രചന : ജയനൻ✍
(വിപ്ലവ കവി ഗദ്ദർ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ എഴുതിയ കവിതയാണിത്. അദ്ദേഹത്തിന്റെ വേർപാടിലൂടെ ഇന്ത്യൻസായുധ വിപ്ലവ കാല്പനികതയുടെ ചടുല കാവ്യപാരമ്പര്യം അസ്തമിക്കുകയാണ്…
ഗദ്ദറിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ഈ കവിതസമർപ്പിക്കുന്നു )
ആരുടെ ജനപഥത്തിൽ
ആരോടൊപ്പം
ആരുടെ മുന്നാലെ
ആരുടെ പിന്നാലെ
നിന്റെ അനുയാത്ര….?
ആരുടെ കർമ്മഫലം കൊണ്ടാണ്
നിന്നെ നിർവ്വചിക്കേണ്ടത്….?
ആരാണ് നിന്റെ
കർമ്മഭൂമിയുടെ അധിപൻ ….?
ആരുടെ വിശപ്പ്
ആരുടെ ദാഹം
ആരുടെ ഉപ്പ്
ആരുടെ ഉമിനീര്
ആരുടെ സ്വപ്നങ്ങൾ
ആരുടെ നാവ്
ആരുടെ വാക്കിന്നുറവ
ആരുടെ ഉണ്മ
ആരുടെ പ്രത്യശയുടെ ശേഷിപ്പ് …..?
ആരുടെ
വാഗ്ദത്തഭൂമിയുടെ
ആകാശത്തിന്റെ
അതിവാദി നീ ….
ആരുടെ പ്രജാപതി
ആരുടെ പടത്തലവൻ….?
എവിടെ നിന്റെ കാലാൾപ്പട, പോർമുഖം?.
എവിടെ പച്ചമരത്തിൽ
തണൽ ശയ്യ ;
ചിലന്തിയും ചീവീടും …?
എവിടെ കാലവർഷത്തിന്നിരമ്പലും
കുളിരും;
അന്തിവെളിച്ചവും
നിശാശലഭങ്ങളും ….
പ്രത്യാശയുടെ
വിപ്ലവ സ്വത്വമേ ….
സഹിച്ച
സങ്കടക്കാഴ്ചകൾ
അഴിച്ചെറിഞ്ഞ്
അതാ
ഗദ്ദർ യാഗശാലയിലേയ്ക്ക് ….
അതാ
സഞ്ചാരിയുടെ ഗദ്ഗദങ്ങൾ
അഗ്നിയിലഴിമുഖം തുറക്കുന്നു…
ചെമ്പട്ട്
അരയിൽ മുറുക്കിച്ചുറ്റി
ഉടുക്കു കൊട്ടി
യാഗശാലയിൽ
ഗദ്ദർ ഉറയുന്നു:
ആരിൽ നിന്നുദിക്കുന്നു സൂര്യൻ
ആരിലേയ്ക്കസ്തമിക്കുന്നു സൂര്യൻ
യാഗശാലയിൽ
ഗദ്ദർ യാചിക്കുന്നു;
അഗ്നിയോടൊരു വരം :
അന്നമാക്കരുതേ
ഞാൻ കണ്ട നീലാകാശത്തെ ….
അന്നമാക്കരുതേ
വിണ്ടകാലടികൾ
തൊട്ടുരുമ്മിയ
പുൽനാമ്പുകളെ ….
മല കേറുന്നൂ ഗദ്ദർ ….
മലയുടെ സ്വത്വം;
ഗിരിശൃംഗം
കണ്ടു മടങ്ങാൻ
തൊഴുതുമടങ്ങാൻ
മല കയറുന്നൂ ഗദ്ദർ ….
മഞ്ഞിലൊളിച്ചൂ മലയുടെ ശിഖരം …
മലയുടെ മേലെ
മഞ്ഞിൽ
മാനത്തമ്പിളി ചത്തു കിടപ്പൂ …..
മലയിൽ നിന്നൊരു ഹനുമാൻ ചാട്ടം….
മിന്നൽതാവിയ
വടവൃക്ഷത്തിൻ
ശിഖരം
കണ്ടു മടങ്ങീ ഗദ്ദർ ….
* * *