രചന : ചാക്കോ ഡി അന്തിക്കാട്✍

👀
1
‘ഇന്ന്…നാളെ’
കാഴ്ച്ച മുരടിച്ച
കണ്ണീരു വറ്റിയ
സ്വാർത്ഥജനതയോട്
മണിപ്പൂരിലെ സ്ത്രീകൾ ആവർത്തിക്കുന്നു:
“ഇന്ന് ഞങ്ങൾ…
നാളെ നിങ്ങൾ!”
👀
2
‘മുതലക്കണ്ണീർ’
മുതലക്കുട്ടികൾ
കൊന്നുതിന്ന
മീനുകളുടെ ചോര
കായലിൽ
കലരുന്നതു കണ്ട്
ഒരു തന്ത-തള്ള മുതലയും
കണ്ണീരൊഴുക്കാറില്ല!
ഇത് മണിപ്പൂരിനും
ഇന്ത്യയ്ക്ക്
മൊത്തവും
ബാധകം!
👀
3
‘കഴുകൻ’
യുദ്ധഭൂമിയിൽ മാത്രമല്ല
കഴുകൻ വട്ടമിട്ടു പറക്കുക…
വയലുകളിലും,
പുഴയോരത്തും
അവ കാത്തിരിക്കും!
സ്ത്രീകളുടെ ശവങ്ങൾ
ഏതു സമയവും
വലിച്ചെറിയപ്പെട്ടേക്കാം!
👀
4
‘വീണവായന’
രാജ്യം
കത്തിയെരിയുമ്പോൾ
വീണ വായിക്കുന്ന
രാജാവ് പ്രതികരിച്ചു:
“തീനാളങ്ങളുടെ ശബ്ദവും,
സ്ത്രീകളുടെയും
കുട്ടികളുടെയും
നിലവിളികൾ കാരണവും,
എനിയ്ക്ക് വീണവായന
ആസ്വദിക്കാൻ കഴിയുന്നില്ല!
ആരവിടെ!”
👀
5
‘മാനം’
രാജ്യത്തിന്റെ മാനം
കാത്തവന്
സ്വന്തം പെണ്ണിന്റെ മാനം
കാക്കാനായില്ല.
പെണ്ണുങ്ങളെ
കൊന്നു തിന്നുന്നവർക്ക്
രാജ്യത്തിന്റെ മാനം
കാക്കാൻ നേരവുമില്ല!
പിടഞ്ഞുവീഴുന്നത്
ജനാധിപത്യത്തിന്റെ
‘സാർവ്വദേശീയ മാന’വും!
👀

By ivayana