ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ഷാജി ഗോപിനാഥ് ✍

ഇത് അവളുടെ പന്ത്രണ്ടാമത്തെ പ്രസവം. ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു സ്ത്രീയോ എന്നൊരു സംശയം തോന്നാമെങ്കിലും പന്ത്രണ്ടാമത്തെ ഈ ഗർഭം ചില മുൻവിധികളോടെ ആയിരുന്നു. പ്രസവങ്ങൾ അതിസങ്കീർണ്ണം ആണെങ്കിലും അതിനു വേണ്ടി വീണ്ടും വീണ്ടും തയ്യാറായത് അവളുടെ ത്യാഗം. ഈ ത്യാഗം അനുഭവിക്കുവാൻ സ്ത്രീകൾക്ക് മാത്രമേ കഴിയുകയുള്ളൂ ഇത് ഒരു അമ്മയ്ക്ക് മാത്രം അവകാശമുള്ള മേന്മകളിൽ ഒന്ന്. അമ്മയാകണം എന്ന അവളുടെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കം അവളുടെ തീരുമാനത്തിന് പകരം വയ്ക്കാൻ കഴിയാത്ത മാതൃത്വത്തിന്റെ ആഗ്രഹം.

അത് ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. അമ്മയുടെ മനസ്സ് അമ്മയ്ക്ക് മാത്രം സ്വന്തം കുഞ്ഞിനെ ലാളിക്കുവാനും സ്നേഹിക്കുവാനും ഉള്ള അവരുടെ അവകാശവും അധികാരവും ആർക്കും ഹനിക്കാൻ സാദ്ധ്യമല്ല. അമ്മയാകാൻ കഴിയുന്ന കാലത്തോളം അവൾ അതിന് ശ്രമിച്ചുകൊണ്ടിരുന്നു.പലരും പലതും പറയുന്നുണ്ടെങ്കിലും അവളുടെ ആഗ്രഹം ഉപേക്ഷിക്കാൻ അവൾ തയ്യാറല്ല
മുൻപ് 11 പ്രാവശ്യം ഗർഭിണിയായി എങ്കിലും ഇതുവരെയും ഒരു കുഞ്ഞിനെ അവൾക്ക് ജീവനോടെ കിട്ടിയിരുന്നില്ല.സ്വന്തം വയറ്റിൽ നിന്നും ഒരു ജീവന്റെ തുടിപ്പുകൾ അവൾ എന്നും സ്വപ്നം കണ്ടിരുന്നു
ഗർഭാവസ്ഥയുടെ പല ഘട്ടങ്ങളും തരണം ചെയ്താലും പല പല കാരണങ്ങളാൽ ഒന്നിനെയും ജീവനോടെ കിട്ടിയിരുന്നില്ല. അവ നശിച്ചു പോയിരുന്ന അവസ്ഥാന്തരങ്ങൾ അവളെ തളർത്തിയിരുന്നില്ല ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങളിൽ ജീവിതം തള്ളിനീക്കുമ്പോഴും അടക്കാനാവാത്ത മോഹങ്ങൾ ഇനിയും ബാക്കി. നിരവധി കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ജീവിതത്തിൽ ബാക്കി.


തന്റെ ഉദരത്തിൽ ഇതുവരെ കാത്ത പിഞ്ചോമനകളെ വരവേൽക്കാനായി ലേബർ റൂമിൽ കാത്തു കിടന്ന പതിനൊന്നു തവണ കൾ ഓർമയിൽ നിന്ന് മാഞ്ഞു പോകുന്നില്ല. അലറി നിലവിളിക്കുന്ന സ്ത്രീകളുടെ കൈകളിലേയ്ക് സ്വന്തം കുഞ്ഞുങ്ങളെ കൈമാറുന്ന മനോഹര നിമിഷങ്ങൾ നേരിൽ കാണുമ്പോൾ തനിക്ക് ലഭിക്കുന്നത് എന്നും മാംസ പിണ്ഡങ്ങൾ മാത്രമായിരുന്നു ഇതുവരെയും. അതു കാണുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാത്തവൾ.


വർഷങ്ങളായുള്ള കഠിന പ്രയത്നങ്ങൾ. ചികിൽസകൾ മരുന്നുകൾ ഇപ്പോൾ പിന്നെയും ഗർഭിണിയായി ഗർഭാവസ്ഥയിൽ ക്ഷണിക്കാതെയെത്തുന്ന രോഗാവസ്ഥകൾ പതിവു പോലെ ഇപ്പോഴും എത്തിയിട്ടുണ്ട് പഞ്ചാരയുടെ വകഭേദങ്ങൾ രക്തത്തിൽ കാണിക്കുന്ന വികൃതികൾ ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കുന്നു. രക്തസമ്മർദ്ദം കാരണം പൊക്കിൾകൊടിയുടെ തകരാറിൽ കുഞ്ഞിന് വേണ്ടത്ര പോഷണവും വായുവും ലഭിക്കാത്ത അവസ്ഥയിൽ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾ വയറ്റിനകത്ത് മരിച്ചു കൊണ്ടേയിരുന്നു. കാരണം വൈദ്യശാസ്ത്രത്തിന് വെല്ലുവിളി. അതിനാൽ ഇതും സങ്കീർണം. നിറവയറുമായി അഭിമാനത്തോടെ നടക്കുമ്പോഴും നടുക്കുന്ന പിരിമുറുക്കങ്ങൾ. അതും കുഞ്ഞിന് നല്ലതല്ല.എ എങ്കിലും അവളുടെ ശ്രമങ്ങൾ ത്യാഗോജ്ജ്വലങ്ങൾ.


ഓരോ ശ്രമങ്ങളും പരാജയപ്പെടുന്ന ഘട്ടങ്ങളിൽ ചികിൽസകൻ പോലും ദത്തെടുക്കലിന്റെ സാദ്ധ്യതകൾ പറയുകയുണ്ടായി. ഒരിക്കലും അവൾ അതിന് ഒരുക്കമായിരുന്നില്ല. ജനിക്കുന്നെങ്കിൽ സ്വന്തം ചോര പിറക്കണം അല്ലെങ്കിൽ വേണ്ട.
ഇതിനിടയിലെപ്പോഴൊ വീണ്ടും കുളി തെറ്റി. മാസം തികയാതെ പുറത്തുവന്ന പതിനൊന്നു ജീവിതങ്ങൾ എല്ലാം മറന്നു. സ്വന്തമെന്നു പറയാനുള്ള അനന്തര തലമുറ ഇനിയും സ്വപ്നങ്ങളിൽ വിരിയുന്ന നേരം വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ.
അർത്ഥ ബോധാവസ്ഥയിൽ തീയേറ്ററിൽ കിടക്കുമ്പോൾ അവളുടെ ആഗ്രഹപ്രകാരം ഇത്തവണ കണ്ണുകൾ കെട്ടിയില്ല. സ്വന്തം പ്രസവം അവൾ നേരിൽ കണ്ടു. ഭംഗിയായി കീറിയ വയറിനകത്ത് കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന ആ വലിയ ബാൾ കീറി കുട്ടിയെപുറത്തെടുക്കുമ്പോൾ കുട്ടി കരയുന്നില്ല. കരയാത്ത കുഞ്ഞുവാവയെ തലകീഴായി പിടിച്ച് ചന്തിയിൽ ഒരടി കൊടുത്തപ്പോൾ വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. ഇതുവരെയും അടക്കി നിർത്തിയ വേദനകൾ കണ്ണിരിൽ വീണ് അലിഞ്ഞു പോയി.

ഷാജി ഗോപിനാഥ്

By ivayana