രചന : സതിസുധാകരൻ പൊന്നുരുന്നി✍
ഇടവപ്പാതിക്കോളു കഴിഞ്ഞ്,
മിഥുനമാസം വന്നു കഴിഞ്ഞു.
കാർമേഘങ്ങൾ കലി പൂണ്ടതുപോൽ,
തോരാമഴയായ് പെയ്തു തുടങ്ങി.
പൊത്തിലൊളിച്ചൊരു തവളപ്പെണ്ണും,
വയലിൽ ശ്രുതികൾ മീട്ടി നടന്നു.
ഭൂമിപ്പെണ്ണു പുളകമണിഞ്ഞു
തണ്ണീർത്തടവും നിറഞ്ഞു കവിഞ്ഞു.
ഈറനുടുത്ത പൂമരച്ചില്ലയിൽ,
നിന്നൊഴുകിവരുന്നു
നീർമണി മുത്തായ്.
കൊതി മുത്തുള്ളൊരു കാക്കപ്പെണ്ണിന്
മാങ്കനിയൊന്നും കിട്ടാതായി.
കർഷകരെല്ലാം, ഞാറുനടാനായ്
കാറ്റാടിപ്പാടം ഉഴുതുമറിച്ചു.
നിരനിരയായ് ഞാറുകൾനട്ട്,
പാടം പച്ചപ്പട്ടു വിരിച്ചതു പോലെ!
തോട്ടിൻ കരയിലെ കൈതക്കാട്ടിൽ
പൊട്ടി വിരിഞ്ഞൊരു കൈതപ്പൂവ്
പരിസരമാകെ പരിമളം വീശി
കുളിർ കാറ്റായിട്ടോടിനടന്നു.