ജീവനകലെ നിലാവായ്
പെയ്തുപൊഴിയുമ്പോൾ,
ഞാനകലെയിവിടെയായൊരു
പകലായുരുകിയൊലിക്കയല്ലേ..
അവിടെയാണെന്റെ സ്വപ്നങ്ങൾ
പൂത്തുലഞ്ഞ പൂങ്കാവനമെങ്കിലും …
ഇങ്ങിവിടെയെന്നുടെയിടനെഞ്ചിലെ
നനവൂറുംമണ്ണിലല്ലോ വേരുപടർന്നിറങ്ങുന്നതും!
അവിടെയാണെന്റെയാർദ്രഹൃദയം
അലിഞ്ഞിടിപ്പതെങ്കിലും ,
ഇവിടെയാണെന്റെ സിരകളിൽ
നിൻചുടുചോരതുടിക്കും ചൂടറിയുന്നതും!
അകലെയേതോ അനന്തതയിലാണ്
നിന്നിണക്കണ്ണുകൾ വിതുമ്പുന്നതെങ്കിലും ,
ഇങ്ങിവിടെയാണ് ഇടതടവില്ലാതെയീ –
കവളിണയിലൂടെയാണ്,
വിരഹപെയ്ത്തിലായ കണ്ണുനീർ
തുളുമ്പിയൊഴുകുന്നതും സഖി !
അവിടെയാണ് മോഹത്തിന്റെ
വെള്ളരിപ്രാവിടവിട്ടു കുറുകുന്നതെങ്കിലും
ഇങ്ങിവിടെയാണ്,
ഈ കൂട്ടിലാണ് നിൻ പ്രണയത്തിന്റെ
കൂടൊരുങ്ങുന്നതും !
അവിടെയാണവിടെയാണാ
മലഞ്ചരുവിലാണ് നീയെനിക്കു
നിൻ മേനിയഴകൊരുമഞ്ഞുപുതച്ച ,
പുൽത്തൊട്ടിലാക്കിയതെങ്കിലും …
ഇവിടെയാണിവിടെയാണീ മരുവിന്റെ
ഉലയിലെ ഉരുക്കത്തിലാണ്
ഞാൻനിന്റെ പ്രാണനെ
ഉമ്മകൊണ്ടുണർത്തിയുറക്കി,
എന്നിലേക്കമർത്തിയൊതുക്കുന്നതും !