രചന : മാധവ് കെ വാസുദേവ് ✍
മൈഥിലിയുടെ ജീവിതത്തിലൂടെ ശ്രീരാമന്‍ നടത്തിയ യാത്രയുടെ കഥയാണു ആദ്യ മഹാ കാവ്യമായ രാമായണം. ഇണയുടെ വേര്‍പാടില്‍ ജ്വലിക്കുന്ന വിരഹത്തിലുരുകുന്ന ജീവന്‍റെ സ്പന്ദനങ്ങള്‍ അല്ലെങ്കില്‍ വ്യഥയാണ് കഥാവൃത്തം.
മരക്കൊമ്പിലിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോടു പാടില്ലയെന്നു വിലക്കുന്ന കവി മനസ്സിലെ ഉണർന്ന ആദ്യ കവിതാ ശകലം ”മാനിഷാദ” വാക്കിലൂടെ തന്നെ ആ വേര്‍പാടിന്‍റെ വേദന കവി വരച്ചു കാട്ടുന്നു. ഒപ്പം തന്നെ മനുഷ്യ മനസ്സിന്‍റെ ക്രൂരതയും.
ദു:ഖം തന്നെയാണു കവിതയ്ക്ക് എന്നും സ്ഥായിയായ ഭാവം നല്‍കുന്നതെന്ന തിരിച്ചറിവില്‍ നിന്നവാണം, ജനകപുത്രിമാരുടെ കണ്ണുനീര്‍ തന്നെ കഥാതന്തുവായി തിരഞ്ഞെടുക്കാന്‍ ഒരു പക്ഷെ മണ്‍പുറ്റിലെ നക്ഷത്ര ജ്യോതിസ്സിനെ ചിന്തിപ്പിച്ചത്.
രാമായണത്തില്‍ ഒരുപാടു നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ട്. സ്ക്രീനില്‍ ആദ്യാവസാനം വരെ വന്നുപോവുന്ന കഥാപാത്രങ്ങള്‍ക്കു പിന്നില്‍ ഒരു തിരശീലകൊണ്ടു മറച്ചിട്ടും അവരെയും നിഷ് പ്രഭാരാക്കി വെളിച്ചം വിതറുന്ന മറ്റു കുറച്ചു കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അത്തരം കഥാപാത്രങ്ങൾ രാമായണമെന്ന ഇതിഹാസത്തിലെ തിളക്കമാര്‍ന്ന മുത്തുകള്‍ ആണ്. അങ്ങനെയുള്ള ചില കഥാപാത്രങ്ങള്‍ ആണു ശരിക്കും ചിന്തിച്ചാൽ കഥയിലൂടെ നമ്മെ മുന്നോട്ടു കൂട്ടികൊണ്ടുപോവുന്നതെന്നു കാണാം.
അങ്ങിനെയുള്ള കഥാപാത്രങ്ങളില്‍ ഒന്നാണു ജനക മഹാരാജാവിന്‍റെ ദ്വിതിയ പുത്രിയായ ഊര്‍മ്മിള. ശൈവ ചാപം ഒടിച്ചു സീതയെ അയോദ്ധ്യയിലെ യുവരാജാവ് പരിണയിച്ച അതെ നിമിഷം ജനകമഹാരാജാവെടുത്ത ഒരു തീരുമാനമാണു ഊര്‍മ്മിളയുടെ ജീവിതം കാത്തിരിപ്പിന്‍റെ അല്ലെങ്കില്‍ വിരഹത്തിന്‍റെ അദ്ധ്യായങ്ങളാക്കി മാറ്റിയത്.
ഭ്രാതാവിനെ അനുഗമിക്കുക, എന്ന കർമ്മം ജന്മനിയോഗമാണെന്നു വിശ്വസിക്കുന്ന ഭര്‍ത്താവിന്‍റെ മനോഗതങ്ങള്‍ക്കു അനുസരണമായി ചിന്തിക്കുന്ന ഭാരതഭാവശുദ്ധിയുടെ ഉത്തമ ഉദാഹരണമാണ് ഊര്‍മ്മിളയെന്ന മിഥില രാജകുമാരി.
ശരിക്കും പക്ഷപാതരഹിതമായി ചിന്തിച്ചാല്‍ രാമായണം പൊഴിക്കുന്ന മിഴിനീര്‍ അനുവാചകരുടെ മിഴികള്‍ നിറയ്ക്കുന്നത് മൈഥിലിയുടെ കണ്ണുനീര്‍ അല്ല മറിച്ചു ഊര്‍മ്മിളയുടെ വിരഹവേദനയാണെന്നു മനസ്സിലാകും.
