രചന : കൃഷ്ണമോഹൻ കെ പി ✍
രാമായണത്തെ കേൾക്കാൻ കാതോർത്തങ്ങിരിയ്ക്കുന്നു
രാമയാം ഹിമാലയപുത്രിയാം ഉമയപ്പോൾ
“ബാലകനയോദ്ധ്യയിൽ ആരണ്യം പുക്കശേഷം
കിഷ്ക്കിന്ധാരാജനോട് സുന്ദരൻ യുദ്ധം ചെയ്ത”
സത്ക്കഥ ഉരുവിട്ടങ്ങുള്ളത്തെക്കുളിർപ്പിപ്പൂ
സന്താപഹരനാകും പരമേശ്വരൻ മെല്ലേ
ആസേതു ഹിമാചലസാനുക്കളെല്ലാം തന്നെ
ആ കഥ കേട്ടീടുന്നു ഭക്തിപരവശരായി
ആതുരമനസ്ക്കർക്ക് ആശ്വാസമേകാനായി
ആദിമ കവിയതു പകർത്തീ,ലോകർക്കായി
സമ്പൂർണ്ണനായീടുന്ന മര്യാദാ പുരുഷോത്തമൻ
സന്താപസന്തോഷങ്ങൾ തന്നുള്ളിൽ ലയിപ്പിപ്പൂ
ശ്രീമഹാദേവൻ, തൻ്റെ പത്നിയോടുണർത്തിച്ച
ശ്രീരാമചരിതം തന്നെ കർക്കിടകത്താൻ ഭാഗ്യം
നാനാത്വം തന്നിലായിട്ടേകത്വം മരുവുന്ന
നാടിതു ഭരത ഭരിതയാം ഭാരതത്തിൽ,,
” പൂർവം രാമതപോവനാഭിഗമനം
വൈദേഹീഹരണം, ജടായു മരണം
സുഗ്രീവ സംഭാഷണം,
ബാലീ നിഗ്രഹണം, സമുദ്ര തരണം, ലങ്കാപുരീദാഹനം,
പശ്ചാത് ദ്രാവണ കുംഭകർണഹനനം
ഹേതദ്ധി രാമായണം”
എന്നീ ശ്ലോക സംഹിത മഹേശ്വരൻ
എന്നുമേ ഓർത്തിടാനായ് ദേവി തൻ കർണ്ണത്തിലോതി…
രാമ രാമ രാമ രാമ