ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : വാസുദേവൻ. കെ. വി✍

കേരള മനസാക്ഷിയെ പിടിച്ചുലച്ച ദാരുണവാർത്ത ആലുവയിലെ കുഞ്ഞു ചാന്ദ്നിയുടെ…
പതിവുപോലെ കവിമനമുണർന്നു.


വരിയുടക്കപ്പെട്ട വടക്കുനോക്കിജന്മങ്ങൾ അടക്കിപ്പിടിച്ച് മൌനം കൊണ്ടു. അല്ലാത്തവർ കുറിച്ചിട്ടു. രോഷം കൊണ്ട വികാരാദീനർ ആഹ്വാനം ചെയ്തു പ്രതിയെ തൂക്കിലേറ്റാൻ . തീർന്നില്ല മെയ്യനങ്ങി പണിയെടുക്കാൻ മെനക്കെടാത്ത മലയാളികളുടെ നാട്ടിൽ വിയർപ്പൊഴുക്കുന്ന നാൽപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കടുത്ത നിർദേശങ്ങളും നിരത്തി.
വികാരം വിവേകത്തെ അതിജീവിക്കുമ്പോൾ നമുക്ക് കാട്ടാളമനം. കണ്ണിന് കണ്ണ് പല്ലിനു പല്ല് നിലപാടപ്പോൾ.


ബാലികയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നിയമത്തിനു മുമ്പിൽ എത്തിക്കാതെ, കൊന്നുതള്ളാനുള്ള ആഹ്വാനം സ്വാഭാവികം.
ആൾക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഓർഡിനൻസ് 2018 ൽ രാഷ്ട്രപതി ഒപ്പിട്ടു.12 വയസ്സിൽ താഴെയുള്ള കുട്ടി പീഡിപ്പിക്കപ്പെട്ടാൽ തൂക്കുകയർ ശിക്ഷ. അതിനെതിരെ കോഴിക്കോട് എത്തിയ തസ്‌ലിമ നസ്രീൻ പ്രതിഷേധിച്ചു. ശാരദക്കുട്ടിയമ്മ തസ്‌ലിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ലൈംഗിക പീഡനത്തിന് പ്രതിവിധി കൊന്നു തള്ളുക എങ്കിൽ നാം ആരൊക്കെയാണ് കൊല്ലേണ്ടി വരിക എന്ന ചോദ്യമുയരുന്നു.


പാർട്ടി ആപ്പീസുകളിൽ സഹപ്രവർത്തകയുടെ പീഡനപരാതി പരിശോധിച്ച് തരംതാഴ്ത്തപ്പെട്ടവർ, നിർബന്ധിത അവധിയിൽ പ്രവേശിക്കപ്പെട്ടവർ, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകർ, മുട്ടിയുരുമ്മിയ ആരാധികമാരോട് കവികൾ, കലാകാരന്മാർ.. വധിക്കപ്പെടേണ്ട വരുടെ ലിസ്റ്റിൽ അച്ഛനും സഹോദരനും അമ്മാവനുമൊക്കെ..


നവമാധ്യമങ്ങളിൽ അക്ഷരം കൊണ്ടും, മൊഴിയഴക് കൊണ്ടും പൂണ്ടുവിളയാടുന്ന നമ്മളിൽ ചിലർ അംഗങ്ങളായുള്ള വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ കേര കേദാരഭൂമിയിലും സജീവമെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ടുകൾ.കുഞ്ഞുമേനിയിൽ പടർന്നു കയറും ദൃശ്യവിരുന്ന് പങ്കിടാൻ. പലരും പിടിക്കപ്പെടുന്നു. ഭൂരിഭാഗം പിടിക്കപ്പെട്ടാതെ പോകുന്നു.. അവരിൽ നമ്മുടെ മിത്രങ്ങളും ബന്ധുക്കളും.
ബാലാവകാശകമ്മീഷനുകളുടെ റിപ്പോർട്ട്‌ പ്രകാരം അഞ്ചിലോന്ന് കുട്ടി കൾ കുടുംബക്കാരിൽ നിന്നോ അടുത്ത പരിചയക്കാരിൽ നിന്നോ പീഡനം നേരിടുന്നു എന്നത് ചിന്തിക്കേണ്ട വിഷയം. ആണ്ടിൽ 3500 ലേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന, ഇത്തിരിപോന്ന കേരളത്തിൽ അതിലെത്രയോ ഇരട്ടി പുറത്തറിയാതെ പോകുന്നു.


ലൈംഗിക പീഡനം തീവ്രത നോക്കി വിലയിരുത്തുന്നവരാണ് നമ്മൾ. ഏത് ചെറിയ പീഡനശ്രമവും തുടർന്നു പൊറുക്കാത്ത മുറിവാണ് സമ്മാനിക്കുന്നത്.
ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു. അവർ വളരുമ്പോൾ റാഗിംഗ് ഫോബിയ കണക്കെ അവരിൽ കുറ്റവാസന.
സ്വന്തം കുടുംബത്തിലെ ലൈംഗിക അരാജത്വം കണ്ടും കൊണ്ടും വളരുന്നവരിൽ പീഡനത്വര പടർന്നു പിടിക്കുന്നു. പിതൃത്വം ചോദ്യം ചെയ്തുള്ള കലഹങ്ങൾ പെരുകുമ്പോൾ രോഷം കുട്ടികളോടാവുന്നു.നിസ്സാര കുറ്റമായി കരുതേണ്ടതല്ല കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വിഷയം. ആൺമക്കളെ സസൂക്ഷ്മം നിരീക്ഷിക്കുക.. അവരിൽ വൈകൃതങ്ങൾ കണ്ടാലുടൻ ചികിൽസിപ്പിക്കുക. കുട്ടികളെ ഒറ്റയ്ക്കാക്കി ഇറങ്ങും മുമ്പ് ആലോചിക്കുക..


“അതിഥി” കളാണ് ഇന്ന് നമുക്ക് ഈ അരക്കോടി തൊഴിലാളി ശക്തി. അവരുടെ കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. നോക്കുകുത്തികളാക്കി നിർത്തുന്ന സർക്കാർ “വാടി”കളിൽ അവർക്കും പ്രത്യേക ഇടം നൽകുക.
കേരള വികസനം,.. ഈ ദശകത്തിൽ മറ്റെന്തിനെക്കാളും വിഭവശേഷി സംഭാവന നൽകിയവരെ അടച്ചാക്ഷേപിക്കാതിരിക്കുക


കുടുംബങ്ങൾ ചേർന്നുള്ള സമൂഹം അവിടെയല്ലേ സ്വയം തിരുത്തേണ്ടത്. കുട്ടികൾ കാണേയുള്ള ച്യുതി, കലഹങ്ങൾ ഉണ്ടാവാതിരിക്കാൻ മുതിർന്നവരല്ലേ ശ്രദ്ധിക്കേണ്ടത്. ലൈംഗിക പീഡകരിൽ 90% മാനസികപ്രശ്നമാണ്. ബാക്കി 10% പേർക്കേ ശാരീരിക പ്രശ്നം കൊണ്ട് പ്രതിയാവുന്നുള്ളൂ. ഇത്തരം വൈകല്യമുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ നൽകി തിരുത്തുക. ക്രമിനലുകൾ സൃഷ്ടിക്കപ്പെടുകയാണ് പിറന്നു വീഴുന്നതല്ല.
നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക. കുട്ടികളെ ബോധവൽക്കരിക്കുക.

വാസുദേവൻ. കെ. വി

By ivayana