പക്ഷെ എന്തുകൊണ്ടോ ആദികവി ഊര്‍മ്മിളയുടെ മനസ്സിനും അവളുടെ ചിന്തകള്‍ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തോ എന്ന കാര്യത്തില്‍ എനിക്കു സംശയം ഉണ്ട്.വിരഹത്തിന്‍റെ നിത്യാഗ്നിയിലേയ്ക്കു നിഷ്ക്കരുണം തള്ളിയിട്ടു ജേഷ്ഠനെ അനുവാദനം ചെയ്തു പതിനാലു വര്‍ഷത്തെ വനവാസ ജീവിത്തിലോട്ടു കാഷായവസ്ത്രം ധരിച്ചു ഭര്‍ത്താവു നടന്നുനീങ്ങുമ്പോള്‍ അനുഭവിച്ചു തുടങ്ങിയ വിരഹ വേദനയെ അവള്‍ മനസ്സില്‍ കടിച്ചമര്‍ത്തി.
നിത്യവും കെടാവിളക്കുകള്‍ തെളിച്ചു ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനു പ്രാര്‍ത്ഥിച്ചുകൊണ്ടു സരയൂ നദിയുടെ മാറില്‍ ഒഴുക്കിയ ഊർമ്മിളയുടെ മനസ്സിന്‍റെ പ്രാര്‍ത്ഥന ഒന്നുകൊണ്ടാവാണം രാമരാവണ യുദ്ധത്തില്‍ രാവണപുത്രനായ മേഘനാഥനും ലക്ഷ്മണും തമ്മിലുള്ള അതി ശക്തമായ പരാക്രമങ്ങളുടെ അവസാനം മരണത്തിലേയ്ക്കു നടന്നുനീങ്ങിയ ലക്ഷ്മണന്‍റെ ജീവനെ തിരിച്ചെത്തിക്കുവാന്‍ ഉള്ള വഴികള്‍ ശ്രീരാമെന്‍റെയും മറ്റുള്ളവരുടെയും മനസ്സില്‍ ഉണര്‍ത്തിയത് എന്നു വേണം അനുമാനിക്കാന്‍.
ചിത്രരചനയില്‍ മുഴുകിയും രാത്രികാലങ്ങളില്‍ കെടാവിളക്കുകള്‍ തെളിച്ചും പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു വരുന്ന അര്‍ദ്ധ പാതിയെ സ്വീകരിക്കാൻ അന്ത:പ്പുരത്തില്‍ കാത്തിരുന്ന ഊര്‍മ്മിള തന്നെയാണു രാമായണത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കഥാപാത്രമെന്നു എന്‍റെ മനസ്സിന്‍റെ സാക്ഷ്യപ്പെടുത്തല്‍.
സഹനത്തിന്‍റെ ഉത്തമ ദൃഷ്ടാന്തം. എന്താണു ഭാരതഭാവശുദ്ധി എന്ന വാക്കിന്‍റെ അര്‍ത്ഥം. ഇതിനെല്ലാമുള്ള ഉത്തരമാണു ഊര്‍മ്മിളയെന്ന രാജകുമാരിയുടെ ജീവിതമെന്നു ആദികവി രാമായണത്തിലൂടെ നമുക്കു കാട്ടിത്തരുന്നു.
ഇവിടെയാണ് ഒരുപക്ഷെ നമ്മളറിയാതെ ആദികവിതയിലോട്ടു നടന്നു കയറുന്നത്. മരക്കൊമ്പിലിരുന്ന ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ വേര്‍പെടുത്തിയ കാട്ടാളന്‍റെ മനസ്സ്, ഊര്‍മ്മിളയുടെ ജീവിതത്തില്‍ നിന്നും സൗമിത്രേയാനെ കുറച്ചു കാലത്തേയ്ക്കെങ്കിലും മാറ്റി നിര്‍ത്താന്‍ കവിയെ പ്രേരിപ്പിച്ചില്ലെ എന്ന ചിന്തയും മനസ്സില്‍ ഉദിക്കുന്നു.
എന്നിരുന്നാലും മഹാഭാരതത്തില്‍ സൂര്യ പുത്രനെ പോലെ ഒരു വേദനയാണു രാമായണത്തിലെ ഈ ദു:ഖപുത്രി.