രചന : ദീപക് രാമൻ ശൂരനാട്.✍
കിഴക്ക് ദിക്കിലെ ഭാരത രത്നം
എരിഞ്ഞടങ്ങുമ്പോൾ,
ശിരസ്സുയർത്തി നടക്കുവതെങ്ങനെ
ഭാരത മാതാവേ…
ശിരസ്സുയർത്തി നടക്കുവതെങ്ങനെ
പാരിൻ മാതാവേ…
ആർഷഭാരത സംസ്കാരത്തെ
പണയം വയ്ക്കുന്നു…
കുടിലത കാട്ടി ശകുനികൾ
ഇന്നും ചൂതുകളിക്കുന്നു…
മണ്ണും മാനോം കവർന്നെടുക്കാൻ
ചൂതുകളിക്കുന്നു…
വിവസ്ത്രയാക്കിയ ദ്രൗപതി വീണ്ടും
തെരുവിൽ കരയുന്നു…
ആസുര ചിന്തയിൽ ദുശ്ശാസനൻമാർ
താണ്ഡവമാടുന്നു…
കാമ താണ്ഡവമാടുന്നു…
കടിച്ചു കീറിയ പെണ്ണുടൽ കഴുകൻ
കൊത്തിവലിക്കുന്നു…
മൗനം ഭൂഷണമാക്കി സുയോധനൻ
തേര് തെളിക്കുന്നു…
ഭരണത്തേര് തെളിക്കുന്നു…
അഖണ്ഡ ഭാരത സങ്കൽപ്പത്തിൻ
മാറ് പിളർക്കുന്നു…
ചുടുനിണമൂറ്റി തിലകമണിഞ്ഞ്
ഭേരി മുഴക്കുന്നു…
കൗരവർ,
വിജയഭേരി മുഴക്കുന്നു…