മലയാള സിനിമയിലെ ആദ്യത്തെ ഒ.ടി.ടി. റിലീസ് എന്ന ഖ്യാതിയുമായി പുറത്തിറങ്ങിയ സിനിമയാണ് സൂഫിയും സുജാതയും. സിനിമക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായ സമ്മിശ്ര പ്രതികരണത്തിന്റെ അന്തരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ചിത്രം ഇഷ്ടപ്പെട്ടവർ അനശ്വര പ്രണയ കാവ്യം എന്ന് അഭിപ്രായപ്പെട്ടു വീണ്ടും വീണ്ടും സിനിമ കാണുന്നു. ഇഷ്ടപ്പെടാത്തവർ പത്തുമിനിറ്റ് കണ്ടപ്പോൾ തന്നെ കാഴ്ച നിർത്തി പിന്നീട് പ്രയാസപ്പെട്ട് പൂർത്തിയാക്കിയതായി അഭിപ്രായപ്പെടുന്നു. ഇതിനു രണ്ടിനുമിടയിൽ ഒരു അനുഭവം ഉണ്ടായിരിക്കുമല്ലോ? അതാണ് എന്റെ അഭിപ്രായം. എന്തായാലും ആ അനുഭവം പുതിയതാണ്, കാഴ്ചകളും….
രണ്ടെന്നഭാവം വെടിഞ്ഞ് നമ്മളൊന്നാകലിന്റെ നിർവൃതി അനുഭവിക്കും……..
ഏത് ഇന്ദ്രജാലത്താലാണ് ലോകത്തെ രണ്ടറ്റത്താണെങ്കിലും നാമിങ്ങനെ ചേർന്നിരിക്കുന്നത്? – റൂമി
പ്രണയവും വിരഹവും ഇതിനുമുമ്പും ചലച്ചിത്രങ്ങൾക്ക് ഇതിവൃത്തമായിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയുടെ പശ്ചാത്തലം സിനിമയ്ക്ക് പുതിയ കാഴ്ചകൾ സമ്മാനിച്ചു. പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിമർശകർ പോലും പുകഴ്ത്തിയത് സിനിമയുടെ ദൃശ്യ ഭംഗിയാണ്. രാവും പകലും എത്ര മനോഹരമായാണ് ക്യാമറ ഒപ്പി യെടുത്തിരിക്കുന്നത്. ചില ഫ്രെയിമുകൾ ഉദാത്തമായ പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന വിധം ചേതോഹരമായി തോന്നി. സിനിമ നേരിടുന്ന വലിയ വെല്ലുവിളി ലാഗ് ആണ്. പക്ഷേ ആ ലാഗിൽ പോലും ഒരു സൗന്ദര്യം ആസ്വദിക്കാനായത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഇളംതെന്നൽ സുന്ദരിയാക്കിയ നനു നനുത്ത പ്രഭാതത്തിലെ ബാങ്കൊലികളുടെ സൗന്ദര്യവും സംഗീതവും എത്ര ഭംഗിയോടെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലൂടെയാണ് ചലച്ചിത്രങ്ങളിൽ പ്രണയ തീഷ്ണത അടയാളപ്പെടുത്തുന്നത്. എന്നാൽ ഇവിടെ കണ്ണുകളും വാചകങ്ങളും കൊണ്ട് സൂഫിയും സുജാതയും പ്രണയിക്കുകയാണ്. ദേവ് മോഹനും അതിഥി റാവുവും കഥാപാത്രങ്ങളായി അസ്സലായി ജീവിച്ചു. വരുംകാലങ്ങളിൽ മലയാളസിനിമയിൽ ഈ ചെറുപ്പക്കാർക്കും സംവിധായകനും വ്യക്തമായ സ്പേസ് ഉണ്ടാവുക തന്നെ ചെയ്യും. ഈ സിനിമയിലെ മറ്റ് അഭിനേതാക്കളും അവരവരുടെ റോളുകൾ മികവുറ്റതാക്കി. ജയസൂര്യ, സിദ്ദിഖ്, കലാരഞ്ജിനി, മണികണ്ഠൻ എന്നിവരുടെ പ്രകടനം പ്രത്യേകം