ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : എം പി ശ്രീകുമാർ ✍

അത്രി മാമുനി തന്നാശ്രമത്തീ-
ന്നന്നു യാത്രയും ചൊല്ലീട്ട്
ഘോരകാനനം തന്നിലൂsവെ
മെല്ലെ മൂവ്വരും നീങ്ങവെ
ഭീകരഹിംസ്രജന്തു വിഹാര
ഭീതിദമാം വനാന്തരം !
ഘോരനാഗമിഴയുന്നു ! കൂർത്ത
മുള്ളുകൾ നിറവള്ളികൾ !
സൂര്യനാളമൊന്നെത്തി നോക്കുവാ
നേറെനേരമെടുക്കുന്നു !
കൂരിരുളിന്റെ കൂട്ടുകാരായ
ക്രൂരജീവികളുണ്ടെങ്ങും !
മുന്നാലെ പോകും ലക്ഷ്മണൻ തന്റെ
പിന്നാലെയന്നു പോകവെ
തന്റെ പിന്നാലെ ജാഗ്രതയോടെ
ശ്രീരാമചന്ദ്രദേവനും.
ഭീകരനാദം കേട്ടിടത്തേയ്ക്കു
ഭീതിയോടന്നു നോക്കവെ
ഭീകരനാം വിരാധനെന്നുടെ
നേർക്കു പാണികൾ നീട്ടുന്നു!
ഭീതിപൂണ്ടുഴറിയ മാനസം
ആലിലപോൽ വിറച്ചുപോയ് !
നീണ്ടുവന്നയാ ദീർഘപാണികൾ
രാമഖഡ്ഗം മുറിയ്ക്കവെ
തന്നിൽനിന്നും പിൻവാങ്ങി രാമന്റെ
നേർക്കു നീങ്ങിയാ രൂപത്തിൻ
പാദങ്ങൾ രണ്ടും ഛേദിച്ചു പിന്നെ
പാറപോലുള്ളാ മൗലിയെ
പന്തുപോലെ മുറിച്ചെറിയെ താൻ
പുൽകി നിന്നുപോയ് രാമനെ !
ഇന്നീ ലങ്കാപുരിയിലീവിധം
കണ്ണീർ തൂകിയിരിയ്ക്കുമ്പോൾ
അന്നു തന്റെയിരുവശത്തുമാ-
യത്ര ജാഗ്രത കാട്ടിയോർ
ദൈവമെ ! യവരെത്രയാർത്തരായ്
തന്നെ തേടുകയായിടാം !

എം പി ശ്രീകുമാർ

By ivayana