രമല്ലാ,
ജീവിതത്തിലും അവർ എന്നും പരാജിതർ മാത്രം...!!
റാംറാം

By ivayana