വെഞ്ചാമരം വീശും കാടിന്‍റെ നെഞ്ചിലായ്
പുഞ്ചിരിക്കൊഞ്ചലായ് വന്നു നീ കാട്ടുപൂവ്.
തേനില്ലാമണമില്ലാപൂവായി നില്ക്കും
പാതിവിടര്‍ന്നൊരു കാട്ടുപൂവാണു നീ.
ചാരുതയേറുന്ന തിരുനെല്ലികാടിന്‍,
നെറുകയില്‍ തംബുരു മീട്ടുന്ന കാറ്റില്‍
നാണം കുണുങ്ങിയും, മെല്ലെപതുങ്ങിയും.
ആശയാല്‍ മാടി വിളിച്ചു പതംഗത്തെ..
കാടിന്‍റെ ഭാഷയില്‍ ലാളിച്ചു നിര്‍ത്തിയ
തളരിലത്താലത്താല്‍ തലയാട്ടി നീ.
ഇച്ചെറുപൂവിന്‍റെ കൊച്ചിളം മേനിയില്‍,
ഔഷധക്കലവറ കണ്ടതില്ലാരും..
മൂളിപ്പറക്കുന്ന വണ്ടിനും പുച്ഛമായ്
മണ്ണിലിഴയുന്ന പുഴുവിനും പുച്ഛം.
ഏറെ കറുത്തൊരു നീലയഴകിനു
ഏഴഴകുണ്ടെന്നറിയാതെ പോയവര്‍.
കാട്ടുപൂവിന്‍ നെഞ്ചിലെ താളലയത്തില്‍
കാനനവളളികള്‍ ഊയലാടി നിത്യം.
എന്നിട്ടും നിന്നു ലോകത്തിന്‍ ഉള്‍ക്കളത്തില്‍
വര്‍ണ്ണമില്ലാത്തവനായ് നീ,അപ്രസക്തന്‍.
പൂജക്കെടുക്കില്ല, കാമുകനും വേണ്ട.
നോവും കടലിലെ ഓളങ്ങള്‍ പോലെ നീ.
സ്നേഹാമൃതത്തിനായ് നിത്യം പിടഞ്ഞീടും
ചേരിനിവാസി തന്‍ ഹൃദയമാണീ പൂവ്.
****************************************
വരദേശ്വരി. കെ.