ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : വിപിൻ ✍

എന്തെങ്കിലുമൊരു ദുരന്തസംഭവം നടക്കാൻ കാത്തിരിക്കുന്ന/ നടന്നാൽ ഉടൻ ഇടപെടുന്ന മൂന്ന് വിഭാഗം മാലോകരാണ് കേരളത്തിലുള്ളത്. ദുരന്തനിവാരണഅതോറിറ്റി, ഭരണപ്രതിപക്ഷനേതാക്കൾ, കവികൾ. ഇതിൽ ആദ്യരണ്ട് വിഭാഗക്കാരെക്കുറിച്ച് കമാന്നൊരക്ഷരം ഞാൻ പറയുന്നില്ല, പറഞ്ഞിട്ട് കാര്യവുമില്ല. നമുക്ക് മൂന്നാം വിഭാഗമായ കവികളെക്കുറിച്ച് സംസാരിക്കാം.
ദുരന്തകാംക്ഷികളായ കവികൾ ബഹുസരസരാണ്. അവർ നന്മയുടെ നിറകുടവും ദുരന്തങ്ങളിൽ വേദനിക്കുകയും ചെയ്യുന്ന മൃദുലതരളിതപല്ലവതല്ലജ മനോവ്യാപാരികളാണ്. ഒരർത്ഥത്തിൽ അവറ്റകൾ വിലാപകവികളാണ്. ബലാത്സംഗം, കത്തിക്കുത്ത്, ല​ഹള, യുദ്ധം, അടിപിടി, കശപിശ, അവിഹിതം, ആത്മഹത്യ, കൊലപാതകം എന്നിങ്ങനെ ദുരന്തസംഭവങ്ങൾ എന്തുനടന്നാലും അവർ കവിതയെഴുതിയാണ് പ്രതിഷേധിക്കുക.


അത്തരം കവികളിൽ ഏതാനുമെണ്ണം ഞങ്ങടെ നാടായ കൊഴുക്കുള്ളിയും ജീവിക്കുന്നുണ്ട്. മഹാകവയിത്രി വളവിൽവിളഞ്ഞ വിലാസിനിയും മഹാകവി പള്ളിക്കാട്ടിൽ മീസാൻ ഖാനും പൊന്തക്കാട്ടിൽ പങ്കജാക്ഷിയുമാണ് പ്രസ്തുത ജീവികൾ. ലോകത്ത് എന്തെങ്കിലുമൊരു ദുരന്തം ഉണ്ടായാൽ ഉടനടി അതേക്കുറിച്ചൊരു കരളലിയിക്കുന്ന കവിത എഴുതി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും ഇവറ്റകൾ പോസ്റ്റ് ചെയ്യും. ചില നേരം അത് സുഹൃത്തുക്കളുടെ ഇൻബോക്സിൽ അയച്ചുകൊടുത്തും നാട്ടുകാരെ ദ്രോഹിക്കാറുണ്ട്.


വാർഡ് മെമ്പർ വത്സലയുടെ പശു, തൊട്ടപ്പുറത്തെ ദിവാകരേട്ടന്റെ പറമ്പിലെ മഞ്ഞറോസാപ്പൂ ചെടി തിന്നുകയും അതേത്തുടർന്നുണ്ടായ കശപിശയിൽ വത്സല ദിവാകരേട്ടന്റെ കവിളത്ത് കടിക്കുകയും ചെയ്ത ദാരുണസംഭവത്തിൽ ആകൃഷ്ടരായി അവർ എഴുതിയ കവിതകളാണ് ചുവടെ ചേർക്കുന്നത്.
പൊന്തക്കാട്ടിൽ പങ്കജാക്ഷി ഒരു രാഷ്ട്രീയകവിയാണ്. എന്തിലുമേതിലും സമകാലികരാഷ്ട്രീയത്തെകൂടി ചർച്ചയ്ക്ക് വെക്കുന്ന വിപ്ലവകവിതകളാണ് പൊന്തക്കാട്ടിൽനിന്നും ഉതിർന്നുവീഴാറുള്ളത്. പ്രസ്തുതസംഭവത്തിൽ അവർ എഴുതിയ പ്രതിഷേധകവിതയിതാ;
“പ്രപഞ്ചം ഞെട്ടിവിറച്ച
ദുർഘടസന്ധിയിൽ
കിർമ്മീര വല്ലികൾ
അടുക്കളയിൽ മത്തി കഴുകി.
മാർക്കടരൂപിണി
മസാല പുരട്ടി..
വഴുക്കി വീണ മദാലസകൾ
മത്തിക്കഷണങ്ങൾക്കൊപ്പം
കാബറേഡാൻസ് കളിച്ചു..
അന്ന് വത്സല ദിവാകരന്റെ
കവിളിൽ കടിച്ചു..
പേമാരി പെയ്യുന്ന അർദ്ധരാത്രിയിൽ
അവളങ്ങനെ മത്തിക്കറി വെച്ചു.
ചെഞ്ചോരക്കുഞ്ഞുങ്ങൾ
കൈകാലിട്ടടിച്ച്
മത്തിക്കറിയിൽ ഊഞ്ഞാലാടിയപ്പോൾ
പ്രധാനമന്ത്രി കടുക് വറുത്തു.
അന്ന് വത്സല ദിവാകരന്റെ
കവിളിൽ കടിച്ചു”
വളവിൽവിളഞ്ഞ വിലാസിനി പ്രസ്തുതസംഭവത്തിൽ മനംനൊന്ത് എഴുതിയ കവിത സാമ്പിളിന് താഴെ ചേർക്കുന്നു.


