രചന : രാജു കാഞ്ഞിരങ്ങാട്✍

രാത്രിയിൽ സിമത്തേരിയിൽ നിങ്ങൾ –
ഒറ്റയ്ക്കു പോകണം
ഓർമ്മകളെ കുനുകുനാ എഴുതി വെച്ച
മീസാൻ കല്ലുകൾ കാണണം !

ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണും
ഒരിക്കലും മരിക്കാത്തവരുടെ ഇടത്തിലെ
അടക്കവും, ഒതുക്കവും !

ചിലർ ഇടയ്ക്കൊന്നു തലപ്പൊക്കി നോക്കും
മറ്റൊന്നിനുമല്ല, മനസ്സു മരിച്ചവരെ കാണാൻ
ചിലരൊന്നനങ്ങി കിടക്കും
ഓർമ്മകൾ മരിക്കില്ലെന്നോർമ്മിപ്പിക്കാൻ

ചിലരൊന്നു ചിലപ്പോൾ ചരിഞ്ഞു കിടക്കും
ചിലതൊന്നും കാണാൻ കഴിയില്ല എന്നാവാം
മഞ്ചാടിമണികൾ അവിടവിടെ ചിതറിക്കിടക്കുന്നുണ്ടാവാം
സൂക്ഷിച്ചു നടക്കണം, മരിച്ചാലും മരിക്കില്ലെന്ന്
ഓർമ്മിപ്പിക്കുന്ന കുഞ്ഞുങ്ങളാണവ

ഇലകളാടി കളിക്കുന്ന ചില ചെടികൾ കാണാം
ജീവിച്ചു മതിയായില്ലെന്നു ജീവിച്ചു കാണിക്കുന്ന വരാണവർ
മൗനമായല്ലാതെ നിങ്ങൾക്ക് നടക്കുവാൻ കഴിയില്ല
കാരണം, മൗനത്തിൽ നിന്നാണ് അവരുടെ
വാക്കുകൾ പിറക്കുന്നത്

വർത്തമാനം പറഞ്ഞു കൊണ്ടു നിങ്ങൾ
സിമത്തേരിയിലേക്കു പോവുകയേ, അരുത്കാരണം ;
അപ്പോഴാണ് അവർ മരിച്ചവരാണെന്ന് തിരി ച്ചറിയപ്പെടുന്നത് .

രാജു കാഞ്ഞിരങ്ങാട്

By ivayana