ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : അഫ്സൽ ബഷീർ തൃക്കോമല✍

2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1984 മുതൽ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായിആഘോഷിക്കുന്നുണ്ട്. ആധുനിക കാലത്തെ ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും മത തത്വങ്ങൾക്കെതിരല്ലെന്നും ഭാരത സംസ്കാരത്തെ പൂർണ്ണമായും ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിക്കുക കൂടി ചെയ്തു ലോകത്തു ഇന്ത്യയുടെ യശസ്സുയർത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി12 .
ആഗോള തലത്തിൽ യുവജന ദിനത്തിൽ “അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം”എന്നതായിരുന്നു 2020 ലെ മുഖ്യ പ്രമേയം എങ്കിൽ ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തനം: മനുഷ്യന്റെയും ഭൂമിയുടേയും ആരോഗ്യത്തിന് യുവജനങ്ങളുടെ കണ്ടുപിടിത്തം’ എന്നതായിരുന്നു 2021-ലെ ദിനാചരണ സന്ദേശം.എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള ഒരു ലോകം സൃഷ്ടിക്കുക എന്നായിരുന്നു 2022-ലെ സന്ദേശം.
മഹാവ്യാധിയുടെ നാളുകളിൽ ഈ ദിനങ്ങളോ അതിന്റെ സന്ദേശമോ വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല .സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പൊതു മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വർധിപ്പിക്കാമെന്ന് ഈ ദിനം പരിശോധിക്കുന്നു.രാജ്യത്തിന്റെ സുസ്ഥിര വികസനത്തില്‍ യുവാക്കളുടെ പങ്ക് ഉറപ്പാക്കുന്നതോടൊപ്പം തന്നെ, അവരുടെ സാമൂഹിക പ്രതിബദ്ധതക്കനുസരിച്ചു വിദ്യാഭ്യാസവും ജോലിയും നല്‍കുക എന്നുള്ളതാണ് അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രധാന ലക്ഷ്യം.

                    അന്താരാഷ്ട്ര തലത്തിൽ പതിനഞ്ചു വയസു മുതൽ ഇരുപത്തിയഞ്ചു വയസുവരെയുള്ളവരെയാണ് യൂവജനങ്ങൾ എന്ന് പറയുന്നത് ആഗോള ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന യുവ ജനങ്ങളിൽ ഭൂരി ഭാഗവും തൊഴിൽ രഹിതരാണ് .മാത്രമല്ല  

അസ്ഥിരമായ തൊഴിൽ
മേഖലകളിൽ ജോലി ചെയ്യുന്നവരും ,വിദ്യാഭ്യാസത്തെ വേണ്ട വിധം വിനിയോഗിക്കാത്തവരുമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് .അലസരായി മാറുന്ന യുവ ജനത അർഹതയില്ലാത്തതു നേടിയെടുക്കാൻ
വളഞ്ഞ വഴികൾ തേടുന്നതും സ്വത്തും
പാരമ്പര്യവും കൈപ്പിടിയിലൊതുക്കാൻ നികൃഷ്ടമായ
രീതികൾ അവലംബിക്കുന്നതും അസുഖകരമായ കാഴ്ച തന്നെ .
കൂണ് പോലെ മുളച്ചു നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പണം വാങ്ങി വിവിധ ബിരുദങ്ങൾ പഠിപ്പിക്കുകയും കുറഞ്ഞ മാർക്കിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് യുവജനങ്ങളുടെ ഭാവി തുലാസിലാക്കിയെന്നു പറയാതെ വയ്യ .
അറുനൂറു ദശ ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ആവശ്യമായുള്ളത് .ശുഭ്രവർണ്ണ ജോലികളുടെ പുറകെ നടന്നു കാലം കഴിച്ചുകൂട്ടാൻ വിധിക്കപെട്ടവരായി ഓരോ തലമുറയെയും മാറ്റുന്നതിൽ ഭരണ കൂടത്തിന്റെ പങ്കും ചെറുതല്ല .ഒപ്പം അരാഷ്ട്രീയ വാദികളുടെ ജല്പനങ്ങളിൽ യുവ തലമുറ വളരെ പെട്ടന്ന് ആകൃഷ്ടരാകുകയും ഒരു കാലത്തും നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ വക്താക്കളാക്കി അവരെ മാറ്റാൻ ശ്രമിക്കുന്നതും വർത്തമാന കാല ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നു .
ലോകത്തിലെ ഏറ്റവും കൂടുതൽ മാനവ വിഭവ ശേഷിയുള്ള ഇന്ത്യ രാജ്യത്തു രാഷ്ട്രീയവും മത സാമൂദായിക വിഷയങ്ങളിലും വൈര്യനിര്യാതന ബുദ്ധിയോടെ എതിർ പക്ഷത്തുള്ളവരെ തെരുവിൽ നേരിടുന്നതും ഉന്മൂലനം ചെയ്യുന്നതും നേതൃത്വങ്ങൾ അതിനു പ്രേരിപ്പിക്കുന്നതും ആർഷ ഭാരത സംസ്കാരത്തിന് എതിരാണ്, മാത്രമോ അന്താരാഷ്ട്ര തലത്തിൽ നാടിന്റെ യശസ്സില്ലാതാക്കുന്നതാണ് .

