ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ചാക്കോ ഡി അന്തിക്കാട് ✍

വിപ്ലവകവി ഗദ്ദറിന് പ്രണാമം🌹

രാത്രിയിൽ
ചന്ദ്രനെയും,
നക്ഷത്രങ്ങളെയും,
പകൽ
സൂര്യനെയും നോക്കി
നീ പാടിയതും,
എല്ലാ
ഋതുക്കളെയും
നോക്കി
നീ മോഹിച്ചതും,
സമുദ്രത്തെ നോക്കി
നീ അലറിയതും,
കാടിനെ നോക്കി
നീ മന്ത്രിച്ചതും,
വയലുകളും
വഴിയോരപ്പാതകളും
നോക്കി
നീ പകൽസ്വപ്‌നങ്ങൾ
നെയ്തെടുത്തതും
ഒരേയൊരു വാക്കിന്റെ
ആയുസ്സ് നീട്ടിക്കിട്ടാൻ…
തീയിൽ
കുരുത്തതുകൊണ്ട്
വെയിലത്തു വാടാത്ത
ഒരേയൊരു വാക്ക്!
അലസന്റെയടക്കം
മുഴുവൻ പേരുടെയും
അസ്തിത്വത്തിൽ
അള്ളിപ്പിടിച്ചും,
കാലത്തിന്റെ
നെരിപ്പോടിൽനിന്നും
അഗ്നിയാവാഹിച്ചും,
ചരിത്രത്തിൽ
കൂടുതൽ
പ്രോമിത്ത്യൂസ്മാരുടെ
പിറവിയെടുക്കും
വയറ്റാട്ടിയായും,
തകർന്ന മുഷ്ടികളെ
ആകാശത്തോളം
ഉയർത്തുന്ന നട്ടെല്ലുള്ള,
ദീർഘായുസ്സുള്ള
അനശ്വരവാക്ക്!
അടിസ്ഥാന വർഗ്ഗം
മോചനത്തിന്റെ
മഹാമുദ്രകൾ
തെരുവിൽ തേടുമ്പോൾ
വഴികാട്ടിയാകും വാക്ക്!
ഇന്ന്
സ്വാർത്ഥരും,
ചൂഷകശക്തികളും,
ഏകാധിപതികളും,
മറക്കാനും വെറുക്കാനും
പഠിപ്പിക്കുന്ന
ഒരേയൊരു വാക്ക്!
ഉദ്യോഗസ്ഥമേധാവിത്വം
ഉറക്കത്തിൽ
ഇടയ്ക്കിടെ
ഞെട്ടിത്തെറിക്കാൻ
ഇടയാക്കും വാക്ക്!
അതിന്റെ പേരാണ്
‘വിപ്ലവം’
1990ൽ
തൃശ്ശൂർ
വിപ്ലവസംഘടനയുടെ
മഹാസമ്മേളനത്തിൽ
(AILRC)
നീ ഏറ്റവും കൂടുതൽ
ഉരുവിട്ടത്
അലറിപ്പാടിയത്,
‘വിശപ്പും’
‘സ്വാതന്ത്ര്യ’വും
‘വിപ്ലവ’വും!
ഒരു മരണത്തോടെ
മരിക്കുന്നില്ല…
ആ വാക്ക്!
നിന്നെക്കുറിച്ചുള്ള
ഓർമ്മയിലൂടെ
ആ വാക്കിന്റെ വീര്യം
കാലത്തിൽ
നീന്തിത്തുടിയ്ക്കും!
റോമിൽ-‘സ്പാർട്ടക്കസ്’
ജർമ്മനിയിൽ-‘മാർക്സ്’
റഷ്യയിൽ-‘ലെനിൻ’
ചൈനയിൽ-‘മാവോ’
അർജന്റീനയിൽ-‘ചെ’
ക്യൂബയിൽ-‘കാസ്ട്രോ’
വിയറ്റ്നാമിൽ-‘ഹോചിമിൻ’
സ്പെയിനിൽ-‘ലോർക്ക’
ചിലിയിൽ-‘നെരൂദ’
ആന്ധ്രയിൽ-‘ഗദ്ദർ’…
തുടർച്ചയുണ്ടാവും…
ആരായിരിക്കും?
ആ മഹത്തായ
വാക്കിനവകാശി?
ഒരാൾ?
ഒരു ഗ്രാമം?
ഒരു ജനത?
ഒരു രാജ്യം?
ഒരു നവലോകം?
ധീരനാം
കവിസഖാവിനു
വിപ്ലവാഭിവാദ്യങ്ങൾ!
ആദരാഞ്ജലികൾ!
❤️🌹❤️
ആദരവോടെ,
ചാക്കോ ഡി അന്തിക്കാട്

ചാക്കോ ഡി അന്തിക്കാട്

By ivayana