ഈറനാം സന്ധ്യയിൽ
ഇരുളിന്റെ മറവിൽ
ഈറനായ് പെയ്തുവോ നിൻ കണ്ണുകൾ…
തണുവുള്ള രാവുകൾ
ഉരുകുന്ന നിമിഷങ്ങൾ
ചടുലമാകുന്ന ഭ്രാന്തമാം ചിന്തകൾ…!!
മനസ്സിന്റെ ഉൾക്കാട്ടിൽ വെള്ളിടിവെട്ടി
ഓർമ്മതൻ പ്രളയം കുത്തിയൊലിക്കുന്നു…!!
ശാപജന്മത്തിന്റെ ബാക്കിപത്രം…
ഇവൾ ഉരുകുന്ന തിരിയായ് നിമിഷങ്ങളെണ്ണി
മോക്ഷവും തേടി യാത്ര പോകുന്നവൾ…!!
തെരുവുകൾതോറും അലഞ്ഞൊരാ നാളുകൾ
അടിവയറ് പുകയുന്ന ക്രൂരമാം സ്മരണകൾ…!!
ഒരു പിടി വറ്റിനായ് തെരുവുകൾ തെണ്ടുമ്പോൾ
ഇരുളിൽ തളച്ചിട്ട യൗവ്വനത്തിന്റെ ചൂടുള്ള കാലം…!!
ചൂട് പകർന്നവർ ചുമടായിനല്കിചുറ്റിലും പിച്ചവയ്ക്കുന്ന പിഞ്ചു ബാല്യങ്ങളെ…!!
കവലകൾതോറും മുഖം മിനുക്കി ഇരുളിൽ നഗ്നരായ് പതുങ്ങിയെത്തും
സമത്വമോതുന്ന പേക്കോമരങ്ങൾ..!!
ഇവളും തെരുവിന്റെ സന്തതി…
ഇവളിലൂടെ ഇനിയും പെരുകുന്നനേകം ദുഃഖപുത്രിമാർ…!!
കണ്ണുനീർ തുള്ളികളിറ്റുവീണ
ശോഷിച്ചമുലകളിലെ ഉപ്പുനീർ നുണഞ്ഞ്
ഭീതിയുടെ നിഴലിൽ കാത്തിരിക്കുന്നു
കുരുന്നു ജീവനുകൾ…!!
ഇവർ തെരുവിന്റെ സന്തതികൾ…
വിശപ്പാറ്റുവാൻ
ഉടലുകൾ പകുക്കുന്ന ശാപജന്മങ്ങൾ…!!
സതീഷ് അയ്യർ പുനലൂർ.