“കുത്സിതയാമൊരു വത്സല നിന്നുടെ
മത്സരബുദ്ധിയെ ഞാനറിഞ്ഞീടുന്നു.
വത്സരമേറെയായ് നിന്നെ ഞാൻ കാണുന്നു
ഉത്സവച്ചന്തയിലുച്ചക്കിറുക്കുമായ്
ദിവാകരേട്ടാ, തളരുരുത് നിങ്ങളിനി
കവാത്തു മറന്ന സായിപ്പാകരുതിനി
കവിളത്ത് കിട്ടിയ കടിയുടെ കയ്പ്പിലിനി
തവിച്ചു നടക്കുക, പകയുടെ കാതങ്ങളിനി
ഹാ ദിവാകരേട്ടാ, അധികതുംഗപദത്തിലെത്ര
മേദിച്ചിരുന്നു നിങ്ങൾ കള്ള് മോന്തിമോന്തി
ആദിയിലെ വചനംപോലവളുടെ തെറിയിൽ
ഖേദിക്കല്ലേ,ഞാനുണ്ടുകൂടെ,നമ്മളിടങ്ങളിൽ”
ഇതേ സംഭവത്തിന്റെ മറുപുറമാണ് പള്ളിക്കാട്ടിൽ മീസാൻ ഖാൻ എഴുതിയത്. മീസാൻ ഖാൻ ഒരു സ്ത്രീപക്ഷ എഴുത്തുകാരൻകൂടിയാണ്. അതിനാൽ വത്സലയുടെ വേദനയാണ് മീസാൻ ഖാനെ തളർത്തിയത്.


“കരാളമുഖനാം ദജ്ജാല് ദിവാകരൻ
കരളിന്റെ പൊരുളായ വത്സലക്കുഞ്ഞിനെ
കരയിച്ച കഥയിത് കേട്ടായോ നാട്ടാരെ
കരടായ ദിവാകരൻ നീതി പാലിക്കുമോ
കരിഞ്ഞ ദിനമായി കരുതണമീദിനം
കരഞ്ഞ കണ്ണിലും പിരിഞ്ഞ മോരിലും
കരയിലെ മീനിനും പൊരിഞ്ഞ പോരിലും
കരുതില്ല വേർതിരിവിനിയെങ്ങും പകക്കാലം”.


കവിതകൾ ഇനിയും യഥേഷ്ടമുണ്ട്. മൂവരും ദുരന്തമുഖങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്ത കവിതകളും അല്ലാത്തവയുമായി നൂറുകണക്കിന് വരും. കുറിപ്പ് വല്ലാതെ നീണ്ടുപോകുമെന്ന് കരുതി അതൊന്നും വിസ്തരിക്കുന്നില്ല. എന്നിരുന്നാലും എല്ലാ ദുരന്തങ്ങളും കൃത്യമായി സാഹിത്യചരിത്രത്തിൽ തുന്നിച്ചേർക്കുന്ന അവർ മൂവരെയും കൊഴുക്കുള്ളി തുന്നൽസഭ ആദരിക്കാനും അനുമോദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്തരുണത്തിലാണ് അവരെക്കുറിച്ച് ഞാനും എന്തെങ്കിലും ചെയ്യണ്ടേ എന്ന വിചാരത്തിൽ ഇങ്ങനൊരു കുറിപ്പ് പോസ്റ്റുന്നത്. വളവിൽവിളഞ്ഞ വിലാസിനിക്കും പള്ളിക്കാട്ടിൽ മീസാൻ ഖാനും പൊന്തക്കാട്ടിൽ പങ്കജാക്ഷിക്കും അവരുടെ ദുരന്തകവിതകൾക്കും എല്ലാവിധ ആശംസകളും നേരുന്നു. .
@വിപിൻ

By ivayana