   വികസ്വര രാജ്യമായ ഇന്ത്യ  ജനസംഖ്യാപരമായി ലോകത്തിലെ ഒന്നാമത്തെ രാജ്യമായി മാറി  കഴിഞ്ഞിരിക്കുന്നു .യുവാക്കളുടെ രാജ്യമെന്ന വിശേഷണവും ഇന്ത്യയ്ക്ക്  തന്നെ .ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത മുപ്പതു വർഷമെങ്കിലും ഇന്ത്യയിൽ ഏകദേശം 60 കോടി ജനങ്ങൾ  25 നും 30 നും ഇടയില്‍ പ്രായമുള്ളവരായി തുടരും.  ഇന്ത്യയിലെ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്‌നങ്ങളെ തരണം ചെയ്‌താൽ യുവത്വത്തിന്റെ ശക്തിയാല്‍ സമ്പത് വ്യവസ്ഥയിലുൾപ്പടെ ഇന്ത്യ 

ഒന്നാമതെത്തും .
കേരളത്തിലെ യുവജനങ്ങൾ മഹാവ്യാധിയോടും ദുരന്തമുഖങ്ങളിലും അനിർവചനീയമായ മഹാ സാന്നിധ്യമായി മാറുമ്പോളും സ്വന്തമായി ജോലി കണ്ടു പിടിക്കുന്നതിലും മാന്യമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിലും പുറകോട്ടു പോകുന്നതിലെ വൈരുധ്യവും തിരിച്ചറിയേണ്ടതുണ്ട്‌ .യുവാക്കളുടെ ഇടയിൽ പരന്ന വായന നഷ്ടപ്പെട്ടതും സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ഇടപെടലുകളും ഇന്റർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വർധിത വീര്യമുള്ള മറ്റു ലഹരി പാതാർത്ഥങ്ങളുടെ ഉപയോഗവും ഇക്കൂട്ടരെ സാമൂഹിക വ്യവസ്ഥകളിൽ നിന്ന് പുറകോട്ടടിച്ചിട്ടുണ്ട് .
ഈ അന്താരാഷ്‌ട്ര യുവജന ദിനത്തിൽ മഹാവ്യാധിയുടെ ബാക്കി പത്രങ്ങൾ പൂർണ്ണമായോ ഭാഗികമായോ ഓരോ വ്യക്തിക്കും നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുന്നു .കക്ഷി രാഷ്ട്രീയത്തിലും മത സാമൂദായിക മേഖലകളിലും വയോ വൃദ്ധരായ ആളുകൾ അധികാര സ്ഥാനങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കാതെ അർഹരായ യുവജനങ്ങൾക്ക്‌ വേണ്ടി വഴിമാറി കൊടുക്കാൻ തയ്യാറാകണം .തെറ്റുകൾ തിരുത്തി കൂടുതൽ ഊർജ്ജസ്വലതയോടെ യുവ ജനത ചിന്തിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രാദേശിക താളം മുതൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു തലമുറയായി വളർന്നു വരികയും ചെയ്‌താൽ അത്ഭുതങ്ങൾ സംഭവിക്കാം .

ഏവർക്കും അന്താരാഷ്ട്ര യുവജന ദിനാശംസകൾ ……….

അഫ്സൽ ബഷീർ തൃക്കോമല

By ivayana