പ്രശംസയർഹിക്കുന്നു. പ്രണയം, വിരഹം, കുടുംബജീവിതം തുടങ്ങിയവയിലെ സങ്കീർണതകളുടെ ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്ന സംഭവവികാസങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. അതായത് ഉത്തമാ കഥയിൽ വലിയ പുതുമയൊന്നുമില്ല. പക്ഷേ കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും നൃത്തവും സംഗീതവും കൊണ്ട് റൂമിയൻ കവിതപോലെ മനോഹരമായ ഒരു ദൃശ്യശ്രാവ്യ അനുഭൂതി സൃഷ്ടിക്കുവാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
സൂഫിസം
ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയ ധാരയാണ് സൂഫിസം. ഈ മാർഗ്ഗത്തിൽ ജീവിക്കുന്നവരാണ് സൂഫികൾ. ഇസ്ലാം മതത്തിലെ ഒരു വിഭാഗം ഇവരെ അനുകൂലിക്കുന്നുവെങ്കിലും ഈ മാർഗ്ഗം പൂർണമായി അനുഷ്ഠിക്കുന്നവർ വളരെ കുറവാണ്. സൂഫികളെ എതിർക്കുന്നവരും മുസ്‌ലിംകൾക്കിടയിൽ ഉണ്ട്. സ്നേഹമയനായ ദൈവത്തിന്റെ സ്നേഹത്തിനുവേണ്ടി ദൈവത്തെ ആരാധിച്ച്, സ്നേഹിച്ചു, പ്രണയിച്ചു ദൈവികമാർഗത്തിൽ അലിയുവാൻ ആണ് സൂഫികൾ ശ്രമിക്കുന്നത്. ധ്യാനം, സ്തോത്ര പ്രകീർത്തനങ്ങൾ, ജനസേവനം, നമസ്കാരം, വ്രതം, സ്തോത്ര സദസ്സുകൾ, ദേശാടനം തുടങ്ങിയവ സൂഫികളുടെ ചര്യയാണ്. വളരെ പതിയെ സംസാരിക്കുക, പുഞ്ചിരിച്ചുകൊണ്ടിരിക്കുക, തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, അഹിംസയിലും വിശ്വ സ്നേഹത്തിലും ഊന്നൽ നൽകുക എന്നിങ്ങനെയുള്ള ഒട്ടേറെ ചിട്ടവട്ടങ്ങൾ സൂഫികൾക്കുണ്ട്. ഇസ്ലാമിന്റെ മൗലിക ആചാരക്രമങ്ങൾ നിന്നും വ്യത്യസ്തമായി സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാ രീതിയാണ് സൂഫികളുടെതെന്ന ഒരു പൊതു വീക്ഷണമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ നൃത്തവും സംഗീതവും അല്ലെന്നും ആത്മീയതയിൽ അലിഞ്ഞു ചേർന്ന ചലനങ്ങളും പ്രകീർത്തനങ്ങളും മാത്രമാണെന്നാണ് സൂഫി പക്ഷം.
റൂമി
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവിയും, ദാർശനികനും സൂഫിയും ആയിരുന്നു ജലാലുദ്ദീൻ മുഹമ്മദ് റൂമി. അദ്ദേഹത്തിന്റെ കവിതകളും അധ്യാപനങ്ങളും വിശ്വപ്രസിദ്ധവും ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അമൂല്യ സാഹിത്യസൃഷ്ടികളും ആണ്.
സിനിമയിൽ കാണിക്കുന്ന കറങ്ങി ആടുന്ന നൃത്തം റൂമി അനുയായികളുടെതാണ്. റൂമിയൻ സാഹിത്യവും കവിതകളും സംഗീതവും ചിത്രം ഒരുക്കുന്നതിൽ സംവിധായകന് പ്രേരകമായിട്ടുണ്ടന്നാണ് എനിക്ക് തോന്നുന്നത്.
അനസ് അരൂക്കുറ്റി