രചന : സഫി അലി താഹ ✍
തമിഴ്‌നാട്ടിൽനിന്നുമുള്ള പച്ചക്കറികളിൽ, പഴങ്ങളിൽ വിഷമുണ്ട്, നാം ഓരോരുത്തരും പരസ്പരം പറയുന്ന വാചകമാണിത്. എന്നാൽ ആരെങ്കിലും തനിക്കുള്ള മണ്ണിൽ ഒരു കപ്പക്കമ്പ് എങ്കിലും കുഴിച്ചുവെക്കുമോ അതില്ല.അഥവാ അങ്ങനെ ആരെങ്കിലും ചെയ്‌താൽ ഒരു നൂറ് മുട്ടാപ്പോക്ക് നിയമങ്ങൾ അവർക്ക് വേണ്ടി അപ്പോൾ അവതരിക്കും. ഈ കടമ്പകൾ ഒക്കെ കടന്ന് എന്തെങ്കിലും ചെയ്‌താൽ ആ സമയത്ത് അവരെ തകർക്കാൻ എന്തെങ്കിലുമൊക്കെ പണികൾ ഒപ്പിക്കും.
അതിന്റെ ഉദാഹരണമാണ് കോതമംഗലത്തെ തോമസ് എന്ന മനുഷ്യന്റെ കൃഷിയിടത്തിലെ 1600വാഴകളിൽ 406എണ്ണം കെ എസ് ഇ ബി ഉദ്യോഗസ്ഥർ വെട്ടിയരിഞ്ഞെറിഞ്ഞത്.
നിരന്തരമായ അദ്ധ്വാനംകൊണ്ട് അദ്ദേഹം വളർത്തിയെടുത്തത് നിങ്ങളൊരു നിമിഷം കൊണ്ട് തലയരിഞ്ഞു കളഞ്ഞു. ഫലമെടുക്കാറായ തലയറ്റ് കിടക്കുന്ന അതൊക്കെ കണ്ടപ്പോൾ ആ മനുഷ്യന്റെ ഹൃദയമെത്ര പിടച്ചുകാണും? അതറിയണമെങ്കിൽ മനുഷ്യനാകണം.
നെൽവയലും കൃഷിയിടങ്ങളും സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ, കൃഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് പറയുന്നവർ ഇതൊന്നും കാണുന്നില്ലേ?
മനുഷ്യജീവന് അപകടമാകും എന്ന് നിങ്ങൾ പറയുന്ന തടസ്സം മറ്റുവാൻ അദ്ദേഹം തയ്യാറായേനെ,വിളവ് സംരക്ഷിക്കുന്ന തരത്തിൽ ഇരു കൂട്ടർക്കും ആശ്വാസകരമായ ഒരു പരിഹാരം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉണ്ടായേനെ.
നിങ്ങൾ ചിലപ്പോൾ നഷ്ടപരിഹാരം കൊടുത്തേക്കാം, ആ വാഴകളുടെ ഫലം വിറ്റ് കിട്ടുന്നതിന്റെ അധികം.പക്ഷേ ആ മനുഷ്യൻ അദ്ധ്വാനിച്ച് അതിന്റെ വിളവ് എടുത്ത് അതിൽനിന്നും കിട്ടുന്നത് കൊണ്ട് രുചിക്കുന്ന ഒരു സംതൃപ്തിയുണ്ട്, ചിലപ്പോൾ ഏറെക്കാലം അദ്ദേഹത്തെ പോസിറ്റീവ് ആക്കി ആരോഗ്യത്തോടെ നിലനിർത്തുന്ന ഒരു മാജിക്കൽ അനുഭവം…..
നിങ്ങളെത്ര കൊടുത്താലും ആ കാഴ്ച കണ്ടപ്പോൾ ഉണ്ടായ ആധിയുണ്ടല്ലോ, അത് ഇനിയൊരിക്കലും മാറ്റാനാകില്ല.!!പൊട്ടിപ്പോയ ഹൃദയത്തെ ഒട്ടിച്ചുവെയ്ക്കുന്നത് എത്രയേറെ ശ്രമകരമാണ്, അതിന് പഴയ തുടിപ്പൊന്നും കാണില്ലെന്നേ!!
ഓരോ മനുഷ്യന്റെയും അദ്ധ്വാനം എത്രയേറെ വിലയുള്ളതാണ് എന്നറിയണമെങ്കിൽ അവനവന്റെ വിയർപ്പ് മണ്ണിലേക്ക് വീഴണം.അതൊരിക്കലും മനസ്സിലാക്കില്ലലോ…..!!