രചന : സതീഷ് വെളുന്തറ ✍

അറിയാതെയെന്നോ മനസ്സിന്റെ ചില്ലയിൽ
കൂടുകെട്ടിപ്പാർത്ത പൈങ്കിളിയിന്നലെ
ഇടറും മറുമൊഴിയൊരു തേങ്ങലായ്ച്ചൊല്ലി
എന്നെ വിട്ടെങ്ങോ പറന്നകന്നു ദൂരെ
തൂലികത്തുമ്പത്തവളെൻ മഷിത്തുള്ളി
പുസ്തകത്താളിലെ വർണ്ണാക്ഷരങ്ങളും
എഴുതിയ കഥകളിലേറെ പ്രിയങ്കരം
കവിത ചൊല്ലാനവൾ വാഗീശ്വരി
ചുവരിലെ വർണ്ണം വിതറുന്ന ചിത്രവും
ചിത്രത്തിൽ കാതരമാകും മിഴികളും
ശ്രുതിയിലിഴചേരുമിലത്താളവും
സ്വരഭേദങ്ങൾ നിറയുന്ന രാഗങ്ങളും
പകലിന്റെ തുടി താളമായിരുന്നു
നിശയിൽ നിലാമഴക്കുളിരായി വന്നു നീ
വേനലിൽ പെയ്യും ഹിമകണമാം
കലിതുള്ളിപ്പെയ്ത്തിലോ വേർപ്പുനീരും
അറിയുന്നു ഞാൻ നിന്നിടനെഞ്ചിൻ നൊമ്പരം
ആവില്ല പങ്കിടാനേറെയൊന്നും
മനസ്സിന്റെ മംഗളം തോഴീ നിനക്കെന്നും
തരളമാം നിനവേറെ തന്നതല്ലേ
പറയാതെ പോയൊരു പ്രണയമൊളിപ്പിച്ച
നിവരാത്ത ഗ്രന്ഥമായ്ക്കാത്തു വയ്ക്കാമെന്നും
എന്റെ ചില്ലലമാരതന്നറയിലെന്നെന്നും
പുലരികൾതോറും കണി കണ്ടുണർന്നിടാൻ.
✍️

സതീഷ് വെളുന്തറ.

By ivayana